കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച് നടന്ന പ്രകടനങ്ങള്‍ ശനിയാഴ്ച വൈകിട്ട് പെട്ടെന്ന് നിലച്ചു എന്നാണ് വാര്‍ത്ത. പെട്രോള്‍വില വര്‍ധിപ്പിച്ച വിവരം കാട്ടുതീപോലെ പരന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക് തങ്ങള്‍ കാത്തുകാത്തിരുന്ന സ്വപ്നവിജയം ആഘോഷിക്കാന്‍പോലും കഴിഞ്ഞില്ല. ഇരുട്ടടി എന്ന വാക്കിനെ നാണിപ്പിക്കുംവിധം ക്രൂരമായാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് പെരുമാറിയത്. കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ഇത് പതിനൊന്നാമത്തെ വര്‍ധനയാണ്. എങ്ങനെ ജീവിക്കുമെന്ന് സാധാരണക്കാര്‍ പരസ്പരം ചോദിക്കുന്നു. വരുമാനം വര്‍ധിക്കുന്നില്ല; ചെലവ് കുത്തനെ ഉയരുന്നു. ദിവസക്കൂലിക്കാരനും മാസശമ്പളക്കാരനും ചെറുകിട വ്യാപാരികള്‍ക്കും ദൈനംദിന ജീവിതം തള്ളിനീക്കാന്‍ കടക്കെണിയിലേക്ക് തലവച്ചുകൊടുക്കേണ്ട അവസ്ഥ. പെട്രോള്‍ വിലവര്‍ധന ഇതിലും നേരത്തെ വരുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്രയുംനാള്‍ അത് തടഞ്ഞുനിര്‍ത്തിയത്. തെരഞ്ഞെടുപ്പു ഫലം വന്ന് മണിക്കൂറുകള്‍ക്കകം യുപിഎ നേതൃത്വം തനിനിറം കാണിച്ചു. പശ്ചിമബംഗാളിലും അസമിലും കേരളത്തിലും തങ്ങള്‍ക്ക് ഭരണം ലഭിച്ചതിന്റെ പ്രതിഫലം വോട്ടര്‍മാര്‍ക്ക് നല്‍കി- അവരുടെ ജീവിതം ദുരിതമയമാക്കുന്ന ക്രൂരമായ പ്രതിഫലംതന്നെ.
കേരളത്തില്‍ ഇനി ഒരു ലിറ്റര്‍ പെട്രോളിന് 67 രൂപയിലധികം നല്‍കണം. എല്ലാ തലത്തിലുമുള്ള വിലക്കയറ്റത്തിനാണ് ഇത് കാരണമാവുക. പെട്രോളിന്റെ വില വര്‍ധിച്ച ഉടനെതന്നെ അവശ്യവസ്തുക്കളുടെ വില ഗണ്യമായി വര്‍ധിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില ഉയരുമ്പോള്‍ ഇവിടെ വില കൂട്ടിയല്ലേ തീരൂ എന്നാണ് യുപിഎ നിരത്തുന്ന വാദം. ജനങ്ങളുമായി കച്ചവടം നടത്തി ലാഭമുണ്ടാക്കാനുള്ള ഒന്നാണോ സര്‍ക്കാര്‍ എന്ന ചോദ്യമാണിവിടെ ഉയരുന്നത്. തങ്ങള്‍ക്ക് സൈ്വരമായും അന്തസ്സായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. എണ്ണക്കമ്പനികളുടെ ലാഭക്കണക്കിന്റെ കനം പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്നവര്‍ മറന്നുപോകുന്നത് പ്രാഥമികമായ ആ യാഥാര്‍ഥ്യമാണ്.
കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വകാര്യ കമ്പനികളെ സഹായിക്കാനായി പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം ലിറ്ററിന് 15.42 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന്റെ പിറ്റേന്നുതന്നെ മൂന്നര രൂപ വര്‍ധിപ്പിച്ചു. ഡിസംബര്‍ മുതലുള്ള ആറ് മാസത്തില്‍ മാത്രം 14 രൂപ കൂട്ടി. തോന്നുംപോലെ വില കൂട്ടാനുള്ള ലൈസന്‍സ് ലഭിച്ച എണ്ണക്കമ്പനികള്‍ അത് ശരിക്കും മുതലെടുക്കുകയാണ്. പൊതുമേഖലാ കമ്പനികള്‍ക്കുമാത്രമല്ല, റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകള്‍ക്കും കണക്കില്ലാത്ത പണം നേടിക്കൊടുക്കുന്ന മേഖലയാണിത്. അതുകൊണ്ടാണ് പാര്‍ലമെന്റിന്റെ പെട്രോളിയം പ്രകൃതി വാതക സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തൃണവല്‍ഗണിച്ച് വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ക്ക് അമിതമായി വില വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പൊതുമേഖലയിലെ എണ്ണക്കമ്പനികളിലേതിനേക്കാള്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചത് ഇവരുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എണ്ണവില സ്വതന്ത്രമായി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ സ്വകാര്യ കമ്പനികള്‍ക്ക് കൊയ്ത്തായി.
രാജ്യത്തിന്റെ സമ്പദ്ഘടന കുതിച്ചുചാട്ടം നടത്തുകയാണെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീമ്പിളക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതമിട്ടാണ് പന്താടുന്നത്. ശതകോടീശ്വരന്‍മാര്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ദരിദ്രന്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രനാവുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് വില വര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെ രോഷത്താല്‍ തങ്ങള്‍ പരാജയം ഭുജിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധന തടഞ്ഞുവച്ചത്. അതിനര്‍ഥം നിയന്ത്രണം ഔപചാരികമായി നിലവിലില്ലെങ്കിലും സര്‍ക്കാരിന് ആവശ്യമായ സമയത്ത് വിലവര്‍ധന തടയാമെന്നാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി അതവര്‍ ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ വില വര്‍ധിപ്പിച്ച് ജനവിരുദ്ധ നിലപാട് തുറന്നുകാട്ടുകയുംചെയ്തു. ഡീസല്‍വില വര്‍ധിപ്പിക്കാനായി മന്ത്രിസഭാ ഉപസമിതി ബുധനാഴ്ച യോഗം ചേരുകയാണ്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഒഴിവാക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പാചകവാതകത്തിന്റെ സബ്സിഡി ഒഴിവാക്കുന്നതിലൂടെ ഒരു സിലിണ്ടറിന്റെ വില 650 രൂപയോളമായി വര്‍ധിക്കും. എണ്ണക്കമ്പോളത്തിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് തട്ടിക്കളിക്കാനുള്ളതല്ല ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം എന്ന് യുപിഎ നേതൃത്വം മനസിലാക്കിയേ തീരൂ. ഇന്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയല്ലെങ്കില്‍ എന്തിന് ഇങ്ങനെയൊരു ഭരണം? കൂറ്റന്‍ അഴിമതികളിലൂടെ കോണ്‍ഗ്രസ് അടിച്ചുമാറ്റിയ പണത്തിന്റെ ഒരംശമുണ്ടെങ്കില്‍ ജനങ്ങളെ ഇങ്ങനെ തീ തീറ്റിക്കാതെ എണ്ണവില നിയന്ത്രിക്കാം. കഴിഞ്ഞ ജൂണ്‍വരെ പ്രശ്നങ്ങളില്ലാതെ വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നുവല്ലോ. കടുത്ത യുപിഎ അനുകൂലികള്‍ക്കുപോലും അംഗീകരിക്കാവുന്നതല്ല ഈ വിലവര്‍ധന. ഇത് പിന്‍വലിച്ചേ തീരൂ; എണ്ണവില സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന അവസ്ഥ സൃഷ്ടിച്ചേ മതിയാകൂ. അതിലേക്ക് യുപിഎ നേതൃത്വത്തെ നയിക്കാന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ജനനന്മ കാംക്ഷിക്കുന്ന എല്ലാവരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേന്ദ്രത്തിന്റെ ഈ നയങ്ങള്‍ക്കെതിരെ യോജിച്ച് പോരാടേണ്ടതുണ്ട്. ഈ കാട്ടുകൊള്ളയ്ക്ക് ഇരകളായി നില്‍ക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ല.
No comments:
Post a Comment