Sunday, May 15, 2011

മാണി- കുഞ്ഞാലിക്കുട്ടി കരുനീക്കങ്ങള്‍ തുടങ്ങി

 മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ എം മാണിയും മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കൊച്ചി ഗസ്റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
എന്നാല്‍ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കുമെന്നും അനൗപചാരിക കൂടിക്കാഴ്ചയാണ് നടന്നതെന്നും ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം നല്‍കാഞ്ഞത് യോജിച്ച് മുന്നോട്ട് പോകണം എന്നതിന്റെ സൂചനയാണ്. അതിനാല്‍ അച്ചടക്കത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്ച ചെയ്‌ത്‌ മുന്നോട്ട് നീങ്ങുമെന്ന് കെ എം മാണിയും വ്യക്തമാക്കി. വകുപ്പും മന്ത്രിസ്ഥാനങ്ങളും ചര്‍ച്ച ചെയ്‌തില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അതേസമയം യു ഡി എഫിലെ ഐക്യത്തിലുണ്ടായ കുറവാണ്‌ പാര്‍ട്ടികള്‍ക്ക്‌ വ്യക്‌തമായ ഭൂരിപക്ഷം കിട്ടാത്തതിന്‌ കാരണമെന്ന്‌ കെ എം മാണി ശനിയാഴ്ച രാവിലെ പ്രതികരിച്ചിരുന്നു. തോല്‍വിയുടെ കാരണം ആത്മാര്‍ഥമായി ഓരോരുത്തരും വിലയിരുത്തണമെന്നും യു ഡി എഫില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

No comments:

Post a Comment