Wednesday, March 09, 2011

സീറ്റ് കുടുംബസ്വത്താക്കിയവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് എറണാകുളം ഡി സി സി

കൊച്ചി: മൂന്നുതവണ നിയമസഭാംഗമായവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് എറണാകുളം ഡി സി സി ഭാരവാഹിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയില്‍ ഘടകകക്ഷികള്‍ക്ക് മൂന്നില്‍ കൂടുതല്‍ സീറ്റ് അനുവദിക്കരുതെന്നും ഭാരവാഹിയോഗം നിര്‍ദേശിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ നിര്‍ദേശം കെ പി സി സിക്ക് അയച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു.
ജയിക്കുന്നവര്‍ സീറ്റ് കുടുംബസ്വത്തുപോലെ വച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് അങ്കമാലിയിലെ മുന്‍ എം എല്‍ എ പി ജെ ജോയി ഇക്കുറി സ്ഥാനാര്‍ഥിയാകാനില്ലെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് സംഘടനാപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനു ചേര്‍ന്ന ഡി സി സി ഭാരവാഹിയോഗത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാനാണ് ഭൂരിഭാഗംപേരും ശ്രമിച്ചത്. 
മൂന്നുതവണ ജയിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ കച്ചകെട്ടുന്നതിനെതിരെ കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനാണ് ആദ്യം രൂക്ഷമായി എതിര്‍ത്തത്. കെ ബാബു തൃക്കാക്കരയില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കെ പി സി സി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പുതന്നെ ഒരു എം എല്‍ എ താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ബൂത്ത് യോഗങ്ങളില്‍ പറഞ്ഞുവെന്നായിരുന്നു ജമാല്‍ മണക്കാടന്റെ ആരോപണം. ഈ എം എല്‍ എ വി ഡി സതീശനല്ലെന്നും അദ്ദേഹം പറഞ്ഞതോടെ ആരോപണം ബാബുവിനുനേരെ തിരിഞ്ഞു. ഡി സി സി പ്രസിഡന്റുമാര്‍ മത്സരിക്കരുതെന്ന് മറ്റൊരു ഡി സി സി സെക്രട്ടറി ശിവശങ്കരന്‍  പറഞ്ഞു. അഥവാ മത്സരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഡി സി സി പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നുതവണ വിജയിച്ച പി പി തങ്കച്ചന്‍, വി ജെ പൗലോസ്, കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, പി ജെ ജോയി, എം എ കുട്ടപ്പന്‍ എന്നിവരെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. ഇതേത്തുടര്‍ന്നാണ് പി ജെ ജോയി താന്‍ ഇത്തവണ മത്‌സരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. ജോയിയുടെ മാതൃക മറ്റുള്ളവരും പിന്തുടരണമെന്ന് പിന്നാലെ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടെങ്കിലും കെ ബാബു അടക്കം ആരും പ്രതികരിച്ചില്ല.
ജില്ലയിലെ കിഴക്കന്‍ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് വര്‍ഷങ്ങളായി തീറെഴുതിയിരിക്കുകയാണെന്ന് അവിടെനിന്നുള്ള ബ്ലോക്ക് പ്രസിഡന്റുമാരും ഡി സി സി ഭാരവാഹികളും പരാതിപ്പെട്ടു. കോതമംഗലത്ത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ടി യു കുരുവിളയെ ഒരു കാരണവശാലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി പി പി ഉതുപ്പാന്‍ പറഞ്ഞു. വനഭൂമി കൈയേറിയ കുരുവിളയുടെയും മക്കളുടെയും വീട്ടിലേക്ക് മാര്‍ച്ച് ചെയ്തതിന്റെ പേരില്‍ നിരവധി കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. അങ്ങിനെയുള്ള കുരുവിളയെ എന്തിന്റെ പേരില്‍ കെട്ടിയിറക്കിയാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസുകാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈപ്പത്തിക്ക് വോട്ട്‌ചെയ്ത കാലം മറന്നെന്നായിരുന്നു മൂവാറ്റുപുഴയിലെ ഡി സി സി ഭാരവാഹിയായ മുഹമ്മദ് ബഷീറിന്റെ വിലാപം. കെപിസിസി ഭാരവാഹികളായ ബെന്നി ബെഹന്നാന്‍, എന്‍ വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ് ഡല്‍ഹിക്ക് തിരിച്ചു. തന്റെ സീറ്റ് ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കായാണ് തിടുക്കത്തിലുള്ള ഡല്‍ഹി യാത്ര.

No comments:

Post a Comment