Friday, May 06, 2011

ജനാധിപത്യത്തെ തച്ചുടയ്ക്കുന്നോ?

പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ജനാധിപത്യത്തിനു നിരക്കാത്ത മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണി സര്‍ക്കാരിനെതിരായി അമ്പരപ്പിക്കുന്ന കുപ്രചാരണങ്ങള്‍ തുടരുകയാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചാണ് മുന്നേറുന്നത്. സോണിയ ഗാന്ധി പറഞ്ഞത്, "ബംഗാള്‍ ജനതയെ ഇടതുപക്ഷ മുന്നണി, 35 കൊല്ലക്കാലമായി വിഡ്ഢികളാക്കുകയാണ്" എന്നത്രേ. സ്വാതന്ത്ര്യത്തിനുശേഷം ഇന്നോളം ഏറ്റവും കൂടുതല്‍ കാലം രാജ്യാധികാരം കൈയാളിയ കോണ്‍ഗ്രസിന്റെ അധ്യക്ഷകൂടിയാണ് സോണിയ. "ഗരീബി ഹഠാവോ"മുതല്‍ "ആം ആദ്മി"വരെയുള്ള പൊള്ള മുദ്രാവാക്യങ്ങളും ലോകത്തെ ഞെട്ടിക്കുന്ന കൂറ്റന്‍അഴിമതികളുമാണ് ആ കോണ്‍ഗ്രസ് ഇന്ത്യക്ക് നല്‍കിയത്.

