Friday, March 11, 2011

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി


കേരളത്തിലെ പ്രമുഖനായ ജനകീയാരോഗ്യപ്രവര്‍ത്തകരില്‍ ഒരാളും കേരളാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലിനോട് ആരോഗ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുമെന്ന് ചോദിച്ചാല്‍ ഉത്തരം ഹ്രസ്വം :  “കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി!”


“ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആധുനികചികിത്സ ഉറപ്പാക്കിയതു മാത്രം മതി ആരോഗ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും ജനപക്ഷനിലപാട് മനസ്സിലാക്കാൻ”.

മുൻകാലങ്ങളിൽ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കാതിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ഏത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും വെല്ലുംവിധം ആധുനികവല്‍ക്കരിച്ചതിന് മന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ. ജനകീയാരോഗ്യമേഖലയിലെ അവിശ്വസനീയമായ ഈ നേട്ടങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് കഷ്ടം” -ഡോ. ഇക്ബാല്‍ പറയുന്നു.

സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കി വളര്‍ത്തുകയും സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുകയും ചെയ്ത ഘട്ടത്തില്‍നിന്നാണ് ശ്രീമതി ടീച്ചര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്തിയത്. ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ട കേരള ആരോഗ്യമാതൃക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത്.

പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആവിര്‍ഭാവവും  ജീവിതശൈലീരോഗങ്ങളുടെ വര്‍ധനവും വര്‍ധിച്ച അപകട, ആത്മഹത്യാനിരക്കുകളും കേരളത്തിന് രോഗികളുടെ സ്വന്തം നാട് എന്ന ചീത്തപ്പേര് സമ്മാനിച്ചിരുന്നു. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ആരോഗ്യമേഖല ശോഷിച്ചുവരികയും ചെയ്ത കാലത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ ആശയങ്ങള്‍ സധൈര്യം നടപ്പാക്കിയത്.

ആസൂത്രണത്തിന്റെ അഭാവവും വികസനക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും മൂലം സാധാരണജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെ ദരിദ്രരില്‍ 40 ശതമാനം പേര്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുവരെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസം അവിശ്വസനീയമാണ്.

ചിസ് പദ്ധതിപ്രകാരം 45 ശതമാനം കുടുംബങ്ങള്‍ക്ക് 70,000 രൂപവരെ ചികിത്സാ സഹായം ലഭ്യമാക്കിയതും താലോലം പദ്ധതിയിലൂടെ 18വയസ്സുവരെയുള്ളവര്‍ക്ക് ഗുരുതരരോഗങ്ങള്‍ക്ക് സൌജന്യചികിത്സ ലഭ്യമാക്കിയതും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ് - ഡോ. ഇക്ബാല്‍ കൂട്ടിച്ചേർക്കുന്നു.

Courtesy: Desabhimani Daily.

No comments:

Post a Comment