Wednesday, May 18, 2011

ഉമ്മന്‍ചാണ്ടി ചതിച്ചു, അപമാനിച്ചു: പിള്ള

തിരു: ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പിള്ളയുടെ കടന്നാക്രമണം എന്നതും ശ്രദ്ധേയം. "ഒരു വഞ്ചനയുടെ കഥ" എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ , കമ്യൂണിസ്റ്റ് ഭരണത്തില്‍ പോലും തനിക്കെതിരെ ഇത്ര നീതികേട് ഉണ്ടായിട്ടില്ലെന്ന് പിള്ള പറയുന്നു. തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിനുപിന്നിലെ കള്ളക്കളികള്‍ വിവരിക്കുന്ന പിള്ള ചതിയും ഒളിപ്രയോഗങ്ങളും ഉണ്ടായിട്ടും യുഡിഎഫില്‍ തുടര്‍ന്നതിന്റെ സാഹചര്യവും വിശദീകരിക്കുന്നു. ആ കാലഘട്ടം വേദനയോടെയല്ലാതെ ഓര്‍ത്തെടുക്കാനാകില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എന്നെയും ടി എം ജേക്കബിനെയും ഉള്‍പ്പെടുത്തിയില്ലെങ്കിലും താന്‍ സഭയ്ക്കുള്ളില്‍ പരമാവധി ആത്മസംയമനം പാലിച്ചു. ജേക്കബ് പലപ്പോഴും പ്രകോപിതനായി യുഡിഎഫിനെതിരെ ആഞ്ഞടിച്ചു. മുന്നണിയുടെ ഭാഗമായി ജയിച്ചുവന്നശേഷം എതിരെ പ്രസംഗിക്കുന്നത് അധാര്‍മികമാണെന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജേക്കബ് അനുസരിച്ചില്ല. തന്റെ പാര്‍ടിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഉമ്മന്‍ചാണ്ടി പാലിച്ചില്ല. അതിനുമുമ്പുള്ള എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരിക്കെ മുന്നണിയോഗത്തില്‍ നല്‍കിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയായപ്പോള്‍ ജലരേഖയായത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുനഃസംഘടനയിലും അപമാനിച്ചു. ആന്റണി മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി മുന്നണി കണ്‍വീനറുമായിരിക്കെ പിഎസ്സിയില്‍ ഒഴിവു വന്നു. മുന്നണിയോഗത്തില്‍ പിഎസ്സി അംഗത്വം വേണോ, ദേവസ്വംബോര്‍ഡ് വേണോ എന്നു ചോദിച്ചു. എന്‍എസ്എസ് നേതൃത്വവുമായി ആലോചിച്ച ശേഷം ദേവസ്വംബോര്‍ഡ് അംഗത്വം ആവശ്യപ്പെട്ടു. അതു തത്വത്തില്‍ അംഗീകരിച്ചു. പിഎസ്സി അംഗങ്ങളുടെ ഒഴിവിലേക്ക് ഗൗരിയമ്മയുടെ പാര്‍ടിവരെ പരിഗണിക്കപ്പെട്ടു. ഒടുവില്‍ ദേവസ്വംബോര്‍ഡ് നിയമന സമയമായി. താന്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ട അവസ്ഥയിലും. അപമാനം സഹിച്ചുനില്‍ക്കുന്ന തന്നോടും പാര്‍ടിയോടും ഇക്കാര്യത്തിലെങ്കിലും നീതികാട്ടും എന്നു വിശ്വസിച്ചു. പക്ഷേ, പാര്‍ടിയെ അവഗണിച്ച് ദേവസ്വംബോര്‍ഡ് പുനഃസംഘടിപ്പിച്ചു. വാഗ്ദാനലംഘനത്തിന് വിശദീകരണവുമുണ്ടായില്ല. അന്ന് ജി രാമന്‍നായര്‍ പ്രസിഡന്റും പുനലൂര്‍ മധു, എം ബി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളായി രൂപീകരിച്ച ദേവസ്വംബോര്‍ഡ് കുപ്രസിദ്ധമായ ഭരണസമിതിയായി മാറിയതും ഒടുവില്‍ ആ സമിതിക്കെതിരെ അന്വേഷണകമീഷനെ വയ്ക്കേണ്ടിവന്നതും പിള്ള ചൂണ്ടിക്കാട്ടി. എന്‍എസ്എസ് ഇതര സമുദായനേതാക്കളാണ് ആ ബോര്‍ഡ് രൂപവല്‍ക്കരണത്തിന് പിന്നിലെന്നും ബോര്‍ഡംഗങ്ങള്‍ അതേ നേതാക്കളെ തിരിഞ്ഞുകുത്തിയെന്നും പിള്ള പറഞ്ഞു. 2006ലെ കൊട്ടാരക്കര തെരഞ്ഞെടുപ്പുപരാജയംവരെ ഈ വഞ്ചന നീളുന്നു. ആ സര്‍ക്കാര്‍ തന്റെ പാര്‍ടി പ്രതിനിധികള്‍ വഹിച്ചിരുന്ന ഔദ്യോഗിക പദവികള്‍ തിരിച്ചെടുത്തു. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ , അംഗത്വങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പോലും നിഷ്കരുണം തിരിച്ചെടുത്തെന്ന് പിള്ള കുറ്റപ്പെടുത്തി. ഈ വിധ ചതിപ്രയോഗങ്ങളെല്ലാം ഉണ്ടായിട്ടും യുഡിഎഫില്‍ തുടര്‍ന്നു. തനിക്കെതിരായ വേലത്തരങ്ങളെല്ലാം മറക്കാന്‍ ശ്രമിച്ചെന്നും പിള്ള എഴുതുന്നു.

No comments:

Post a Comment