Thursday, March 10, 2011

മാഫിയയുടെ സ്വന്തം ലോട്ടറി


ലോട്ടറിയില്‍ തൊട്ടാല്‍ പൊള്ളും എന്ന അവസ്ഥയാണിന്ന് കേരളത്തില്‍. ലോട്ടറി വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പല വിമര്‍ശനങ്ങളും വിരല്‍ ചൂണ്ടുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയുമാണ്. എന്നാല്‍ എല്ലാ മാദ്ധ്യമങ്ങളും ലക്ഷ്യമാക്കുന്നതാവട്ടെ സംസ്ഥാന ധനകാര്യമന്ത്രിയേയും. കായുള്ള മാവിലേ, കൊഴിയെറിയൂ എന്ന നാട്ടുന്യായമല്ല ഇതിന്റെ പിന്നില്‍ എന്നറിയാന്‍ സാമാന്യ രാഷ്ട്രീയ നിരീക്ഷണം മതി. കരാറൊപ്പിട്ട കാര്‍ത്തികേയനെ പോലും ഒഴിവാക്കി ലാവലിന്‍ കേസ് പിണറായി വിജയനെതിരായ കുറ്റപത്രമായി മാറിയതുപോലെ എല്ലാ ദുരൂഹതകളേയും തോമസ് ഐസക്‍ എന്ന വ്യക്തിയിലേക്കു മാത്രം ആരോപിച്ച് മാദ്ധ്യമങ്ങള്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കു കളമൊരുക്കുന്നു. ഈ സാഹചര്യത്തിലാണ് കലാകൌമുദി ആഴ്ചപ്പതിപ്പിനും http://malayal.am/ വെബ് പോര്‍ട്ടലിനും വേണ്ടി ഡോ. തോമസ് ഐസക്കുമായി അഭിമുഖം നടത്താന്‍ തയ്യാറായത്.
ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ ആറുവര്‍ഷമായി നിസംഗത തുടരുന്നു. ആ നിസംഗതയ്ക്കാകട്ടെ, രാഷ്ട്രീയഭേദമില്ല. യുഡിഎഫ് ഭരണകാലത്ത് കേന്ദ്രം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഗണിച്ചു, ഇപ്പോള്‍ വിഎസിനെയും. ഇതിനെതിരെ നമ്മുടെ ഒരു മാദ്ധ്യമത്തിനും ധാര്‍മ്മിക രോഷമില്ല.
യഥാര്‍ത്ഥത്തില്‍ കൈരളിയിലെ ലൈവ് നറുക്കെടുപ്പും സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിയ്ക്ക് നല്‍കിയ മുന്‍കൂര്‍ പരസ്യത്തുകയും സംബന്ധിച്ച് നിഗൂഢത ഉയര്‍ത്തുമ്പോള്‍, കേന്ദ്രത്തിന്റെ നിസംഗത, ഓണ്‍ലൈന്‍ ലോട്ടറിക്കേസില്‍ ചിദംബരം ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാനെത്തിയത്, കോടതിയില്‍ തോറ്റ വാദങ്ങള്‍ ചട്ടങ്ങളായി രൂപപ്പെട്ടത്, സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയയ്ക്കു നല്‍കിയ നിയമോപദേശവും ഡിവിഷന്‍ ബഞ്ചില്‍ അവര്‍ക്കനുകൂലമായി സ്വീകരിച്ച നിലപാടും, നളിനി ചിദംബരം തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്കു വേണ്ടി ഹാജരാകുന്നത് ഇതൊക്കെ നമ്മുടെ മാദ്ധ്യമങ്ങള്‍ സമര്‍ത്ഥമായി മറച്ചുവയ്ക്കുകയാണ്, ഡോ. തോമസ് ഐസക്‍ രോഷാകുലനാവുന്നു.
പ്രമാദമായ ലോട്ടറി വിവാദത്തെ കുറിച്ച് ഡോ. തോമസ് ഐസക്കുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമാണിത്. സ്ഥലപരിമിതി മൂലം കലാകൌമുദിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ ചോദ്യോത്തരങ്ങള്‍ സഹിതം തുടര്‍ന്നു വായിക്കുക.
  • ലോട്ടറിക്കേസില്‍ ഏറ്റവും ഒടുവിലുണ്ടായ ഹൈക്കോടതി വിധിയില്‍ താങ്കള്‍ ആവേശഭരിതനാണെന്ന് തോന്നുന്നു?
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന എല്ലാ നിലപാടുകളെയും ശരിവയ്ക്കുന്ന കോടതിവിധിയാണ് ആഗസ്റ് 30ന് പുറത്തുവന്നത്. കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന ഞങ്ങളുടെ നിലപാടും ഹൈക്കോടതി ശരിവച്ചു. രണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍ക്കാണ് കോടതിവിധി ഉത്തരം നല്‍കിയിട്ടുളളത്.
ഒന്ന്, ലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനും അവയെ നിരോധിക്കാനുമുളള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് കോടതി വിധി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. സംസ്ഥാനത്തിന്റേത് നികുതി പിരിക്കുന്നതിനുളള നിയമം മാത്രമാണെന്നും ഈ നിയമത്തിലുളള അധികാരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണാധികാരങ്ങളിലേയ്ക്ക് കടന്നുകയറാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കോടതി കണ്ടെത്തി. ഇതു തന്നെയാണ് കേരളം ഇതുവരെ പറഞ്ഞിരുന്നത്. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുളള അധികാരം സംസ്ഥാനത്തിന് നല്‍കണമെന്നാണ് കേന്ദ്രത്തിന് മുന്നില്‍ കേരളം മുന്നോട്ടു വച്ച ആവശ്യം.
