Sunday, May 15, 2011

കോണ്‍ഗ്രസില്‍ അസ്വാരസ്യം; പരാജയം കേന്ദ്രമന്ത്രിയുടെ വീഴ്‌ചയെന്ന്‌

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ദയനീയ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംഘടനാ സംവിധാനം പൂര്‍ണമായി തകര്‍ന്നടിഞ്ഞ ജില്ലയില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഡി.സി.സി. പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നാവശ്യവുമായി എ ഗ്രൂപ്പ്‌ നേതാക്കള്‍ രംഗത്തെത്തി.
കെ.പി.സി.സി പ്രസിഡന്റും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ചേര്‍ന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളവരെ സ്‌ഥാനാര്‍ഥിയാക്കിയതാണ്‌ കടുത്ത തോല്‍വിക്ക്‌ കാരണമെന്നും ഇവരുടെ ആധിപത്യം ഇനിയും അനുവദിച്ച്‌ കൊടുത്താല്‍ കോണ്‍ഗ്രസ്‌ ജില്ലിയിലില്ലാതാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ ഒതുക്കപ്പെട്ട എ ഗ്രൂപ്പ്‌ നേതാക്കള്‍ പറയുന്നു.
രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ്രൂപ്പിന്‌ ആധിപത്യമുണ്ടാകുന്ന തരത്തിലായിരുന്നു സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ചത്‌. എന്നാല്‍ എ, ഐ ഗ്രൂപ്പുകളില്‍ നിന്ന്‌ ഒരോരുത്തര്‍വീതമാണ്‌ കരപറ്റിയത്‌.
കായംകുളത്ത്‌ എം. മുരളി, ചെങ്ങന്നൂരില്‍ പി.സി വിഷ്‌ണുനാഥ്‌ എന്നിവരായിരുന്നു എ ഗ്രൂപ്പിന്റെ സ്‌ഥാനാര്‍ഥികള്‍.
സഭയുടെ സ്‌ഥാനാര്‍ഥിയായിരുന്നെങ്കിലും അഡ്വ. പി.ജെ മാത്യുവിനേയും എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ്‌ പെടുത്തിയിരുന്നത്‌. എം. ലിജു, രമേശ്‌ ചെന്നിത്തല, എ.എ. ഷുക്കൂര്‍ എന്നിവരായിരുന്നു മൂന്നാംഗ്രൂപ്പിന്റെ സ്‌ഥാനാര്‍ഥികള്‍. ആലപ്പുഴ നഗരസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗേപാല്‍ നിര്‍ദേശിച്ചവരെ സ്‌ഥാനാര്‍ഥിയാക്കിയതുവഴി നഗരഭരണം പിടിക്കാനുള്ള സാഹചര്യംപോലുമില്ലാതാക്കിയെന്ന പരാതി നിലനില്‍ക്കെയാണ്‌ നിയമസഭയിലേക്കുള്ള സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും കേന്ദ്രമന്ത്രിയുടെ ശക്‌തമായ ഇടപെടലുണ്ടായത്‌.
എം.പിയുടേയും എം.എല്‍.എയുടേയും വാല്യക്കാരെ സ്‌ഥാനാര്‍ഥിയാക്കുന്ന രീതി അവസാനിപ്പിക്കാത്തിടത്തോളംകാലം തോല്‍വി തുടര്‍ക്കഥയാകുമെന്നും എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കേണ്ട കെ.പി.സി.സി. പ്രസിഡന്റ്‌ മത്സരത്തിനിറങ്ങിയത്‌ സംസ്‌ഥാനതലത്തിലും ഡി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായത്‌ ജില്ലയിലും വന്‍ തിരിച്ചടിക്ക്‌ കാരണമായതായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടുന്നു.
ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ഡി.സി.സി. പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ അരുരില്‍ മത്സരിച്ച്‌ വന്‍ തിരിച്ചടി നേരിടുകയായിരുന്നു. അതോടൊപ്പം രമേശ്‌ ചെന്നിത്തല മത്സരരംഗത്തിറങ്ങിയതോടെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പിടിവലിയുണ്ടാകുമെന്ന തരത്തില്‍ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു.
സജീവമായി രംഗത്തുണ്ടായിരുന്ന പലരും ഇതോടെ പിന്‍വാങ്ങി. ആലപ്പുഴ നഗരത്തില്‍ എപ്പോഴും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന കൊറ്റംകുളങ്ങര മണ്ഡലത്തില്‍ പല ബൂത്തുകളിലും പ്രവര്‍ത്തനമില്ലാതിരുന്നത്‌ കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം തകര്‍ന്നിരുന്നു എന്നതിന്റെ തെളിവായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വന്‍തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്‌ കെ.സി വേണുഗോപാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്‌ എ ഗ്രൂപ്പുകാര്‍ പറയുന്നു.

No comments:

Post a Comment