Saturday, May 07, 2011

ഭീകരതയ്ക്കെതിരായ യുദ്ധം


2001ല്‍ ആരംഭിച്ചതാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം. 10 വര്‍ഷങ്ങള്‍ക്കുശേഷം ബിന്‍ ലാദനെ പിടികൂടി കൊന്ന് കടലിലെറിഞ്ഞത് വലിയ നേട്ടംതന്നെ. എന്നാല്‍ , ഭീകരതയുടെ ഗതിയെന്തെന്ന് പരിശോധിക്കുമ്പോള്‍ അത് തെല്ലും ശമിച്ചിട്ടില്ലെന്നതാണ് സത്യം. ശമിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു. ഇറാഖില്‍ സദ്ദാംഹുസൈനെയും കുടുംബാഗങ്ങളെയും പൈശാചികമായ രീതിയില്‍ തൂക്കിക്കൊന്നു. എട്ടുവര്‍ഷമായി അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഉരുക്കുമുഷ്ടി ഭരണത്തിന്‍കീഴിലാണ് ഇറാഖ്. അവിടെയാണ് രണ്ടുദിവസംമുമ്പ് ആത്മഹത്യാബോംബ് സ്ഫോടനത്തില്‍ 21 പൊലീസുകാര്‍ മരിച്ചതും 75 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും. ഇതാണെങ്കില്‍ ആദ്യത്തേതോ അവസാനത്തേതോ ആയ കൂട്ടക്കുരുതിയല്ല. അഫ്ഗാനിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ബിന്‍ ലാദനെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ കീഴടക്കിയത്. ബിന്‍ ലാദനെ ഒളിപ്പിച്ചത് പാകിസ്ഥാനിലാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍സേന പിന്മാറേണ്ടതല്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇറാഖില്‍ മനുഷ്യകുലത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ആയുധമില്ലെന്നു തെളിഞ്ഞിട്ടും സദ്ദാംഹുസൈനെയും കുടുംബത്തെയും വംശനാശം വരുത്തിയിട്ടും അവിടെ അമേരിക്കന്‍ ആധിപത്യം തുടരുന്നതിന് എന്താണ് ന്യായം. ഇപ്പോഴാകട്ടെ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ചെന്ന് എന്തും കാണിക്കുമെന്ന് ധിക്കാരത്തോടെ പറയുന്ന നിലയുണ്ടായിരിക്കുന്നു. സെക്യൂരിറ്റി കൗണ്‍സിലോ ഐക്യരാഷ്ട്രസഭയോ അന്താരാഷ്ട്ര നിയമമോ സാമാന്യനീതിയോ, ഒന്നും അമേരിക്കന്‍ ഐക്യ നാടുകള്‍ക്ക് ബാധമകല്ലെന്നു വന്നിരിക്കുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ബിന്‍ ലാദന്‍ 2001ല്‍ 3000 പേരെയാണ് വധിച്ചത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെ. എന്നാല്‍ , ഇറാഖില്‍ ഉപരോധമേര്‍പ്പെടുത്തി കുഞ്ഞുങ്ങളുള്‍പ്പെടെ അനേകലക്ഷം പേരുടെ മരണത്തിനിടയാക്കിയ കുറ്റം എങ്ങനെ പൊറുക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലക്ഷക്കണക്കിനു നിരപരാധികളായ സാധാരണ പൗരന്മാരെ കൊന്നൊടുക്കിയ കുറ്റം മാപ്പര്‍ഹിക്കുന്നതാണോ എന്ന ചോദ്യത്തിന് ആര് ഉത്തരം പറയും. ബിന്‍ ലാദന്റെ വധം മാനവരാശിയുടെ ഒന്നാംനമ്പര്‍ ശത്രുവായ അമേരിക്കയുടെ ക്രൂരതയ്ക്ക് വെള്ളപൂശാനുള്ള ആയുധമായി മാറിക്കൂടാ.

No comments:

Post a Comment