Sunday, May 15, 2011

അടൂരിലെ തോല്‍വി :കോണ്‍ഗ്രസ്‌ നേതൃത്വം രാജിവയ്‌ക്കണമെന്ന്‌ അസംതൃപ്‌തരുടെ കൂട്ടായ്‌മ

അടൂര്‍: മണ്ഡലത്തിലെ യു.ഡി.എഫ.്‌ സ്‌ഥാനാര്‍ഥിയുടെ പരാജയത്തിനു വഴി വച്ച നേതൃത്വം രാജിവയ്‌ക്കണമെന്നു കോണ്‍ഗ്രസിലെ അസംതൃപ്‌തരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
പന്തളം സുധാകരന്‍ നിസാര വോട്ടുകള്‍ക്കു പരാജയപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റി കെ.പി.സി.സി. തലത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.
സ്‌ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ അടൂരിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ ന്യായീകരിക്കത്തക്കതല്ല. കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ലാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശക്‌തമായി നേതൃത്വം നല്‍കിയവര്‍ ഇത്തവണ 'റോമ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച' നീറോ ചക്രവര്‍ത്തിയെപ്പോലെയാണ്‌ നില കൊണ്ടതെന്നു യുവാക്കളുടെ കൂട്ടായ്‌മ ആരോപിച്ചു.

പാര്‍ട്ടി കൈയടക്കി വച്ചിരിക്കുന്ന നേതാക്കന്‍മാരുടെ ബൂത്തുകളില്‍ പോലും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ദയനീയമായി പിന്നില്‍ പോയത്‌ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ്‌. ഫലം വരുന്നതിനു മുമ്പു തന്നെ അടൂരിലെ കോണ്‍ഗ്രസ്‌ കൂട്ടായ്‌മ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഇതേപ്പറ്റി നേതൃത്വം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
സജീവ പ്രവര്‍ത്തകരെ നിര്‍ജീവമാക്കിയും പാര്‍ട്ടി കീഴ്‌ഘടകങ്ങളെ പുനഃസംഘടിപ്പിക്കാതെയും സാധാരണ പ്രവര്‍ത്തകരെ മാനിക്കാതെയും പാര്‍ട്ടിയെ അപ്പാടെ ഹൈജാക്ക്‌ ചെയ്‌തു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നേതൃത്വം അടൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ ബലിയാടാക്കുന്ന അടൂരിലെ ഇപ്പോഴത്തെ നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയമേറ്റെടുത്ത്‌ രാജിവയ്‌ക്കുകയോ, പാര്‍ട്ടി സംസ്‌ഥാന നേതൃത്വം ഇവരെ മാറ്റിനിര്‍ത്തുകയോ ചെയ്യണം.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുടെ പരാജയകാരണത്തെപ്പറ്റിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെപ്പറ്റിയും അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനും കോണ്‍ഗ്രസ്‌ കൂട്ടായ്‌മ തീരുമാനിച്ചു.
യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ എം. അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കണ്ണമത്ത്‌ സുരേഷ്‌, മുണ്ടപ്പളളി അനില്‍, കൃഷ്‌ണശൈലം ഗോപകുമാര്‍, സജീവ്‌ പള്ളിക്കല്‍, കമറുദീന്‍ മുണ്ടുതറയില്‍, സ്‌റ്റാന്‍ലി മണലത്ത്‌, രാജേന്ദ്രപ്രസാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment