സിപിഐ എമ്മിനകത്ത് വിഭാഗീയത ഉണ്ടെന്നു വരുത്താനുള്ള വാര്‍ത്തകള്‍ വീണ്ടും ആസൂത്രിതമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. "സിപിഐ എമ്മില്‍ വീണ്ടും വിഭാഗീയതയുടെ കേളികൊട്ട്" എന്ന തലവാചകത്തില്‍ "മാധ്യമം" ദിനപത്രം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച "വിശകലനം" മുമ്പത്തെ മാധ്യമസിന്‍ഡിക്കറ്റിലുള്ളവരുടെ സ്വപ്നത്തിന്റെ ഭാഗമായുള്ളതാണ്. മാധ്യമസിന്‍ഡിക്കറ്റ് സജീവമായ ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് പുറത്തുള്ള ചില ശക്തികള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴത്തെ "വിശകലന"വും മാധ്യമം ലേഖകന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞതുമാത്രമല്ല എന്ന് ഒറ്റ വായനയില്‍ മനസിലാകും. സിപിഐ എമ്മില്‍ വിഭാഗീയത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ക്കു വേണ്ടത് പാര്‍ടിയുടെ തകര്‍ച്ചയാണ്.
കേരളത്തിലെ പാര്‍ടിക്ക് ഇക്കാര്യത്തില്‍ കടുത്ത അനുഭവങ്ങളാണുള്ളത്. പാര്‍ടിയാകെ ഒന്നുചേര്‍ന്നു ശ്രമിച്ചതിന്റെ ഫലമായി വിഭാഗീയത നല്ലതോതില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ചേരാത്ത വിഭാഗീയതയുടെ ദൂഷ്യഫലം അനുഭവിച്ചതിലൂടെ തന്നെയാണ് വിഭാഗീയത അവസാനിപ്പിക്കാനുള്ള കൂട്ടായ ശ്രമമുണ്ടായത്. പാര്‍ടി ഐക്യത്തിന് ഊന്നല്‍കൊടുത്ത് ജാഗ്രത്തായാണ് പാര്‍ടിഘടകങ്ങളും സഖാക്കളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഇതില്‍നിന്നു വ്യത്യസ്തമായി ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ എവിടെയെങ്കിലും ഉണ്ടായാല്‍ അത് വിഭാഗീയതയുടെ തിരിച്ചുവരവായി കരുതുന്നവരും വ്യാഖ്യാനിക്കുന്നവരും നിരാശപ്പെടുകയേ നിര്‍വാഹമുള്ളൂ. മാധ്യമം ലേഖകന്‍ എഴുതുന്നു: "സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മന്ത്രിസഭയുടെ അവസാനഘട്ടംവരെയും തുടര്‍ന്ന് ഒരിടവേളയ്ക്കുശേഷം സ്ഥാനാര്‍ഥി നിര്‍ണയകാലത്തും മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക പക്ഷമാണ് പോരാട്ടം നടത്തിയിരുന്നത്." ഈ അഭിപ്രായപ്രകടനത്തില്‍ പാര്‍ടിയെ കടന്നാക്രമിക്കാനുള്ള ഹീനമായ മനസ്സാണ് വായിച്ചെടുക്കാനാവുക. പാര്‍ടിക്കകത്ത് രണ്ടുപക്ഷമുണ്ടെന്നു വരുത്താനും പറഞ്ഞുറപ്പിക്കാനുമുള്ള മാര്‍ക്സിസ്റ്റ് വിരുദ്ധ ക്യാമ്പിന്റെ പഴകിപ്പതിഞ്ഞ വായ്ത്താരിതന്നെ ഇതും. ഇത്തരം പ്രചാരകര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന ഒരു തന്ത്രം തങ്ങള്‍ക്കിഷ്ടമില്ലാത്ത തീരുമാനം പാര്‍ടി എടുത്താല്‍ അത് "ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനമായി" ചിത്രീകരിക്കലാണ്. പാര്‍ടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നത് കൂട്ടായി ആലോചിച്ചാണ്. സംസ്ഥാനകമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയറ്റും ചര്‍ച്ച ചെയ്തെടുത്ത എത്രയോ തീരുമാനങ്ങള്‍ ഈ രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പാര്‍ടി നേതൃനിരയിലുള്ള സഖാവാണ്. ആ സഖാവുകൂടി പങ്കെടുത്താണ് കേരളത്തിലെ പാര്‍ടി നേതൃയോഗങ്ങള്‍ നടക്കുന്നതെന്നും എല്ലാ തീരുമാനങ്ങളിലും സഖാവിനുകൂടി പങ്കുണ്ടെന്നും അറിയാത്തതുകൊണ്ടല്ല മാധ്യമം ലേഖകന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ, കാലാകാലമായി തൊടുത്തുവിടുന്ന നുണ ആവര്‍ത്തിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേരളം പൊതുവില്‍ സമ്മതിക്കുന്നു. ഈ കാര്യത്തില്‍ മുന്നണി ഘടകകക്ഷിയെന്ന നിലയ്ക്ക് സിപിഐ എം അതിന്റെ പങ്കുവഹിച്ചിട്ടുണ്ട്. ആ യാഥാര്‍ഥ്യം തമസ്കരിക്കാന്‍ മാധ്യമം ലേഖകനെപ്പോലുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വ്യഗ്രതയുണ്ടാകുന്നത് സ്വാഭാവികം. അത്തരം വ്യഗ്രത ജനങ്ങള്‍ക്കിടയില്‍ തിരിച്ചറിയപ്പെടാതെ പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. "തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ പോരാട്ട സാധ്യതപോലും വി എസിനെ ആശ്രയിച്ചെന്ന സ്ഥിതിയെത്തിയതോടെ ശാന്തതയുടെ കാലം കൃത്രിമമായെങ്കിലും സൃഷ്ടിക്കപ്പെടുകയായിരുന്നു" എന്നാണ് മറ്റൊരു "കണ്ടെത്തല്‍". കേരളത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കുമുന്നില്‍ കേവലമായ വങ്കത്തത്തിനപ്പുറം ഒന്നുമല്ല ഇത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പ്രസ്തുത നേട്ടങ്ങള്‍ നിലനിര്‍ത്താനും അവയ്ക്ക് തുടര്‍ച്ചയുണ്ടാകാനും എല്‍ഡിഎഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തുണ്ടാകണമെന്നാണ് ഞങ്ങള്‍ ജനങ്ങളോടു പറഞ്ഞത്.
