Wednesday, March 09, 2011

പൊതുവിതരണ രംഗത്ത് എതിരാളികളുടെ പോലും പ്രശംസ നേടിയ കേരള മാതൃക


തിരുവനന്തപുരം: ”ഉയര്‍ന്ന പണപ്പെരുപ്പവും ആഗോള ഭക്ഷ്യവിലക്കയറ്റവും ഉണ്ടായിരുന്നിട്ടും പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ 13 ഇനം അവശ്യസാധനങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷമായി ഒരേ വിലയ്ക്ക് തന്നെ വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു”.
ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യവാചകമല്ല. ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ സാക്ഷ്യപ്പെടുത്തലാണ്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കണമെന്ന്് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് പോലും മറ്റ് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കേണ്ടിവന്നു എന്നതും ഈ രംഗത്ത് കേരളം എത്തിപ്പിടിച്ച നേട്ടങ്ങളെ സാധൂകരിക്കുന്നതാണ്. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികള്‍ എതിരാളികള്‍ക്ക് പോലും തലകുലുക്കി സമ്മതിക്കേണ്ടി വന്നുവെന്നതാണ് ഇതിലൂടെ വെളിവാകുന്നത്.
കേന്ദ്രത്തിന്റെ തെറ്റായ ഭക്ഷ്യനയത്തെ തുടര്‍ന്ന് താളം തെറ്റിയ പൊതുവിതരണ സമ്പ്രദായത്തെ തീവ്രശ്രമത്തിലൂടെ ശക്തിപ്പെടുത്തി വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശ്രദ്ധേയ നേട്ടം. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടും വിലക്കയറ്റത്തില്‍ രാജ്യത്ത് 17-ാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിപണി ഇടപെടല്‍ ഫലപ്രദമായി എന്ന് തെളിയിക്കുന്നു. എ പി എല്‍, ബി പി എല്‍ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും രണ്ട് രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നത്. എ പി എല്‍, ബി പി എല്‍ വേര്‍തിരിവുകളില്ലാതെ മത്സ്യത്തൊഴിലാകള്‍, അസംഘടിത മേഖലയിലെ കര്‍ഷക തൊഴിലാളി, കയര്‍, കശുഅണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, തോട്ടം, ഖാദി, മണ്‍പാത്രനിര്‍മാണം, തഴപ്പായ നിര്‍മാണം തുടങ്ങിയ മേഖലയിലെ മുഴുവന്‍  തൊഴിലാളികള്‍ക്കും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ളവര്‍ക്കുമടക്കം 40 ലക്ഷം പേര്‍ക്കാണ് രണ്ട് രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കി വന്നിരുന്നത്. ഈ മാസം അവസാനത്തോടുകൂടി മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാകും. 70 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 360 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്നത്.
വിലക്കയറ്റം തടയുന്നതിനുള്ള സ്ഥിരം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ ആദ്യമായി 80 കോടി രൂപ പ്ലാന്‍ ഫണ്ടായി നീക്കിവച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 10-20 കോടി രൂപ നോണ്‍പ്ലാന്‍ ഫണ്ടായി മാറ്റിവച്ചിരുന്ന സ്ഥാനത്തായിരുന്നു ഇത്. പ്രതിവര്‍ഷം 100 കോടിയില്‍പ്പരം രൂപ കമ്പോള ഇടപെടലിനായി മാത്രം ഇപ്പോള്‍ കേരളം ചെലവഴിക്കുന്നു. 13 ഇന അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 3000 റേഷന്‍ കടകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടുന്ന 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരി 14 മുതല്‍ നല്‍കി തുടങ്ങി. മികച്ച ഗുണനിലവാരമുള്ള അരി 16 രൂപയ്ക്ക് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്തുവരുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ അത്യന്താധുനിക സംവിധാനങ്ങളടങ്ങുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദിവാസി, തീരദേശ, ഗ്രാമീണപ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിതരണം കൂടുതല്‍ സുഗമമാക്കുന്നതിന് ഒന്‍പത് മാവേലി സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു.