രണ്ട്, കേന്ദ്ര ലോട്ടറി നിയന്ത്രണച്ചട്ടങ്ങളെക്കുറിച്ച് കേരളം ഉന്നയിച്ച ആക്ഷേപങ്ങളും ഹൈക്കോടതി ശരിവയ്ക്കുന്നു. 2010 മാര്‍ച്ച് മാസത്തില്‍ പുറപ്പെടുവിച്ച ലോട്ടറി നിയന്ത്രണ ചട്ടങ്ങളില്‍ പ്രതിദിനം 24 നറുക്കെടുപ്പുകളും പ്രതിവര്‍ഷം 12 ബംബറുകളും ആകാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ലോട്ടറികളെ ചൂതാട്ടത്തിന്റെ നിര്‍വചനത്തില്‍ നിന്ന് മോചിപ്പിച്ച് നിയമവിധേയമാക്കിയതും ഈ ചട്ടങ്ങളാണ്. രൂക്ഷമായ ഭാഷയിലാണ് കോടതി ഈ ചട്ടങ്ങളെ വിമര്‍ശിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുളള കുറ്റപത്രമാണ് ഹൈക്കോടതി വിധി.
As already held by the Division Bench of this court, violation of any of the conditions stipulated under section 4 of the Central Act is the look out of the Centre Government and the power, jurisdiction, competence to deal with such situation and to prohibit lottery vests exclusively with the Central Government. But the penalty and adverse consequences as stipulated in the state act with regard to the levy of Tax on lotteries is entirely different and by virtue the law declared already the state government is not supposed to transgress or encroach into the other field while exercising the power and jurisdiction under the state act directly or indirectly 
WP(C) No. 25632 of 2010 (D)
  • പക്ഷേ, അപ്പോഴും ഒരു പ്രശ്നമില്ലേ. ഏത് ലോട്ടറിയായാലും ആഴ്ചയില്‍ ഒരു നറുക്കെന്ന നിബന്ധന പാലിക്കണമെന്ന് കോടതി പറയുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് ഇതുവരെ അറിയില്ലായിരുന്നോ. ഈ നിബന്ധന വച്ച് ലോട്ടറി ചൂതാട്ടം നിയന്ത്രിക്കാനാകുമായിരുന്നില്ലേ..?
ഞാന്‍ ധനമന്ത്രിയാകുമ്പോള്‍ നാല് ലോട്ടറികള്‍ കേരള സര്‍ക്കാര്‍ നടത്തിയിരുന്നു. ആഴ്ചയില്‍ ഒന്നിലേറെ ലോട്ടറികള്‍ നടത്തുന്നത് ശരിയല്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് നോട്ടീസ് നല്‍കിയപ്പോള്‍ ഇക്കാര്യവും കൂടി കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത് അന്ന് സിംഗിള്‍ ബഞ്ച് ഗൌരവമായി കണക്കിലെടുക്കുകയും കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം പരിശോധിക്കണമെന്ന് സ്വമേധയാ ആവശ്യപ്പെടുകയും ചെയ്തു. ഈ പരാമര്‍ശം ലോട്ടറിക്കേസിലെ വിധിയില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
എന്നാല്‍ കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിടി ഗോപാലന്‍ അപ്പീല്‍ വേളയില്‍ സ്വമേധയാ ഹാജരായി. ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഡിവിഷന്‍ ബഞ്ച് ഇത് അംഗീകരിച്ചു. ഇതിനെതിരെ സുപ്രിംകോടതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അപ്പീല്‍ വിചാരണയിലാണ്.
ഇതിനിടയില്‍ അന്യസംസ്ഥാന ലോട്ടറികള്‍ സിക്കിമിന്റെയും ഭൂട്ടാന്റെയും പേരില്‍ ആഴ്ചയില്‍ രണ്ട് ഡസനിലേറെ നറുക്കെടുപ്പ് നടക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് കേരള ലോട്ടറിയുടെ നറുക്ക് നാലില്‍ നിന്ന് ഏഴായി ഉയര്‍ത്തിയത്. ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുളളൂ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സംശയമില്ല. അതുകൊണ്ടാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തത്.
  • അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്റെ ഇടപെടലുകള്‍ ദൂരുഹമല്ലേ? ആറുവര്‍ഷമായി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന പരാതികള്‍, രണ്ട് മുഖ്യമന്ത്രിമാരുടെ കത്തുകള്‍, ഇതൊക്കെ അവഗണിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ലോട്ടറി മാഫിയയ്ക്ക് അനുകൂലമായ വാദഗതികളുമായി ഹൈക്കോടതിയില്‍ എത്തുന്നു. എങ്ങനെ കാണുന്നു ഈ സ്ഥിതി വിശേഷം?
അതെ. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്നുവെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് നാം നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചില്‍ നിന്ന് ശ്രദ്ധേയമായ ഒരു വിധിയുണ്ടായി. സിക്കിം സര്‍ക്കാരിന്റെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കണ്ടെത്തി നാം നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി. ഭൂട്ടാന്‍ മറ്റൊരു രാജ്യമായതിനാല്‍ കേരളത്തില്‍ നടപടി തുടരാമെന്നും വിധിച്ചു. ഹൈക്കോടതി The matter cannot be left at that എന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State.
