Tuesday, May 10, 2011

ആശ്വാസം പകരുന്ന തിരുത്തല്‍ നടപടി

രാജ്യത്തെയും മതനിരപേക്ഷതയെയും സമാധാനത്തെയും സ്നേഹിക്കുന്നവര്‍ അന്നേപറഞ്ഞത് ഇപ്പോള്‍ പരമോന്നത കോടതി ശരിവച്ചിരിക്കുന്നു. അയോധ്യയില്‍ ബാബറിപള്ളി സ്ഥിതിചെയ്തിരുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് വിചിത്രവും നിര്‍ത്തിവയ്ക്കപ്പെടേണ്ടതുമാണെന്ന സുപ്രീംകോടതിയുടെ തീര്‍പ്പ് മതനിരപേക്ഷവിശ്വാസികള്‍ക്കാകെ ആശ്വാസത്തിന് വകനല്‍കുന്നതാണ്. ആറുപതിറ്റാണ്ടുനീണ്ട അവകാശത്തര്‍ക്കത്തിനൊടുവില്‍ തര്‍ക്കഭൂമി വീതംവച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പുറപ്പെടുവിച്ച യുക്തിരഹിതമായ വിധി ഗൗരവമായ ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതരും അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. ചരിത്രവും യുക്തിയും മതനിരപേക്ഷമൂല്യങ്ങളും കൈകാര്യംചെയ്ത രീതിയെ അന്നവര്‍ കഠിനമായി വിമര്‍ശിച്ചു.
സിപിഐ എം വ്യക്തമാക്കിയത്,
ലഖ്നൗ ബെഞ്ചിന്റെ വിധി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നതും വസ്തുതയേക്കാളും തെളിവിനേക്കാളും മതവിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതാണെന്നും അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നുമാണ്. ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്നും അന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. അതിനെയെല്ലാം സാധൂകരിക്കുന്ന ഇടപെടലാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ബാബറി മസ്ജിദ് നിന്ന ഭൂമി പകുത്തുകിട്ടണമെന്ന് ആരും അലഹബാദ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിച്ചുകൊണ്ടാണ് 2010 സെപ്തംബര്‍ 30ന് ഹൈക്കോടതി വിധിച്ചത്. അതിനെ ഇപ്പോള്‍ സുപ്രീംകോടതി വിചിത്രമെന്ന് വിശേഷിപ്പിക്കുന്നു. ഹൈക്കോടതിയില്‍ മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നത്. ജ. എസ് യു ഖാന്‍ , ജ. സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ ഭൂമി മൂന്നായി പങ്കുവയ്ക്കണമെന്നും അതില്‍ വിയോജിച്ച ജ. ധരംവീര്‍ശര്‍മ, മുഴുവന്‍ ഭൂമിയും ഹിന്ദുസംഘടനകള്‍ക്ക് വിട്ടുകൊടുക്കണമെന്നുമാണ് എഴുതിയത്. ഭൂരിപക്ഷം പറഞ്ഞത് വിധിയായി വന്നു. അതിനെ ചോദ്യംചെയ്ത് ബന്ധപ്പെട്ട കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹിന്ദുസംഘടനകള്‍ക്ക് ഭൂമിയാകെ വിട്ടുകിട്ടണമെന്നാണ് ആവശ്യം. സുന്നി വഖഫ്ബോര്‍ഡ്, ജമാഅത്തെ ഉലമ ഹിന്ദ് എന്നിവയാകട്ടെ ഹൈക്കോടതി വിധിയുടെ നിയമസാധുതയെ അപ്പാടെ ചോദ്യംചെയ്തു. എല്ലാം പരിശോധിച്ച്, പള്ളി നിലനിന്ന സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിട്ടു. പള്ളിയുടെ സ്ഥലത്തോട് ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