ഭൂപരിഷ്കരണം നടപ്പാക്കിയും സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനകാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചും ഇടതുമുന്നണി പശ്ചിമ ബംഗാളിനെ മുന്‍നിരയില്‍ത്തന്നെ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കൂടുതല്‍ കാലം ഭരിച്ച സംസ്ഥാനങ്ങളുമായി പശ്ചിമ ബംഗാളിനെ താരതമ്യംചെയ്ത് വസ്തുനിഷ്ഠമായ വിമര്‍ശമുന്നയിക്കുന്നതിനുപകരം ബ്ലോക്ക് കോണ്‍ഗ്രസ് നേതാവിന്റെ തലത്തിലേക്ക് താണുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ വിലകുറഞ്ഞ കാടടപ്പന്‍ ആരോപണമുന്നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. "ഇടതുപക്ഷത്തിന് വികസന നയമില്ല" എന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചുപറഞ്ഞത്. ഇതേ പ്രധാനമന്ത്രിയാണ് 2005ല്‍ കൊല്‍ക്കത്തയില്‍ച്ചെന്ന്, "പശ്ചിമബംഗാള്‍ സംസ്ഥാനത്തിലെ ഊര്‍ജസ്വലനായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ബുദ്ധിയിലും വിവേകത്തിലും ആത്മാര്‍ഥതയിലും ഇന്ത്യയിലെ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേകിച്ചും പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള അര്‍പ്പണമനോഭാവത്തിലും നിശ്ചയദാര്‍ഢ്യത്തിലും എനിക്ക് വളരെ വലിയ ആദരവുണ്ട്" എന്ന് പ്രസംഗിച്ചത്. ബംഗാളിലെ മുഖ്യമന്ത്രി, ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ് എന്നും പറഞ്ഞിട്ടുണ്ട് ഇതേ മന്‍മോഹന്‍ . ഇടതുപക്ഷത്തിന്റെ വികസന നയമെന്തെന്നും അത് രാജ്യത്തെ ജനസാമാന്യത്തെ എത്രമാത്രം സഹായിക്കുന്നതാണെന്നും യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടത്തില്‍ മന്‍മോഹന്‍ നേരിട്ടറിഞ്ഞതാണ്. ഇടതുപക്ഷത്തിന്റെ നിര്‍ബന്ധംമൂലം മടിച്ചുമടിച്ച് നടപ്പാക്കേണ്ടിവന്ന തീരുമാനങ്ങള്‍ പിന്നീട് തെരഞ്ഞെടുപ്പുഘട്ടത്തില്‍ സ്വന്തം നേട്ടമായി ഉയര്‍ത്തിപ്പിടിച്ച് മേനിപറയാനും ഇതേ മന്‍മോഹന്‍ മടിച്ചിരുന്നില്ല. പ്രധാനമന്ത്രിയായി തുടരുന്നതിന് തന്നെ സഹായിക്കുന്ന രാഷ്ട്രീയസഖ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നടത്തുന്ന പ്രശംസകളും അധിക്ഷേപങ്ങളും. മിതമായ വാക്കുകളില്‍ ഇതിനെ അവസരവാദമെന്നേ വിളിക്കാനാകൂ. കൂറ്റന്‍ അഴിമതികളുടെ ഭീഷണി നേരിടുന്ന ദുര്‍ബലമായ തന്റെ സര്‍ക്കാരിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഈ ലക്ഷ്യം സാധിക്കുന്നതിനായി ഇത്രയുംകാലം അചിന്ത്യമെന്ന് കണക്കാക്കപ്പെട്ടിരുന്നതുപോലും ചെയ്യാന്‍ അദ്ദേഹം സന്നദ്ധനാകുന്നു.
"രാജ്യത്തെ ഏറ്റവും മോശപ്പെട്ട ഭരണമുള്ള സര്‍ക്കാരാണ് പശ്ചിമബംഗാളിലേത്. ക്രമസമാധാനമാണ് മുന്നിലുള്ള അടിയന്തരപ്രശ്നം" എന്നാണ് ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത്. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ വന്ന് നടത്തിയ അപക്വവും വിവേകശൂന്യവുമായ പ്രസ്താവനകളെ പിന്നിലാക്കുകയാണ് സീനിയര്‍ മന്ത്രി ചിദംബരം. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിഷേധിക്കാനാകാത്ത തെളിവുകള്‍ അദ്ദേഹത്തിനു മുന്നിലുണ്ട്. "സംസ്ഥാനത്തെ കുരുതിക്കളമാക്കി മാറ്റി" എന്ന് പ്രസ്താവിച്ച് ഇടതുമുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ചിദംബരത്തിന് മാവോയിസ്റ്റുകള്‍ക്കെതിരെ പരുഷമായ വാക്കുകളില്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ ഇടതുപക്ഷ മുന്നണിയുടെ 388 കാഡര്‍മാരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്-മാവോയിസ്റ്റ് കൂട്ടുകെട്ട് വധിച്ചത്. അതേക്കുറിച്ച് ചിദംബരത്തില്‍നിന്ന് ഒരുവാക്കുപോലുമുതിരുന്നില്ല. കൊലയാളികളുടെ വോട്ടാണ് അദ്ദേഹത്തിന് പഥ്യം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനു നേര്‍ക്കുള്ള ഏറ്റവും കടുത്ത ഭീഷണി മാവോയിസ്റ്റുകളില്‍നിന്നാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോഴെന്തേ അതേക്കുറിച്ച് മിണ്ടുന്നില്ല? ഉപരിപ്ലവവും കഥയില്ലാത്തതുമായ പ്രകടനങ്ങളിലൂടെ ഇടതുമുന്നണിയെ ആക്രമിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ ഇല്ല. മാവോയിസ്റ്റ് അക്രമങ്ങളും ഭീകരതയും നടമാടുന്ന ജംഗല്‍മഹല്‍ മേഖലയില്‍ , ജനങ്ങളെയാകെ ഭയപ്പെടുത്തി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റ്റ് സഖ്യം ഒരുങ്ങിയത്. അതിലൂടെ കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് തുടക്കംമുതല്‍ നടന്നത്. ജനങ്ങളുടെ പിന്തുണയിലൂടെയല്ല, അക്രമങ്ങളിലൂടെയും ഭീകരതയിലൂടെയുമാണ് അവര്‍ ഭൂരിപക്ഷം ഒപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നര്‍ഥം. ആ യാഥാര്‍ഥ്യം സാമര്‍ഥ്യപൂര്‍വം മറച്ചുപിടിക്കാനാണ് കാപട്യപൂര്‍ണമായ പ്രചാരണങ്ങള്‍ . മൂന്ന് പതിറ്റാണ്ടിലേറെയായി പക്വതയും ഉയര്‍ന്ന രാഷ്ട്രീയബോധവും പ്രകടിപ്പിച്ച് ഇടതുമുന്നണിയെ മനസ്സാവരിക്കുന്നവരാണ് പശ്ചിമബംഗാളിലെ ജനങ്ങള്‍ . അവര്‍ തൃണമൂല്‍ -കോണ്‍ഗ്രസ്-മാവോയിസ്റ്റ് കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അവസരവാദത്തെയും നഗ്നമായ ഇരട്ടത്താപ്പിനെയും ജനാധിപത്യപരമായ രീതിയില്‍ കൈകാര്യംചെയ്യും എന്നുതന്നെയാണ് പശ്ചിമ ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍ . ഈ മഴവില്‍ സഖ്യം അധികാരത്തിലേറിയാല്‍ സംസ്ഥാനത്തിന്റെ പരിപൂര്‍ണ തകര്‍ച്ചയാകും സംഭവിക്കുക എന്ന് ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്. ആ തിരിച്ചറിവ് ഇടതുമുന്നണിക്കനുകൂലമായ വിധിയെഴുത്തായി മാറും എന്ന് വിചിത്ര സഖ്യക്കാര്‍ക്കറിയാം. അതുകൊണ്ടാണ്, ജനാധിപത്യ വിരുദ്ധമായ വഴികളിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനാധിപത്യം പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും ശ്രദ്ധ പതിയേണ്ടതും പ്രതികരണം വേണ്ടതുമായ അവസ്ഥയാണിത്.

No comments:

Post a Comment