നാല് വര്‍ഷം മുമ്പ് സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിച്ചിരുന്നത് 52 ലക്ഷം ജനങ്ങളായിരുന്നെങ്കില്‍ നിലവില്‍ അത് ഒരു കോടിയിലധികമായി ഉയര്‍ന്നു. 1700 ശബരി സ്റ്റോറുകള്‍, 322 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 868 മാവേലി സ്റ്റോറുകള്‍, അഞ്ച് പീപ്പിള്‍സ് ബസാറുകള്‍, 92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, മൂന്ന് എല്‍ പി ജി ഔട്ട്‌ലെറ്റുകള്‍, 12 പെട്രോള്‍ പമ്പുകള്‍, അഞ്ച് മരുന്ന് മൊത്ത വ്യാപാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ 3000ത്തോളം ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി പൊതുവിതരണ ശൃംഖല ശക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി 121 മാവേലി സ്റ്റോറുകളും 136 സൂപ്പര്‍ മാര്‍ക്കറ്റുകളും 44 മാവേലി മെഡിക്കല്‍ സ്റ്റോറുകളും 400 ശബരിസ്റ്റോറുകളും ഉള്‍പ്പെടെ 700ല്‍പുരം പുതിയ ഔട്ട്‌ലെറ്റുകള്‍ സപ്ലൈകോയ്ക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. സപ്ലൈകോയുടെ വിറ്റുവരവ് 706 കോടി രൂപയില്‍ നിന്ന് 2284 കോടി രൂപയായി വര്‍ധിപ്പിച്ചു. ഗുണനിലവാരത്തില്‍ ഉപഭോക്താവിന് തൃപ്തിയില്ലെങ്കില്‍ ഉല്‍പ്പന്നം തിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിച്ചു. സപ്ലൈകോയുടെ എല്ലാ വില്‍പ്പനശാലകള്‍  വഴിയും 12.70 രൂപയ്ക്ക് പുഴുക്കലരിയും പച്ചരിയും വിറ്റുവരുന്നു. സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി  ഇ-പര്‍ചേസ് സംവിധാനം ഏര്‍പ്പെടുത്തി. റേഷന്‍ വിതരണം മെച്ചപ്പെടുത്തുന്നതിനും അഴിമതി തടയുന്നതിനുമായി 2,58,989 ചില്ലറ മൊത്ത വ്യാപാരകേന്ദ്രങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി.
കേരളത്തിലെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് ഫോട്ടോപതിച്ച റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. മൊത്ത ചില്ലറ റേഷന്‍ കച്ചവടക്കാരുടെ കമ്മിഷന്‍ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യോപകദേശക വിജിലന്‍സ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. റേഷന്‍ വിതരണത്തിലെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍(1800 425 1550 )ലഭ്യമാക്കി. പൊതുവിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനായി മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്തുകള്‍ നടത്തിവരുന്നു. ഓണക്കാലത്ത് 30 കോടി രൂപ ചിലവിട്ട് 20 ലക്ഷം ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഓണം, ക്രിസ്മസ്, ബക്രീദ് തുടങ്ങിയ ഉത്സവ കാലങ്ങളില്‍ ജില്ലകള്‍തോറും കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും മിതമായ വിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്തതിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമേകി. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷത്തിലധികം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി ഒന്‍പതു കോടി രൂപ ചിലവിട്ടു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ അഞ്ച് കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്തു. പട്ടിക വര്‍ഗവിഭാഗത്തിന് ഓണത്തിന് 12 കിലോ അരി സൗജന്യമായി നല്‍കി. ഏഷ്യയിലെ ഏറ്റവും മികച്ച ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് മൈക്രോ ബയോളജി ലാബ് കോന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോന്നിയില്‍ 70 കോടി രൂപ മുതല്‍ മുടക്കുള്ള ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് ഭക്ഷ്യവകുപ്പിന് 35 ഏക്കര്‍ സ്ഥലം ലഭ്യമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നെല്ലിന്റെ സംഭരണവില ഏഴ് രൂപയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 13 രൂപയ്ക്കാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനമ് നെല്ല് സംഭരിക്കുന്നത്. സംഭരണവില 14 രൂപയായി ഉയര്‍ത്താനും ബജറ്റില്‍ തീരുമാനിച്ചു. 70,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സംഭരണവില 10 രൂപമാത്രമാണ്. 2009-10ല്‍ മാത്രം 2.68 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. അതിന്റെ വിലയായി 322 കോടി രൂപ 68,694 കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകകയും ചെയ്തു. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇനിയും ധാരാളമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍ക്കെതിരെ ശക്തമായ ബദല്‍മാര്‍ഗങ്ങള്‍ എന്താണെന്ന് രാജ്യത്തിനാകെ കാട്ടിക്കൊടുക്കാനായി എന്നതാണ് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രധാന നേട്ടം.

No comments:

Post a Comment