Saturday, May 07, 2011

ലാദന്റെ ദുരന്തവും ഇന്ത്യയിലെ മാറ്റൊലികളും : പി ഗോവിന്ദപ്പിള്ള


കുപ്രസിദ്ധ സാര്‍വദേശീയ ഭീകരസംഘടനയായ "അല്‍ ഖായ്ദ" തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം തൊടുത്തുവിട്ട മാറ്റൊലികള്‍ ഇപ്പോഴും ശമിച്ചിട്ടില്ല. പ്രസിഡന്റ് ബറാക് ഒബാമയ്ക്കും അമേരിക്കന്‍ ഐക്യനാടിനാകെയും ഇത് ആഘോഷകാലമാണ്. പാകിസ്ഥാനടക്കം പല മുസ്ലിം രാഷ്ട്രങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ നിരന്തരമായ ഭീഷണിയാകയാല്‍ ബിന്‍ ലാദന്റെ വധം അവര്‍ക്കൊക്കെ ആശ്വാസമേ പകര്‍ന്നിട്ടുള്ളൂ. എങ്കിലും ബിന്‍ ലാദനെ വധിച്ച രീതിയും മൃതശരീരം കടലില്‍ തള്ളിയതും അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണോ തലസ്ഥാനനഗരിയില്‍നിന്ന് 100 കിലോമീറ്ററോളം ദൂരെയുള്ള അബോട്ടാബാദില്‍ സകല സുഖസൗകര്യങ്ങളോടുംകൂടി ബിന്‍ ലാദന് വാസസ്ഥലം ഒരുക്കിയിരുന്നത് എന്ന കാര്യം ഇപ്പോഴും വിവാദവിഷയമാണ്.
പാകിസ്ഥാന്‍ അധികൃതര്‍ ഈ ആരോപണം തിരസ്കരിക്കുമ്പോള്‍ ഒബാമയും യുഎസും ആ തിരസ്കരിക്കലിനെ അംഗീകരിക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ടാണ് പാകിസ്ഥാന് അതിന്റെ ഉത്ഭവംമുതല്‍ അമേരിക്കന്‍ ഐക്യനാട് നല്‍കിക്കൊണ്ടിരുന്ന ധനസഹായങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നതും അതിനായി അമേരിക്കന്‍ കോണ്‍ഗ്രസ് ഒരു ബില്‍ അവതരിപ്പിച്ചിട്ടുള്ളതും. ബിന്‍ ലാദനെ വധിക്കാനാണെങ്കിലും, പാകിസ്ഥാന്റെ അനുമതികൂടാതെ 79 കമാന്‍ഡോസൈനികര്‍ അബോട്ടബാദില്‍ മെയ് ഒന്നിന് അര്‍ധരാത്രി ഇറങ്ങി സൈനിക നടപടികള്‍ നടത്തിയത് പാകിസ്ഥാന്റെ പരമാധികാരത്തെ ധിക്കരിക്കുന്ന ഒരു നടപടിയായി അവര്‍ കരുതുന്നു. ഒബാമയാകട്ടെ വേണ്ടിവന്നാല്‍ ഇനിയും അപ്രകാരം ചെയ്യുമെന്ന് വീമ്പിളക്കുന്നു. ഇന്ത്യയുടെ പ്രതികരണം 2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാരസംഘടനയുടെ ഇരട്ടഗോപുരവും വാഷിങ്ടണിലെ പെന്റഗണ്‍ സമുച്ചയവുമാകെ, തട്ടിയെടുത്ത വിമാനവുമായി ആക്രമണം നടത്തിയതിനാണല്ലോ "അല്‍ ഖായ്ദ"യെ അമേരിക്ക ശത്രുവായി പ്രഖ്യാപിച്ചതും ഇപ്പോള്‍ അതിന്റെ സൂത്രധാരന്‍ ബിന്‍ ലാദനെ സാര്‍വദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി പാകിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തി വധിച്ചതും. അങ്ങനെ അമേരിക്കയ്ക്ക് ആക്രമണം നടത്താമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയശേഷം പാകിസ്ഥാനില്‍ അഭയംപ്രാപിച്ചിരിക്കുന്ന ഭീകരരെ ഇന്ത്യക്ക് ആക്രമിച്ചുകൂടാ എന്നതാണ് ഒരു പ്രധാന പ്രതികരണം. മുംബൈയിലെ താജ് പഞ്ചനക്ഷത്രഹോട്ടലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഭീകരസംഘടനയായ ജമാ ഉദ് ദവ നേതാവ് ഹഫീസ് സൈദും ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള ഏതാനും പേരും പാകിസ്ഥാന്റെ അറിവോടുകൂടി കറാച്ചിയില്‍ താവളമടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ പലതിനും പണവും ആയുധങ്ങളും നല്‍കിവരുന്ന ദാവൂദ് ഇബ്രാഹിമും കറാച്ചിയില്‍ സസുഖം വാഴുന്നു. എന്തുകൊണ്ട് ബിന്‍ ലാദനെ ആക്രമിച്ച് വധിച്ചതുപോലെ കറാച്ചിയില്‍ പാര്‍ക്കുന്ന ഈ പിടികിട്ടാപ്പുള്ളികളെ ഇന്ത്യക്ക് ആക്രമിച്ചുകൂടാ? ഈ മാര്‍ഗം ഇപ്പോള്‍ത്തന്നെ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷിബന്ധങ്ങളെ കൂടുതല്‍ വഷളാക്കും. ജമ്മു കശ്മീര്‍ പ്രശ്നം കലുഷമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ഇനിയും കൂടുതല്‍ കലുഷമായിത്തീര്‍ക്കാന്‍ ഇടവരുന്ന നടപടി ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഹാനികരമാകും. ചൈനയുമായുള്ള വിവാദവും അകല്‍ച്ചയും പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും കൂടിയാലോചനകളില്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്ന പ്രഖ്യാപനമുണ്ടെങ്കിലും അതിനിയും ആരംഭിച്ചിട്ടില്ല. അങ്ങനെ ഇന്ത്യയുടെ ദീര്‍ഘമായ വടക്കന്‍ ഹിമാലയന്‍ അതിര്‍ത്തിയും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് നമുക്ക് നല്ലതല്ല. രാജ്യരക്ഷാചെലവ് അങ്ങനെ വര്‍ധിക്കുന്തോറും നമ്മുടെ വികസനത്തിന് ആവശ്യമായ വിഭവങ്ങള്‍ ദുരുപയോഗപ്പെടുത്തുകയായിരിക്കും ഇതിന്റെയൊക്കെ ഫലം. അതുകൊണ്ട് മുംബൈയിലെ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതിലഭിക്കാന്‍ പാകിസ്ഥാനുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. ആ കൂടിയാലോചനകളില്‍ കശ്മീരില്‍ അതിക്രമം കാണിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍ നല്‍കിവരുന്ന പരിശീലനവും ധനസഹായവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ഭീകരസംഘടനകള്‍ക്കും പാകിസ്ഥാന്‍ നല്‍കിവരുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുകയും വേണം. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ പാകിസ്ഥാനുമായുള്ള കൂടിയാലോചനകള്‍ വൈഷമ്യമേറിയതും ഒത്തുതീര്‍പ്പു സാധ്യത വിദൂരമാണെന്നും തോന്നാം. അത് തെറ്റല്ലതാനും. എങ്കിലും അതേ നമുക്ക് കരണീയമായുള്ളൂ. പാകിസ്ഥാനും അങ്ങനെതന്നെ. പാകിസ്ഥാനെതിരെ അമേരിക്ക ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് ആശ്രയിക്കാവുന്നത് ഇന്ത്യയെയാണെന്ന സാമാന്യബോധം പ്രസിഡന്റ് സര്‍ദാരിക്ക് ഉണ്ടാകുമോ എന്ന് കണ്ടറിയണം.

No comments:

Post a Comment