(WPC 30176/2006 dated January 10, 2007 എന്ന വിധിന്യായത്തില്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ നിരീക്ഷണം)
ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാചുമതലക്കാരന്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് തുടര്‍ച്ചയായി പരാതി നല്‍കുമ്പോള്‍ അത് ചെവിക്കൊള്ളാതിരിക്കുന്നത് ശരിയല്ല എന്ന് കോടതി പറഞ്ഞു. വിധി കൈപ്പറ്റി നാലു മാസത്തിനകം സിക്കിം ലോട്ടറിയുടെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ വിധിയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ് വി ടി ഗോപാലന്‍ സ്വമേധയാ രംഗപ്രവേശം ചെയ്യുന്നത്.
എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരുകാര്യമുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ലോട്ടറികളുടെ നിയമലംഘനം പരിശോധിക്കണമെന്ന് കോടതി പറഞ്ഞാല്‍, ആ നിരീക്ഷണം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നതെന്തിനാണ്? ലോട്ടറി നിയന്ത്രണ നിയമം ലോട്ടറികളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്നതല്ലേ? ഇവിടെ ഒരുകാര്യം വ്യക്തമാണ്. വി ടി ഗോപാലന്‍ സംരക്ഷിക്കുന്നത് ലോട്ടറി മാഫിയയുടെ താല്‍പര്യമാണ്.
Shri V . T. Gopalan, Additional Solicitor General appeared for the Union of India supported the finding of the learned single judge and submitted that there is no justification in giving a direction to the Central Government especially when no such prayer was made by the petitioner. Counsel reiterated that jurisdiction is conferred only on the Central Government to examine the violation of Section 4 of the Lotteries (Regulation) Act and no such power is conferred on the taxing authorities functioning under the Kerala Tax on Paper Lotteries Act.
[അന്യസംസ്ഥാന ലോട്ടറിയുടെ നിയമലംഘനം കേന്ദ്രം അന്വേഷിക്കണമെന്ന ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര അഭിഭാഷകന്റെ വാദം ഡിവിഷന്‍ ബഞ്ച് വിധിയില്‍ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നു. 30 3-3-2007ല്‍ ആക്ടിംഗ് ചീഫ് ജസ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച WA 101/2007 (a) വിധിന്യായത്തില്‍ നിന്ന്.]
ലോട്ടറി മാഫിയയുടെ സംരക്ഷണം ഏറ്റെടുത്താണ് അദ്ദേഹം ഈ ഭരണഘടനാപദവിയില്‍ വിഹരിക്കുന്നത്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വാദിച്ചുറപ്പിച്ചു.
കേരളം നടത്തിയ വിജിലന്‍സ് അന്വേഷണം കണ്ണില്‍ പൊടിയിടാനുളള തന്ത്രമാണെന്നും അതിന് യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും ഗോപാലന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഇതിന്റെയൊക്കെ സൂചന വ്യക്തമാണ്. കേന്ദ്രം ലോട്ടറി മാഫിയയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
  • നമ്മുടെ തലച്ചോറിന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തവിധത്തില്‍ ലോട്ടറി മാഫിയയുടെ വേരുകള്‍ പടര്‍ന്നിട്ടുണ്ട്?
ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇത്. ഭൂട്ടാന്‍ ലോട്ടറി ഏജന്റ് ശ്രീ ബാലാജി ഏജന്‍സീസ് എന്ന സ്ഥാപനത്തിന് വി ടി ഗോപാലന്‍ നല്‍കിയ ഉപദേശത്തിന്റെ സത്ത, നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, കേരള സര്‍ക്കാരിന് നിങ്ങളെ ഒന്നും ചെയ്യാനുളള അധികാരമില്ല എന്നാണ്. ഭൂട്ടാന്‍ സര്‍ക്കാരിന്റെ വ്യാപാര താല്‍പര്യത്തിന് ഹാനികരമാകുമെന്നതിനാല്‍, ഭൂട്ടാന്‍ സര്‍ക്കാരുമായി ലോട്ടറി ഏജന്റ് ഉണ്ടാക്കിയ ഉടമ്പടി വെളിപ്പെടുത്തേണ്ടതില്ലെന്നും വി ടി ഗോപാലന്‍ ആശ്വസിപ്പിക്കുന്നു. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം?
As stated in the correspondances of the Royal Govt. of Bhutan, Sree Balaji Agencies are their agents and that the agreement between the Royal Govt. of Bhutan and its agents could not be disclosed as that would affect the commercial interests of the Royal Govt. of Bhutan. If the State of Kerala is not convinced with the said correspondants addressed by the Royal Govt. of Bhutan, it will only be upon the Kerala Govt. and its functionaries to make any complaints or difficulties that the state may have in the matter of the sale of paper lottery tickets b the agents of Royal Govt. of Bhutan or its authorised agents for redressal before the Govt. of India.
[2006 ആഗസ്റ് 17ന് ശ്രീ ബാലാജി ഏജന്‍സീസിന് വി ടി ഗോപാലന്‍ നല്‍കിയ നിയമോപദേശം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ കത്തുകളെയും റിപ്പോര്‍ട്ടുകളെയും മറികടന്നാണ് ലോട്ടറി മാഫിയക്കാരന് വി ടി ഗോപാലന്‍ ഈ നിയമോപദേശം നല്‍കിയത്.]
