Thursday, April 28, 2011

നിര്‍മാണക്കമ്പനികളുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന; വീണ്ടും നാണംകെട്ടു

ജനീവ/തിരു: ജൈവവ്യവസ്ഥയെ തകര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ സംബന്ധിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്നു സൂചന. കണ്‍വന്‍ഷന്റെ മൂന്നാംദിനം എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങള്‍ ചര്‍ച്ച തുടങ്ങി. ഇതിനിടെ, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനികളുമായി ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ സമ്മേളനവേദിക്കരികില്‍ നടത്തിയ നിരന്തരചര്‍ച്ചകളും ഗൂഢാലോചനയും രാജ്യത്തിനു നാണക്കേടായി. ജനീവയില്‍ ബുധനാഴ്ച ഇന്ത്യന്‍സമയം പകല്‍ ഒന്നിനാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ നടപ്പാക്കേണ്ട ബദല്‍ നടപടികളെക്കുറിച്ച് മേഖല തിരിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. ഏഷ്യ-പസഫിക് മേഖലയില്‍ ഖത്തര്‍ പ്രതിനിധിയായിരുന്നു സംഘത്തലവന്‍. നിരോധം ഒഴിവാക്കാന്‍ ഇന്ത്യ നടത്തിയ നീക്കവും സമ്മര്‍ദങ്ങളും
ചര്‍ച്ചയില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഈ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തലവന്‍ പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബ, കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, പരിസ്ഥിതി അഡീഷണല്‍ സെക്രട്ടറി ഗൗരികുമാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന എക്സല്‍ കമ്പനിയുടെ ചെയര്‍മാന്‍ എസ് ഗണേഷ്, ഡയറക്ടര്‍ ഹരിഹരന്‍, പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഐഎല്‍ ചെയര്‍മാന്‍ ടി ബാലു എന്നിവരും പലവട്ടം എഴുന്നേറ്റുപോയി. ബദല്‍മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളും നിരീക്ഷണങ്ങളും മേഖലായോഗങ്ങളില്‍ നടന്നു. നിരോധം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ ആദ്യഘട്ടത്തില്‍ ഏതാനും ചില വിളകളില്‍ ഇതുപയോഗിക്കാന്‍ കണ്‍വന്‍ഷന്‍ അനുവദിക്കും. അത് ഏതെല്ലാം വിളകളുടെ കാര്യത്തില്‍ വേണമെന്ന് ചര്‍ച്ചയില്‍ അംഗരാജ്യങ്ങള്‍ക്ക് വ്യക്തമാക്കാം. എന്നാല്‍, തല്‍ക്കാലം ഒരുവിളയെയും ഒഴിവാക്കാനാകില്ലെന്നും എന്‍ഡോസള്‍ഫാന്‍ നിരോധം രാജ്യത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കും എന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം. മേഖലാ യോഗത്തില്‍ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ന്നുനടക്കുന്ന പ്ലീനറി സെഷനില്‍, മേഖലായോഗത്തിന്റെ നടപടിക്രമങ്ങള്‍ ശരിയായിരുന്നില്ലെന്നും തങ്ങളുടെ മേല്‍ നിര്‍ദേശം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു. ഇന്ത്യയില്‍നിന്നുള്ള സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശക്തമായി ആവശ്യപ്പെടുമ്പോള്‍ ഔദ്യോഗിക സംഘം നിരോധത്തിനെതിരെ സമ്മര്‍ദംചെലുത്തുന്നതും മറ്റു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായതായി തിരുവനന്തപുരത്തെ തണല്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്രപ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു. അതിനിടെ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കണ്‍വന്‍ഷനില്‍ ചര്‍ച്ചയായി. ഈ മാരകവിഷത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിനിധിരാജ്യങ്ങളെ ഞെട്ടിച്ചു. ഡോ. മുഹമ്മദ് അഷീലാണ് ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയത്. എന്‍ഡോസള്‍ഫാനുപകരം ഉപയോഗിക്കാന്‍ കഴിയുന്ന രാസ-ജൈവ കീടനാശിനികള്‍ ഏതെല്ലാമാണെന്നും അവയുടെ ഉല്‍പ്പാദനത്തിനുവേണ്ട സാങ്കേതിക- സാമ്പത്തിക സഹായങ്ങള്‍ എപ്രകാരം ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വ്യാഴാഴ്ച ചര്‍ച്ച നടക്കും. കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച സമാപിക്കും.

No comments:

Post a Comment