ഹൈക്കോടതി ഉത്തരവിനോട് കടുത്ത വിയോജിപ്പാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. ഹൈക്കോടതി സ്വന്തം നിലയില്‍ചെയ്ത വിചിത്രമായ കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്നും കേസുകളുടെ വലിയൊരു കൂമ്പാരത്തിന് ഇത് കാരണമാകുമെന്നും സുപ്രീംകോടതി കണ്ടെത്തി. തെളിവുകളല്ല, വിശ്വാസമാണ് വിധിക്ക് ആധാരമാക്കേണ്ടതെന്ന തെറ്റായ കാഴ്ചപ്പാടിലൂന്നിയ ഹൈക്കോടതി വിധി മരവിപ്പിക്കുന്നതിലൂടെ പ്രശ്നപരിഹാരത്തിന്റെ പുതിയ സാധ്യതയാണ് സുപ്രീംകോടതി തുറന്നിരിക്കുന്നത്. വര്‍ഗീയപ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതിനും ഭൂരിപക്ഷ വര്‍ഗീയശക്തികളെ വീണ്ടും ഒന്നിപ്പിക്കുന്നതിനും സംഘപരിവാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. "വര്‍ഗീയതന്ത്രങ്ങളൊക്കെയുണ്ടെങ്കിലും രാമക്ഷേത്രം, രാമസേതു തുടങ്ങിയ പ്രശ്നങ്ങളിന്മേല്‍ വികാരം ഇളക്കിവിടുന്നതില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ , ജനങ്ങളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസംതൃപ്തിയും സാമ്പത്തികപ്രയാസങ്ങളും കണക്കിലെടുക്കുമ്പോള്‍ , ജനങ്ങളുടെ അസംതൃപ്തിയെ വിഘടന- വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിടുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാണാം." എന്നാണ് അതേക്കുറിച്ച് സിപിഐ എം വിലയിരുത്തിയത്.
കൂടുതല്‍ കടുത്ത ഹിന്ദുത്വ വര്‍ഗീയ അജന്‍ഡയില്‍ ആശ്രയം കണ്ടെത്തുന്നതിലേക്ക് ബിജെപിയെ എത്തിക്കുന്നതിന് അയോധ്യതര്‍ക്കം നിമിത്തമാകാമെന്നിരിക്കെ, കോടതിയുടെ കടുത്ത നിലപാടുകള്‍ സുപ്രധാനമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍നടപടിയും രാജ്യത്തിന്റെ മതനിരപേക്ഷ തത്വങ്ങള്‍ക്കെതിരെയുള്ള ആക്രമണവുമാണ്. അത്തരമൊരു കുറ്റകൃത്യത്തിന് ന്യായീകരണമായി അലഹബാദ് ഹൈക്കോടതിവിധിയെ സംഘപരിവാര്‍ എടുത്തുകാട്ടിയിരുന്നു. അത് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കിയ പ്രശ്നമാണ് അയോധ്യയിലേത്. നീതിന്യായപ്രക്രിയമാത്രമാണ് മതനിരപേക്ഷ- ജനാധിപത്യ സംവിധാനത്തില്‍ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം. സുപ്രീംകോടതിയുടെ അന്തിമതീരുമാനം നീതിയുക്തവും എല്ലാവരും അംഗീകരിക്കുന്നതുമാകേണ്ടതുണ്ട്. പ്രശ്നപരിഹാരം നിയമപ്രക്രിയയിലൂടെയായിരിക്കണമെന്ന് ഹൈക്കോടതി വിധിയോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ വ്യക്തമായതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനല്ല; ഭിന്നതകളുടെ അവസാന അംശംപോലും ഇല്ലാതാക്കാനുള്ളതാകണം ഈ പ്രശ്നത്തിലെ അന്തിമതീര്‍പ്പ്. സുപ്രീംകോടതിയുടെ ശരിയായ ഇടപെടല്‍ ഇതിലുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ബലംനല്‍കുന്നതാണ് സ്റ്റേതീരുമാനം.

No comments:

Post a Comment