Saturday, May 14, 2011

പോര് മുറുകി; കോണ്‍ഗ്രസ് യോഗം ഞായറാഴ്ച

തിരു: മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു; പിന്മാറില്ലെന്ന് ഉമ്മന്‍ചാണ്ടിയും. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്കുപുറമെ, മൊഹ്സിനാക്വിദായിയും ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ 38 നിയമസഭാംഗങ്ങള്‍ക്കിടയില്‍ രമേശിനാണോ ഉമ്മന്‍ചാണ്ടിക്കാണോ ഭൂരിപക്ഷമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിലയിരുത്തും. നേതാവിനെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിയമസഭാകക്ഷിയോഗം ചേരും. ഉമ്മന്‍ചാണ്ടിക്കാണ് സാധ്യത കൂടുതല്‍ . നേതാവിനെ തെരഞ്ഞെടുക്കാന്‍
പാര്‍ടി അധ്യക്ഷ സോണിയാഗാന്ധിയെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കി യോഗം പിരിയാനാണ് സാധ്യത. എന്നാല്‍ , യോഗത്തിനുമുമ്പ് നേതാവിനെ സോണിയാഗാന്ധി നിശ്ചയിച്ചാല്‍ ആ പേര് യോഗം അംഗീകരിക്കും. അങ്ങനെയാണെങ്കില്‍ ഞായറാഴ്ച തന്നെ നേതാക്കള്‍ ഗവര്‍ണറെ കാണും. ഞായറാഴ്ച വൈകിട്ട് ആറിന് കന്റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് കക്ഷിനേതാക്കള്‍ യോഗം ചേരും. മന്ത്രിസഭാരൂപീകരണമാണ് വിഷയം. സത്യപ്രതിജ്ഞ 18ന് നടത്താനാണ് ആലോചന. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, നല്‍കേണ്ട വകുപ്പ് എന്നീ കാര്യങ്ങളില്‍ തര്‍ക്കം രൂക്ഷമാണ്. ഓരോ കക്ഷിയിലെയും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. അതിനാല്‍ , 18ന് കക്ഷിനേതാക്കളുടെ സത്യപ്രതിജ്ഞ മാത്രം നടക്കാനാണ് സാധ്യത. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലോ സെന്‍ട്രല്‍ സ്റ്റേഡിയത്തിലോ സത്യപ്രതിജ്ഞാചടങ്ങ് നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ കണക്കുകൂട്ടിയത്. എന്നാല്‍ ,
കഷ്ടിച്ച ജയമായതിനാല്‍ സത്യപ്രതിജ്ഞ രാജ്ഭവനില്‍തന്നെ മതി എന്ന അഭിപ്രായമുണ്ട്. ഒത്തുതീര്‍പ്പിലൂടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ ചെന്നിത്തല ആഭ്യന്തരമന്ത്രിയായേക്കും. പക്ഷെ, നേരിയ ഭൂരിപക്ഷമുള്ള മുന്നണിയുടെ മുഖ്യമന്ത്രിക്ക് ആഭ്യന്തരമില്ലെങ്കില്‍ ഏറെ ദുര്‍ബലനാകുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. ധനകാര്യം ചെന്നിത്തലയ്ക്ക് കൊടുക്കാമെന്നു വച്ചാല്‍ കെ എം മാണി തടസ്സമാകും. ആന്റണി മന്ത്രിസഭയില്‍ 11 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് മന്ത്രിമാരായിരുന്നു. എന്നാല്‍ , ഒമ്പത് എംഎല്‍എമാരുള്ള മാണി ഇപ്പോള്‍ മൂന്ന് മന്ത്രിസ്ഥാനവും ധനകാര്യവും ചോദിക്കുന്നു. മകന്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കണമെന്ന ആവശ്യത്തിനു പുറമെയാണിത്. ഇക്കാര്യങ്ങളില്‍ മുട്ടുമടക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരെ നല്‍കുമ്പോള്‍ 20 എംഎല്‍എമാരുള്ള ലീഗ് അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെട്ടേക്കും. കുഞ്ഞാലിക്കുട്ടി ക്രിമിനല്‍ കേസുകളില്‍ കുരുങ്ങിയതിനാല്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകള്‍ ചോദിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലീഗിലുണ്ട്. പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാതെ തീര്‍ക്കണമെന്ന പൊതുന്യായം ശനിയാഴ്ച കൊച്ചിയിലെ കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, കെ എം മാണി തുടങ്ങിയവര്‍ പങ്കുവെച്ചു.

No comments:

Post a Comment