പാര്‍ടിയായാലും മുന്നണിയായാലും ഏതെങ്കിലും ഒരു പ്രത്യേക നേതാവിനെമാത്രം ആശ്രയിച്ചു നിലനില്‍ക്കുന്നതല്ല എന്ന് ആവര്‍ത്തിച്ച് പറയേണ്ടതില്ല. അതേ സമയം വ്യക്തികളായ നേതാക്കള്‍ക്ക് അവരുടേതായ പങ്കുണ്ട് എന്നതും അനിഷേധ്യമാണ്. വിഎസ് അഞ്ചുവര്‍ഷമായി മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നു. അതിനുമുമ്പ് രണ്ടുവട്ടം പ്രതിപക്ഷ നേതാവായിരുന്നു; എല്‍ഡിഎഫ് കണ്‍വീനറായിരുന്നു; സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു. ദശാബ്ദങ്ങളായി കേരളത്തിലെ സിപിഐ എമ്മിന്റെ ഉന്നത നേതാവായി പ്രവര്‍ത്തിക്കുകയാണദ്ദേഹം. സ്വാഭാവികമായും അദ്ദേഹത്തിന് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് കൈവരുന്ന പ്രാധാന്യമുണ്ട്. അതിനെ ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിക്കാന്‍ എങ്ങനെ മാധ്യമം ലേഖകനു സാധിച്ചു? "ശാന്തത"യെക്കുറിച്ച് എന്തേ ഇത്ര വേവലാതി? പാര്‍ടിയാകെ ഒന്നിച്ചുനടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണത്. പാര്‍ടിയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ വിഷമം തോന്നും. പാര്‍ടിക്കകത്തുള്ളവര്‍ വ്യത്യസ്ത രീതിയില്‍ സംസാരിക്കണമെന്ന് പാര്‍ടി ശത്രുക്കള്‍ ആഗ്രഹിക്കും; തെരഞ്ഞെടുപ്പുഘട്ടത്തില്‍ എത്രതന്നെ ശ്രമിച്ചിട്ടും ആ ആഗ്രഹം സഫലമാവാത്തതിന്റെ നൈരാശ്യം മാധ്യമം ലേഖകന്റെ വാക്കുകളില്‍ വായിച്ചെടുക്കാം. കൈരളിയെക്കുറിച്ചും അതിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസിനെക്കുറിച്ചും മാധ്യമം ലേഖകന്‍ എഴുതുന്നുണ്ട്. "കൈരളി"ക്കു രൂപംകൊടുക്കുന്ന ഘട്ടത്തില്‍തന്നെ അത്തരമൊരു ചാനലിന്റെ ആവശ്യകത ബോധ്യപ്പെട്ട് ഞങ്ങള്‍ അതിനെ സഹായിച്ചിരുന്നു. ആരംഭം മുതല്‍ കൈരളിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ബ്രിട്ടാസ് എട്ടുവര്‍ഷത്തോളമായി മുഖ്യചുമതലക്കാരനായി പ്രവര്‍ത്തിക്കുന്നു. ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായി മാറാന്‍ ഈ അനുഭവത്തിലൂടെ ബ്രിട്ടാസിന് കഴിഞ്ഞു എന്ന് ആരും സമ്മതിക്കും. മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് കൂടുതല്‍ കഴിവുനേടാന്‍ ഒരു ദേശീയ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ബ്രിട്ടാസിനുണ്ടായി. അതിന്റെ ഭാഗമായി കൈരളിയുടെ ചുമതലയില്‍നിന്ന് ഒഴിഞ്ഞു. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് കൈരളി ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചു. പ്രതിസന്ധിയിലും ധനനഷ്ടത്തിലും പ്രവര്‍ത്തിച്ച കൈരളിയെ ബ്രിട്ടാസിന് ചുമതലയുണ്ടായ ഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും പ്രതിസന്ധി പരിഹരിച്ചതും ലാഭത്തിലാക്കിയതും ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് നല്‍കുന്നതിലേക്കെത്തിച്ചതും രണ്ടു ചാനലുകള്‍കൂടി ആരംഭിച്ചതും എല്ലാം ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ആ യോഗത്തില്‍ സംസാരിച്ചത്. ഈ നേട്ടങ്ങളെല്ലാം കൈരളിയില്‍ ബ്രിട്ടാസ് നേതൃത്വംകൊടുത്തു വളര്‍ത്തിയെടുത്ത കൂട്ടായ്മയുടെ ഭാഗമാണ് എന്നും വിശദീകരിച്ചു. മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാനാണ് ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. റൂപ്പര്‍ട്ട് മര്‍ഡോക്ക് പ്രതിനിധാനംചെയ്യുന്ന ആഗോള മാധ്യമക്കുത്തകയോട് സിപിഐ എമ്മിനുള്ള കഠിനമായ എതിര്‍പ്പ് ഞങ്ങള്‍ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൈരളി വിട്ട് ഒരു ബഹുരാഷ്ട്ര കുത്തകയുടെ മാധ്യമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പ്രശ്നമാണ്. ഒരാള്‍ അങ്ങനെയൊരു തീരുമാനമെടുത്തു എന്നതുകൊണ്ടുമാത്രം അതുവരെ അദ്ദേഹം നല്‍കിയ സേവനങ്ങളെ വിസ്മരിക്കുക എന്ന സമീപനവും ഞങ്ങളില്‍ നിന്നില്ല. അതേസമയം, കോര്‍പറേറ്റ് മാധ്യമങ്ങളുടെ കടന്നുകയറ്റം; ജനമനസ്സുകളെ കീഴടക്കാനുള്ള അവയുടെ രാഷ്ട്രീയ അജന്‍ഡ എന്നിവയ്ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യം ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. ഇതേവരെ കൈരളിയോടൊപ്പം നിന്നുകൊണ്ട് ബ്രിട്ടാസ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ബഹുരാഷ്ട്ര കുത്തക സ്ഥാപനത്തിന്റെ താല്‍പ്പര്യവും തമ്മില്‍ വൈരുധ്യം സ്വാഭാവികമാണ്. അതിനെക്കുറിച്ച് ഇപ്പോഴേ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. ഒരുകാര്യംകൂടി സൂചിപ്പിക്കേണ്ടതുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന സുകുമാരന്‍നായര്‍ വിഎസിനെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ചാണത്.
കേരളീയ സംസ്കാരത്തിന് ചേര്‍ന്നതായില്ല അദ്ദേഹത്തിന്റെ വാക്കുകള്‍ . ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തനിക്ക് അഭിപ്രായവ്യത്യാസമുള്ളവരെ പരസ്യമായും നിന്ദ്യമായ ഭാഷയിലും അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമായ കൃത്യമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ സമൂഹത്തിനുമുന്നില്‍ ചെറുതാകുകയാണെന്ന് അവര്‍ ഓര്‍ക്കണം. വി എസിനെ ഇവ്വിധം അധിക്ഷേപിച്ചു സംസാരിച്ചതിലൂടെ അതിനുമുമ്പുണ്ടായിരുന്ന സുകുമാരന്‍നായര്‍ സ്വയം ചെറുതായി. ആക്ഷേപവാക്കുകള്‍ അദ്ദേഹം പിന്‍വലിക്കുകയാണു വേണ്ടത്. സിപിഐ എമ്മിനെതിരായ സിന്‍ഡിക്കറ്റ് ആക്രമണങ്ങള്‍ മാധ്യമത്തിലെ ഒരു "വിശകലനം" കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നില്ല. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കരുത്ത് പാര്‍ടിക്കുണ്ട്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന നുണകള്‍ പാര്‍ടിക്കുമേല്‍ ചാര്‍ത്തി, വിഭാഗീയതയുടെ വിഷനാമ്പുകള്‍ നട്ട് മുളപ്പിക്കാനാകുമോ എന്ന് ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരായ നിതാന്ത ജാഗ്രതയും അവരുടെ കുത്തിത്തിരിപ്പുകള്‍ തിരിച്ചറിഞ്ഞ് തട്ടിക്കളയാനുള്ള വിവേകവും ആര്‍ജവവുമുള്ളവരാണ് കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും. അതുകൊണ്ടുതന്നെ പാര്‍ടിയുടെ ഐക്യത്തെ തകര്‍ക്കാനുള്ള മരുന്ന് ഇതിലില്ല. അതേസമയം, ഇത്തരം നിര്‍മിത കഥകളിലൂടെ ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെടില്ല എന്നുറപ്പാക്കാനുള്ള സൂക്ഷ്മമായ ജാഗ്രത പാര്‍ടി സഖാക്കളില്‍ സദാ ഉണ്ടാകേണ്ടതുണ്ട്.

No comments:
Post a Comment