തിരു: മാരകവിഷം തളിച്ച് ലാഭം കൊയ്യുന്ന കീടനാശിനിലോബികളുടെ സംരക്ഷകരെ വെള്ളപൂശാന്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയവിരോധമെന്ന ആക്ഷേപമുയര്‍ത്തുമ്പോഴും കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഹൃദയത്തുടിപ്പ് നിലച്ചുകൊണ്ടിരിക്കുന്നു. ജനിതക വൈകല്യം കൊണ്ട് അനങ്ങാനാകാതെയും മിണ്ടാന്‍ കഴിയാതെയും നിരങ്ങി നീങ്ങിയും മനുഷ്യര്‍ ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ കീടനാശിനികമ്പനികള്‍ക്കും അവര്‍ക്ക് സൗകര്യമൊരുക്കുന്ന ഭരണാധികാരികള്‍ക്കും എതിരെ സംസ്ഥാനത്താകെ രോഷം അലയടിക്കുന്നു. ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച സംസ്ഥാനം ഹര്‍ത്താലാചരിക്കും. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ഏറ്റെടുക്കുന്ന സൂചനകളാണെങ്ങും. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനുള്ള സമരമാണ് കേരളത്തില്‍ ഉയരുന്നത്. ജനീവയില്‍ സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ആരംഭിച്ച തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം കേന്ദ്രസര്‍ക്കാരിനുള്ള മുന്നറിയിപ്പായിരുന്നു. ഈ ജനവികാരവും അവഗണിക്കുകയാണ് കേന്ദ്രംചെയ്തത്. നിരന്തരം തുടരുന്ന പഠനം കഴിഞ്ഞ് നടപടി എന്ന പതിവു മറുപടിയും കേന്ദ്രവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുന്നു. ബഹുരാഷ്ട്രകുത്തകകളുടെ സാമ്പത്തിക താല്‍പ്പര്യത്തിനു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനെതിരായ രോഷപ്രകടനമാകും വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍. ഹര്‍ത്താലില്‍ എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ തെറ്റുതിരുത്തുന്നതിനു പകരം നിഷേധാത്മകനിലപാട് തുടരുകയാണ്. മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന മാരകവിഷത്തിനെതിരെ ജനകീയമനഃസാക്ഷി ഒന്നാകെ ഉണരണം- അദ്ദേഹം അഭ്യര്‍ഥിച്ചു.

No comments:
Post a Comment