പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയതിന്റെ അമിതാഹ്ലാദം വ്യാപകമായ ആക്രമണങ്ങളഴിച്ചുവിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. സിപിഐ എമ്മിന്റെ രണ്ടു നേതാക്കളെ വധിക്കുകയും സംസ്ഥാനത്തെങ്ങും അക്രമമഴിച്ചുവിടുകയുംചെയ്ത അനുഭവം ബംഗാളില്‍ വരുംനാളുകളില്‍ ഉണ്ടാകാവുന്ന അരാജകാവസ്ഥയുടെ സൂചനയാണ്. പശ്ചിമമേദിനിപൂരില്‍ സിപിഐ എം നേതാവ് ജിതേന്‍ നന്ദി, ബങ്കുറയില്‍ ലോക്കല്‍കമ്മിറ്റി അംഗം അജിത് ലോഹ എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയില്‍ പാര്‍ടി അനുഭാവിയായ വനിതയെ കൊലപ്പെടുത്തി. ഇന്നലെവരെ മന്ത്രിയായിരുന്ന നിമായ് മല്‍ അടക്കം ആക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കു നേരെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും തുടര്‍ച്ചയായി ആക്രമണം നടക്കുന്നു. അക്രമ സംഭവങ്ങളുടെ സുദീര്‍ഘമായ പട്ടികയാണ് കഴിഞ്ഞ സിപിഐ എം പൊളിറ്റ് ബ്യൂറോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 70കളിലെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഓര്‍മിപ്പിക്കുംവിധമാണ് ഈ അഴിഞ്ഞാട്ടം.
1977ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്ന നാള്‍മുതല്‍ പശ്ചിമബംഗാളില്‍ അതിനെ തകര്‍ക്കാനുള്ള ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതിനുമുമ്പുതന്നെ സിദ്ധാര്‍ഥ ശങ്കര്‍റേയുടെ നേതൃത്വത്തിലുള്ള അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയാണ് ആ സംസ്ഥാനത്ത് നടമാടിയത്. അന്ന് സിപിഐ എം പ്രവര്‍ത്തകരെ അതിക്രൂരമായി വേട്ടയാടി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ ആട്ടിയോടിക്കപ്പെട്ടു. നാസി ക്രൂരതകളുടെ മറ്റൊരു പതിപ്പാണ് അരങ്ങേറിയത്. അതിന്റെ തുടര്‍ച്ചയായി അടിയന്തരാവസ്ഥ വന്നപ്പോള്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതേയുള്ളൂ. മറ്റൊരു പ്രസ്ഥാനത്തിനും സങ്കല്‍പ്പിക്കാനാകാത്ത വിധമുള്ള ആ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചാണ് "77ല്‍ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തത്. തുടര്‍ന്നിങ്ങോട്ട് 33 വര്‍ഷം രാജ്യത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഇടംപിടിച്ചുകൊണ്ട് ബംഗാള്‍ ഇടതുപക്ഷത്തോടൊപ്പം നിന്നു. ഓരോ തെരഞ്ഞെടുപ്പിലും വിശാലസഖ്യങ്ങളുണ്ടാക്കിയും കേന്ദ്രഭരണാധികാരത്തിന്റെ സൗകര്യങ്ങള്‍ ദുരുപയോഗിച്ചും വിഘടനവാദികളെയും രാജ്യദ്രോഹികളെയുംപോലും കൂട്ടുപിടിച്ചും അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ധിച്ചുവന്നതേയുള്ളൂ. അന്നൊന്നും സാധിക്കാത്തത് ഇപ്പോള്‍ സാധിച്ചിരിക്കുന്നു. ബംഗാളിലെ ഇടതുപക്ഷഭരണം തകര്‍ക്കാന്‍ തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസും മാവോയിസ്റ്റുകളും വിവിധ വര്‍ഗീയ സംഘടനകളും മാത്രമല്ല കൂട്ടുചേര്‍ന്നതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന പുരൂളിയ ആയുധവര്‍ഷം സംബന്ധിച്ച തെളിവുകളില്‍നിന്ന് വ്യക്തമാകുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നതിനായി പുരൂളിയ ജില്ലയില്‍ വിദേശവിമാനത്തില്‍ ആയുധശേഖരം എത്തിച്ചു എന്നതാണ് ആ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ കിംഡേവി നീല്‍ എന്ന ഡച്ചുകാരന്‍ വെളിപ്പെടുത്തിയത്. റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും എ കെ 47 തോക്കുകളും ആയിരക്കണക്കിനു വെടിയുണ്ടകളുമടങ്ങുന്ന ആയുധശേഖരം ബള്‍ഗേറിയയില്‍നിന്ന് കൊണ്ടുവന്ന് പുരൂളിയയില്‍ വര്‍ഷിക്കുകയായിരുന്നു. ആനന്ദമാര്‍ഗികളെന്ന ഭീകരസന്യാസി സംഘത്തിനുവേണ്ടിയാണ് ഈ ആയുധങ്ങളും വെടിക്കോപ്പുമെത്തിയത്. ഇന്ന് മാവോയിസ്റ്റുകള്‍ സ്വീകരിക്കുന്ന രീതി അന്ന് ആനന്ദമാര്‍ഗികളുടേതായിരുന്നു.