ഭാഗ്യാന്വേഷികളായ സാധാരണക്കാരന്റെ പണം നിര്‍വിഘ്നം കൊള്ളയടിക്കാനുളള ഉപകരണമാക്കി ലോട്ടറിയെ സിക്കിം ചൂതാട്ടമാക്കി മാറ്റിക്കഴിഞ്ഞു. അച്ചടിച്ച് വിപണിയിലെത്തിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ചൂതാട്ട മാഫിയയ്ക്ക് മടക്കിക്കൊടുക്കുന്ന കോടികളുടെ വലിപ്പം നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല. മണി കുമാര്‍ സുബ്ബയെപ്പോലുളള ലോട്ടറി രാജാക്കന്മാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കിട്ടിയതും അയാള്‍ രണ്ടുതവണ അസംബ്ളിയിലേയ്ക്കും രണ്ടുതവണ ലോക്സഭയിലേയ്ക്കും കൈപ്പത്തി ചിഹ്നത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതും ഓര്‍മ്മയുളളവര്‍ക്ക് വി ടി ഗോപാലന്റെ സത്യവാങ്മൂലം അമ്പരപ്പിക്കുന്ന അനുഭവമല്ല.
കോണ്‍ഗ്രസിന്റെ ഖജനാവിലേയ്ക്ക് പ്രതിവര്‍ഷം 2000 മുതല്‍ 3000 വരെ കോടി രൂപയാണ് താന്‍ സംഭാവന ചെയ്യുന്നത് എന്ന് സുബ്ബ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേപ്പാളില്‍ ഒരു കൊലക്കേസ് പ്രതിയായ ഇയാള്‍ ഇന്ത്യയിലെത്തി, പൌരത്വം സ്വീകരിച്ച് നിയമസഭയിലും ലോക്സഭയിലും അംഗമായി എന്നത് നമ്മെ ഭയപ്പെടുത്തേണ്ട സംഭവമാണ്. കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. മണികുമാര്‍ സുബ്ബയുടെ കോടികള്‍ കൊണ്ട് ഖജനാവ് വീര്‍പ്പിച്ച ഒരു പാര്‍ട്ടി കേരളത്തിന്റെ പരാതികളും വിജിലന്‍സ് റിപ്പോര്‍ട്ടുകളും അവഗണിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഈ ചൂതാട്ടപ്പണത്തിന്റെ ബലത്തില്‍ സുപ്രിംകോടതിയെപ്പോലും അവഗണിക്കുന്നത് ജനാധിപത്യസംവിധാനത്തിന്റെ ആണിക്കല്ലിളക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
  • ലോട്ടറി വിവാദത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന ഒന്നാണ് നിങ്ങള്‍ നേരത്തെ പരാമര്‍ശിച്ച കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പ് ലംഘനങ്ങള്‍ അഥവാ സെക്ഷന്‍ 4 വയലേഷന്‍. എന്താണ് ഈ സുപ്രധാന നിയമ വകുപ്പ്?
ലോട്ടറി എങ്ങനെ നടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പ്. ഈ നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ ലോട്ടറികള്‍ സംഘടിപ്പിക്കാനും നടത്താനും കഴിയൂ. ലോട്ടറികളുടെ വരുമാനം പൊതു ഉപയോഗത്തിനായി ഖജനാവിലെത്തുന്നു, അമിതമായ ആസക്തി ജനിപ്പിക്കുന്ന ഘടന ഒഴിവാക്കുക, ലോട്ടറി നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാലാം വകുപ്പിലെ നിബന്ധനകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഒറ്റ നമ്പര്‍ ലോട്ടറികള്‍ പാടില്ല, മുന്‍കൂട്ടി സമ്മാന നമ്പറുകള്‍ പ്രഖ്യാപിക്കുന്ന രീതി പാടില്ല, ആഴ്ചയില്‍ ഒന്നില്‍ക്കൂടുതല്‍ നറുക്കെടുപ്പുകള്‍ പാടില്ല, ഒരു വര്‍ഷം ആറില്‍ കൂടുതല്‍ ബംബര്‍ നറുക്കെടുപ്പുകള്‍ പാടില്ല, ഭാഗ്യക്കുറികളുടെ വിറ്റുവരുമാനം ഖജനാവില്‍ ഒടുക്കണം, നിശ്ചിതസമയത്തിനുളളില്‍ വാങ്ങാത്ത സമ്മാനത്തുകകള്‍ പൊതുപ്പണമായി മാറും, സംസ്ഥാനത്തിന്റെ മുദ്രയോടു കൂടി സംസ്ഥാന സര്‍ക്കാര്‍ തന്നെ ലോട്ടറികള്‍ അച്ചടിക്കണം, സംസ്ഥാന സര്‍ക്കാര്‍ നേരിട്ടോ വിതരണക്കാരോ ഏജന്റുമാരോ മുഖാന്തിരമോ ടിക്കറ്റുകള്‍ വിറ്റഴിക്കണം, നറുക്കെടുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ നടത്തണം, നറുക്കെടുപ്പുകള്‍ സംസ്ഥാനത്തിനുളളില്‍ തന്നെ നടത്തണം, നറുക്കെടുപ്പുകളുടെ സ്ഥലം, സമയം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കണം തുടങ്ങിയവയാണ് ഈ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
ഇപ്പോള്‍ പുറപ്പെടുവിച്ച കേന്ദ്രലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ഈ നാലാം വകുപ്പിന്റെ ലംഘനമാണ് എന്നും ലോട്ടറി നിയന്ത്രണത്തിന് വേണ്ടി നിര്‍മ്മിച്ച നിയമത്തിന്റെ അന്തസത്തയ്ക്ക് കടകവിരുദ്ധമാണ് എന്നുമുളള കുറ്റാരോപണമാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയിരിക്കുന്നത്.
