എടപ്പാള്‍: ഗ്രാമപ്പഞ്ചായത്തിലെ ഇ.എം.എസ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഗഡുപണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഗുണഭോക്താക്കളും ജില്ലാ സഹകരണ ബാങ്കിനുമുന്നില്‍ ധര്‍ണ നടത്തി. ബാങ്കിടപാടുകള്‍ സ്തംഭിപ്പിച്ച് സമരം നടത്തിയ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു . നേരത്തെ സമരക്കാരെ തടയാന്‍ ശ്രമിച്ച പോലീസിനെ തള്ളിമാറ്റിയാണ് സമരക്കാര്‍ ബാങ്കില്‍ പ്രവേശനകവാടം ഉപരോധിച്ചത്.
മലപ്പുറം ജില്ലാ ബാങ്കിന്റെ എടപ്പാള്‍ ശാഖയ്ക്കുമുന്നിലാണ് തിങ്കളാഴ്ച സമരം നടന്നത്. ഇ.എം.എസ് ഭവനപദ്ധതിയില്‍ എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ 195 ഗുണഭോക്താക്കള്‍ക്ക് 22,500 വെച്ച് ആദ്യ ഗഡു നല്‍കി ആറുമാസം കഴിഞ്ഞിട്ടും തുടര്‍ ഗഡുക്കള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് സി.പി.എം നേതൃത്വത്തില്‍ സമരം നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് ജനങ്ങളെ എല്‍.ഡി.എഫിനെതിരെ തിരിക്കാന്‍ വേണ്ടിയാണ് പണം നല്‍കാതിരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിഭാസ് പറഞ്ഞു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷീജ, ഇ. ബാലകൃഷ്ണന്‍, അഡ്വ. പി.പി. മോഹന്‍ദാസ്, കെ. കൃഷ്ണദാസ്, പി. ജിനേഷ്, പി.വി. ലീല എന്നിവര്‍ പ്രസംഗിച്ചു.
അംശക്കച്ചേരിയില്‍ നിന്നും പ്രകടനമായെത്തിയ സമരക്കാരെ പോലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് വലയം ഭേദിച്ച് കെട്ടിടത്തിനു മുകളിലേക്ക് കയറി ഒന്നാം നിലയിലുള്ള ബാങ്കിന്റെ കവാടത്തിനുമുന്നില്‍ വനിതകളടക്കമുള്ള സമരക്കാര്‍ കുത്തിയിരുപ്പാരംഭിച്ചു. ബാങ്കില്‍ ഇടപാടു നടത്താനായി വന്നവര്‍ ഉള്ളില്‍ കയറാനാകാതെ മടങ്ങിപ്പോയി. 10 മണിക്കാരംഭിച്ച സമരം ഒന്നര മണിയായിട്ടും അവസാനിക്കാത്തതിനെ തുടര്‍ന്ന് പൊന്നാനി എസ്.ഐ. എം. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വനിതാ പോലീസടക്കമുള്ളവര്‍ വന്ന് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു
No comments:
Post a Comment