ജ്യോതിബസുവിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ അനേകം ആക്രമണങ്ങള്‍ അവര്‍ നടത്തിയിരുന്നു. ആനന്ദമാര്‍ഗികള്‍ക്ക് ബള്‍ഗേറിയയില്‍നിന്ന് ആയുധമെത്തിക്കാന്‍ രാജ്യത്തിന്റെ സുരക്ഷാസംവിധാനങ്ങളിലുള്‍പ്പെടെ വെള്ളംചേര്‍ത്തു. റഡാറുകള്‍ നിശ്ചലമാക്കി. സൈനിക സംവിധാനങ്ങള്‍ ദുരുപയോഗംചെയ്തു. രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നേരിട്ടുള്ള സഹായം അതിനു ലഭിച്ചു. കുറ്റവാളികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപി ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. കുറ്റകൃത്യത്തില്‍ നിരവധി വിദേശരാജ്യങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പങ്കാളിത്തവും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഒരുദാഹരണം. തത്വദീക്ഷയില്ലാത്ത സഖ്യവും അതിന് ആള്‍ദൈവരൂപത്തില്‍ ഒരു നേതാവും അവരെ പ്രകീര്‍ത്തിക്കാനും മഹത്വപ്പെടുത്താനും മാധ്യമപ്പടയും. നന്ദിഗ്രാം, സിംഗൂര്‍ പ്രശ്നങ്ങളുടെ പേരില്‍ ഇടതുമുന്നണിക്കെതിരെ അതിശക്തമായ അപവാദപ്രചാരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. "മാറ്റം" വന്നാല്‍ പുതിയ ലോകത്തിന്റെ വാതില്‍തുറക്കപ്പെടുമെന്ന മിഥ്യാധാരണ വംഗജനതയുടെ മനസ്സില്‍ കുത്തിവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട ഗൂഢാലോചനയുടെയും രാഷ്ട്രാതിര്‍ത്തികള്‍ ഭേദിക്കുന്ന ബന്ധങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും സഫലീകരണമാണ് വലതുപക്ഷശക്തികള്‍ക്ക് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. അതിന്റെ അഹങ്കാരവും അമിതാഹ്ലാദവും ആക്രമണങ്ങളിലൂടെ തീര്‍ക്കുകയാണവര്‍ . ഇത്തരം അടിച്ചമര്‍ത്തലുകളോട് ശക്തമായി പ്രതികരിക്കുകയും അവയെയെല്ലാം അതിജീവിക്കുകയും ചെയ്ത പാരമ്പര്യമാണ് വംഗജനതയുടേത്. വൈകാരികവും ഉപരിപ്ലവവും വിദ്വേഷജഡിലവുമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ച് താല്‍ക്കാലിക വിജയം നേടിയ മമത ബാനര്‍ജിയോട് ഏറെയൊന്നും വംഗജനതയ്ക്ക് പൊരുത്തപ്പെടാനാകില്ലതന്നെ. മമത എന്ന വ്യക്തിയോ അവര്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന "അത്ഭുതങ്ങളോ" അല്ല, പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുന്ന കമ്യൂണിസ്റ്റ്പാര്‍ടിയാണ്, ഇടതുപക്ഷ മുന്നണിയാണ് തങ്ങളുടെ ആശ്രയം എന്ന വീണ്ടുവിചാരത്തിലേക്ക് ആ ജനതയെ നയിക്കാന്‍ തൃണമൂല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ സാഹചര്യമൊരുങ്ങുന്നതിന്റെ സൂചനയാണ് വിറളിപിടിച്ച അക്രമങ്ങള്‍ . വിദ്വേഷത്തിന്റെ പ്രമാണങ്ങള്‍മാത്രം കൈമുതലായുള്ള മമതാരാഷ്ട്രീയം കൊണ്ടുവരുന്ന മാറ്റം അരാജകത്വത്തിന്റെയും അസ്ഥിരതയുടേതുമാകുമ്പോള്‍ ഇന്ന് മാറ്റത്തിനുവേണ്ടി കൊതിച്ച ആളുകള്‍ അത് തിരിച്ചറിയുകയും അതിശക്തമായി തിരിച്ചടിക്കുകയും ചെയ്യും. അത്തരമൊരു തിരിച്ചടി എത്രയും വേഗത്തിലാക്കാനുതകുന്നതാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ . അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ബംഗാളിലെ ഇടതുപക്ഷ പ്രവര്‍ത്തകരോട് ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളായ ജനങ്ങളാകെ ഐക്യപ്പെടേണ്ടതുണ്ട്.
No comments:
Post a Comment