  • ഈ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോഴാണല്ലോ അന്യസംസ്ഥാന ലോട്ടറികളുടെ കളളത്തരങ്ങളെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്തുകൊണ്ട് ഇവയൊക്കെ സംസ്ഥാന സര്‍ക്കാരിന് തന്നെ നേരത്തെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല?
ഇത് പൂര്‍ണമായും ഒരു തെറ്റിദ്ധാരണയാണ്. സംസ്ഥാന സര്‍ക്കാര്‍ 2006ല്‍ നടത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയതിനെക്കാള്‍ ഒരു കണ്ടുപിടിത്തവും ഇന്നാരും നടത്തിയിട്ടില്ല. അന്യസംസ്ഥാന ലോട്ടറികള്‍ കേന്ദ്രലോട്ടറി നിയന്ത്രണ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിജിലന്‍സ് അന്വേഷണം തെളിയിച്ചു. നിയമത്തിന്റെ നാലാം വകുപ്പിന്റെ നിബന്ധനകളെല്ലാം ഇക്കൂട്ടര്‍ ലംഘിക്കുന്നുവെന്ന് തെളിവുകള്‍ സഹിതം വിജിലന്‍സ് കണ്ടെത്തി.
  1. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ ഭാഗ്യക്കുറികളുടെ വിറ്റുവരുമാനം പൊതുഖജനാവില്‍ ഒടുക്കുന്നില്ല. ഇത് ഭാഗ്യക്കുറി നിയന്ത്രണ നിയമം 4 (ഡി) വകുപ്പിന്റെ ലംഘനമാണ്.
  2. ഭാഗ്യക്കുറി നടത്തുന്ന സര്‍ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഭാഗ്യക്കുറികള്‍ അച്ചടിക്കുന്നത് ഏജന്റുമാരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാഗ്യക്കുറി നിയന്ത്രണ നിയമം വകുപ്പ് 4 (ബി)യുടെ ലംഘനമാണിത്.
  3. വ്യത്യസ്ത പേരുകളില്‍ ഒരാഴ്ചയില്‍ എല്ലാദിവസവും ഒട്ടേറെ നറുക്കെടുപ്പുകള്‍ നടത്തുന്നു. നിയമത്തിലെ 4 (എച്ച്) വകുപ്പിന്റെ ലംഘനമാണിത്.
  4. ഒരാഴ്ചയില്‍ ഒരു ലോട്ടറിയ്ക്ക് ഒരു നറുക്കെടുപ്പില്‍ കൂടുതല്‍ പാടില്ല എന്ന് ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ആഴ്ചയില്‍ 28 നറുക്കുകള്‍ വരെ നടത്തുന്നു.
  5. മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സിയുമായി സിക്കിം സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ മൊത്തവിതരണക്കാരന്റെ പൂര്‍ണ വിലാസം വെളിപ്പെടുത്തിയിട്ടില്ല.
  6. ലോട്ടറി നിയന്ത്രണ നിയമത്തിന്റെ 4 (സി) വകുപ്പ് പ്രകാരം സംസ്ഥാന ഭാഗ്യക്കുറിയുടെ ഏജന്റാണെന്നുളളതിന് ഔദ്യോഗിക രേഖകളുടെ അസല്‍ ഹാജരാക്കിയിട്ടില്ല.
  7. അച്ചടിക്കുന്ന ലോട്ടറികളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇത് ഭാഗ്യക്കുറി നിയന്ത്രണ നിയമത്തിന്റെ 4 (ബി), ടാക്സ് ഓണ്‍ പേപ്പര്‍ ലോട്ടറി നിയമത്തിന്റെ 19, 20, 26 എന്നീ വകുപ്പുകളുടെ ലംഘനമാണ്.
  8. ഭൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ത്തല്‍ ചെയ്ത കുയില്‍, സിംഗം എന്നീ സ്കീമുകള്‍ തൊട്ടടുത്ത ദിവസം സിക്കിം സര്‍ക്കാരിന്റേതായി ആരംഭിക്കുന്നു. ഏജന്റുമാരുടെ തന്നിഷ്ടപ്രകാരമാണ് ഭാഗ്യക്കുറികള്‍ നടത്തുന്നത് എന്ന് ഇത് തെളിയിക്കുന്നു. ഇത് നാലാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്.
ഇതെല്ലാമാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തല്‍.
  • ഇത്ര ആധികാരികതയോടു കൂടിയുളള ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്?
നടപടി സ്വീകരിച്ചല്ലോ. രണ്ട് നടപടികളാണ് കൈക്കൊണ്ടത്. ഒന്ന്, നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളുടെ അംഗീകാരം റദ്ദാക്കാന്‍ നോട്ടീസ് നല്‍കി. റിപ്പോര്‍ട്ട് കിട്ടി രണ്ടാഴ്ചയ്ക്കകമാണ് ഈ നോട്ടീസ് നല്‍കിയത്. രണ്ട്, വിജിലന്‍സ് സമാഹരിച്ച സകല തെളിവുകളോടും കൂടി ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തുടര്‍ നടപടികള്‍ക്കായി നല്‍കി.
In order to measure the depth of violation Government ordered a vigilance probe recently. It revealed large scale of violation of Sect. 4 of Central Act even by the Paper Lotteries organised in this state on behalf of Sikkim and Bhuttan Governments. Copy of the report is enclosed. It carries a clear evidence and ample proof to ban these lotteries, whose only intention to exploit innocent people –
[10-11-2006 ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് അയച്ച DO No. 15055/H1/06/TD എന്ന കത്തിലെ പ്രസക്തഭാഗം]
  • വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലും കേന്ദ്രസര്‍ക്കാരിനും സമര്‍പ്പിച്ചില്ല എന്ന് ആക്ഷേപമുണ്ടല്ലോ?
പച്ചക്കളളമാണ് ഇത്. ആവര്‍ത്തിച്ച് പറഞ്ഞ് ശുദ്ധനുണയെ ആധികാരിക വസ്തുതയാക്കാനാണ് ശ്രമം. നേരത്തെ നോട്ടീസ് നല്‍കിയ കാര്യം ഞാന്‍ പറഞ്ഞുവല്ലോ. ഈ നോട്ടീസ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അക്കമിട്ട് കുറ്റാരോപണമായി നിരത്തിയാണ് നല്‍കിയിട്ടുളളത്. ഈ നോട്ടീസിനെയാണ് ലോട്ടറി നടത്തിപ്പുകാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്.
കോടതി വിധിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് വിധിയിലുളള ഈ പരാമര്‍ശം എത്രയോ തവണ നിയമസഭയിലും മാദ്ധ്യമങ്ങളിലും ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവടക്കം എല്ലാവരും അത് പലവട്ടം അംഗീകരിച്ചതുമാണ്.
ഉദാഹരണത്തിന് 2009 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ ആലോചിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഞാനും ഒപ്പിട്ട ഒരു നിവേദനം പ്രധാനമന്ത്രിയ്ക്ക് നല്‍കുകയുണ്ടായി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തത് ദൌര്‍ഭാഗ്യകരമാണ് എന്ന പരാമര്‍ശം അടങ്ങിയതാണ് സര്‍വകക്ഷി നിവേദനം.
എന്തിന്, സിക്കിം സര്‍ക്കാരിന്റെ 2007ലെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വരെ കേരളത്തിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൌരവപൂര്‍വം പരിശോധിക്കണമെന്നാണ് സി ആന്റ് എജിയുടെ നിരീക്ഷണം.
ഈ റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചു എന്നൊക്കെ പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം.
  • 5000 കോടിയുടെ നികുതിക്കുടിശിക പിരിച്ചെടുക്കുന്നില്ല എന്ന് കഴിഞ്ഞ സര്‍ക്കാരിനെതിരെ നിങ്ങള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഈ ആരോപണം നിങ്ങള്‍ക്കെതിരെ തിരഞ്ഞിരിക്കുകയാണ്. എന്താണ് വസ്തുത? 32 കേസുകളല്ലേ ഈ സര്‍ക്കാരിന്റെ കാലത്ത് തോറ്റത് ?
പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നിക്കുന്ന ഒരു ആരോപണമാണിത്. എന്നാല്‍ സത്യമെന്താണെന്നു വച്ചാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേയ്ക്കും ഈ കുടിശിക പിരിച്ചെടുക്കാന്‍ നിയമപരമായി കഴിയാത്ത സ്ഥിതി വന്നിരുന്നു.
ഇത് ബോധ്യപ്പെടണമെങ്കില്‍ നികുതിക്കുടിശിക എങ്ങനെ വന്നുവെന്ന് ആദ്യം അറിയണം. യുഡിഎഫിന്റെ ഭരണകാലത്ത് ലോട്ടറി വകുപ്പാണ് 5000 കോടിയുടെ നികുതി കുടിശിക കണ്ടെത്തിയത്. അന്നത്തെ എല്‍ഡിഎഫോ പ്രതിപക്ഷ നേതാവോ അല്ല. അക്കാലത്ത് ലോട്ടറിയുടെ മേല്‍ എട്ട് ശതമാനം വില്‍പന നികുതി ഉണ്ടായിരുന്നു. എന്നാല്‍ നിയമപരമായി നികുതി പിരിക്കുന്നതിന് ആവശ്യമായ ഡിമാന്റ് നോട്ടീസ് നല്‍കാന്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.
ഈ സമയത്ത് സുപ്രിംകോടതിയില്‍ ചില സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ലോട്ടറിയിന്മേല്‍ വില്‍പന നികുതി ഈടാക്കാം എന്ന സുപ്രിംകോടതിയുടെ ഒരു വിധിയെ കോടതി തന്നെ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. സണ്‍ റൈസ് കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ കേസില്‍ വിധി വന്നത് 2006 ഏപ്രില്‍ 28നാണ്. അതായത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ മാസം.
ലോട്ടറി ചരക്കല്ല, അതിന്മേല്‍ വില്‍പന നികുതിയും പാടില്ല എന്നായിരുന്നു വിധി. ഈ വിധിയോടു കൂടി വില്‍പന നികുതി കുടിശിക ഈടാക്കാനാവാത്ത നിലവന്നു. എന്നിട്ടും വിധിയ്ക്ക് മുന്‍കാല പ്രാബല്യമില്ല എന്ന ന്യായത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിശികക്കാര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കി. വിധി വരുന്നതിന് മുമ്പ് കുടിശികയായ തുകയാണ് എന്ന ന്യായത്തിലായിരുന്നു ഇത്.
പക്ഷേ, അപ്പോഴേയ്ക്കും മറ്റൊരു കേസില്‍ എന്താണ് പില്‍ക്കാല പ്രാബല്യം എന്നതിനെ സംബന്ധിച്ച് വ്യക്തമായ കോടതിവിധി വന്നു. സര്‍ക്കാര്‍ പിരിച്ചെടുത്ത തുക തിരിച്ചുനല്‍കേണ്ട, പുതുതായി ഒന്നും പിരിക്കരുത്, ബാങ്ക് ഗ്യാരണ്ടി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നുപോലും പണം ഈടാക്കാന്‍ പാടില്ല. ഇതാണ് വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് ലഭിച്ചവര്‍ കോടതിയെ സമീപിച്ചു. കോടതി കേസുകള്‍ ഒന്നു രണ്ട് ബാച്ചുകളായി കേട്ട് സണ്‍റൈസ് കേസ് വിധിയുടെ അടിസ്ഥാനത്തില്‍ ഡിമാന്റ് നോട്ടീസ് റദ്ദാക്കി. സന്ദര്‍ഭവശാല്‍ പറയട്ടെ, 32 കേസുകള്‍ തോറ്റു എന്ന് പ്രചരിപ്പിക്കുന്നതില്‍ 27 എണ്ണം ഇതാണ്.
ഇതെന്താണ് വ്യക്തമാക്കുന്നത്? സണ്‍റൈസ് വിധി വരുന്നതിന് മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പണം പിരിച്ചെടുത്തിരുന്നുവെങ്കില്‍ അത് ഖജനാവിലെത്തുമായിരുന്നു. അന്ന് പിരിക്കാതിരുന്നതിന് സമാധാനം പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്.
  • വ്യാജലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോ. എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനം തന്നെ ചെയ്യേണ്ടേ?
നിയമസഭയിലും പാര്‍ലമെന്റിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് കൃത്യമായ മറുപടി നല്‍കുന്നത്. കേന്ദ്രനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ ആര്‍ക്കാണ് നടപടി സ്വീകരിക്കാന്‍ അധികാരമെന്നായിരുന്നു ചോദ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് എന്ന് കൃത്യമായി ഉത്തരം ലഭിക്കുമായിരുന്നു. അതിന് പകരം വ്യാജലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നടപടി സ്വീകരിക്കാമോ എന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരം കിട്ടി. അതുകൊണ്ട് വ്യാജലോട്ടറി എന്തെന്ന് മനസിലാക്കണം.
കേന്ദ്രലോട്ടറി നിയന്ത്രണ നിയമപ്രകാരം സര്‍ക്കാരുകള്‍ക്ക് മാത്രമേ ലോട്ടറി നടത്താനാവൂ. അതും നിയമത്തിന്റെ നാലാംവകുപ്പില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി. കേരളത്തിലാണെങ്കില്‍ ലോട്ടറി നടത്തുന്നതിന് മുന്‍കൂര്‍ നികുതിയും നല്‍കണം. നികുതി നല്‍കാതെ നടത്തിയാല്‍ അത് വ്യാജലോട്ടറിയാണ്. സര്‍ക്കാരുകളല്ലാതെ മറ്റാരെങ്കിലും ലോട്ടറി നടത്തിയാലും അത് വ്യാജമാണ്.
കേരളത്തിലെ പ്രധാന പ്രശ്നം, സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികളുടെ നിയമലംഘനമാണ്. ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സമ്പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് കോടതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്രമാകട്ടെ, തങ്ങളുടെ ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുന്നില്ല. ലോട്ടറിയുടെ ചൂതാട്ടസ്വഭാവം ഒഴിവാക്കുന്നതിനുളള നിയമമാണ് ലോട്ടറി നിയന്ത്രണ നിയമമെന്ന വസ്തുത പോലും അവര്‍ വിസ്മരിക്കുന്നു. ഓണ്‍ലൈന്‍ ലോട്ടറിയെ നിയമവിധേയമാക്കുകയും പ്രതിദിനം 24 നറുക്കുകള്‍ വരെ അനുവദിക്കുകയും ചെയ്ത പുതിയ ചട്ടം ഇതാണ് കാണിക്കുന്നത്. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടുളളത്.
കേരള പേപ്പര്‍ ലോട്ടറി നികുതി നിയമം ലംഘിക്കുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അതേ പോലെ കേന്ദ്രനികുതി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
  • ലോട്ടറി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റേത് അമ്പരപ്പിക്കുന്ന നിശബ്ദതയാണ്. സംസ്ഥാന സര്‍ക്കാരും കോടതികളും ആവര്‍ത്തിച്ച് നടപടിയാവശ്യപ്പെട്ടിട്ടും അത് ഭഞ്ജിക്കപ്പെട്ടിട്ടില്ല. നടപടി ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ ഉയര്‍ത്തിയ ആവശ്യങ്ങളുടെ ചരിത്രം ഒന്നു വിശദീകരിക്കാമോ?
ആ ചരിത്രത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് 2010 മാര്‍ച്ച് 11ന് സുപ്രിംകോടതി നല്‍കിയ ഇടക്കാല ഉത്തരവ് ഒന്ന് പറയേണ്ടതുണ്ട്. കേന്ദ്രലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് സുപ്രിംകോടതി പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ഹൈക്കോടതി ചെയ്തിരിക്കുന്നത്. കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ പ്രകാരം അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് വ്യവസ്ഥയുണ്ട്. ഈ ചട്ടം നിലവില്‍ വന്നതിന് ശേഷം സിക്കിമിന്റെയും ഭൂട്ടാന്റെയും നിയമലംഘനം നാം ശ്രദ്ധയില്‍ പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്താണ്? അവയെടുത്ത് അതത് സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുത്തു. പോസ്റ്റുമാന്റെ പണി ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈകഴുകി.
കേരളത്തിന്റെ പരാതികള്‍ക്ക് കുറഞ്ഞത് ആറുവര്‍ഷത്തെ പഴക്കമുണ്ട്. 2004ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവരുടെ നിയമലംഘനം സംബന്ധിച്ച് വിശദമായ പരാതി നല്‍കി. തുടര്‍ന്ന് നിയമലംഘനം സംബന്ധിച്ച് വെല്‍ ഡോക്യുമെന്റഡ് ആയി പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും രണ്ടു കത്തുകളെഴുതി.
Provisions of the Act clearly stipulate as to how State Lotteries should be conducted. Heart and soul of the Act if Section 4. Our experience has proved beyond doubt that the Act is followed more in breach than in practice. Other State Lotteries and on-line lotteries are conducted in flagrant violation. It was brought to the notice of Home Ministry on several occassions with well documented report.
[6-4-2005ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച DO No. 7598/H1/2005 TD കത്തില്‍ നിന്ന്. വിശദമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് പലവട്ടം അയച്ചുവെന്ന് ഈ കത്തില്‍ പരാമര്‍ശിക്കുന്നു.]
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിജിലന്‍സ് അന്വേഷണം നടത്തി. 2006 പത്താം മാസത്തില്‍ കിട്ടിയ റിപ്പോര്‍ട്ട് പതിനൊന്നാം മാസം ആദ്യം മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയ്ക്ക് അയച്ചുകൊടുത്തു. ഞാന്‍ ദില്ലിയില്‍ പോയി അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് നേരിട്ട് നിവേദനം നല്‍കി. തുടര്‍ന്ന് പതിനഞ്ചോളം കത്തുകള്‍. ഓരോ ഘട്ടത്തിലും പ്രശ്നത്തിന്റെ ഗൌരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും സംസ്ഥാനം കേണപേക്ഷിച്ചിട്ടും ലോട്ടറി മാഫിയയ്ക്കെതിരെ ചെറുവിരലനക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പക്ഷേ, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണോ സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യോഗിക പ്രമോട്ടര്‍ എന്ന് ചോദിച്ച്, ഇപ്പോഴത്തെ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം കേന്ദ്രത്തിന് ഒരു കത്തയച്ചു. മേഘ തന്നെ എന്ന് ഉത്തരം പറഞ്ഞത് കേവലം നാലേ നാല് പ്രവൃത്തി ദിവസങ്ങള്‍ക്കകമാണ്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനം.
കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തര്‍ക്കം, ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നത് സംബന്ധിച്ചാണല്ലോ. കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഈ അധികാരം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല? ഇത്രയധികം പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നിട്ടും എന്തുകൊണ്ട് ദുരൂഹമായ ഈ മൌനം? ഇതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.
  • എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്തത് എന്നാണ് നിങ്ങളുടെ അഭിപ്രായം?
ലോട്ടറി മാഫിയയ്ക്ക് കേന്ദ്രസര്‍ക്കാരിലുളള സ്വാധീനത്തിന്റെ ആഴമാണ് അത് വ്യക്തമാക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ ലോട്ടറി ചട്ടങ്ങളെ കുറിച്ച് ഹൈക്കോടതി തന്നെ പറഞ്ഞത് വായിച്ചാല്‍ വ്യക്തമാകും. ലോട്ടറിയുടെ പ്രലോഭനങ്ങളില്‍ വീണുപോകുന്ന ശുദ്ധാത്മാക്കളായ പാവങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ഇല്ലാതാക്കുന്നതിനും ആണ് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഉണ്ടാക്കിയിട്ടുള്ളത് എന്നും, ഇപ്പോള്‍ 12 വര്‍ഷത്തിന് ശേഷം ഈ നിയമത്തിനുണ്ടാക്കിയിരിക്കുന്ന ചട്ടങ്ങളില്‍ പ്രത്യേകിച്ചും എത്ര നറുക്കെടുപ്പുകളും അംഗീകരിക്കുന്ന ചട്ടം ആറ് നിയമത്തിന്റെ ഉദ്ദേശത്തേയും അന്തസത്തയെയും പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. ഒരു ചട്ടം, നിയമത്തിന്റെ വ്യവസ്ഥകള്‍ നടപ്പാക്കാനുളളതാണെന്നും അതിനപ്പുറം പോകരുതെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നു.
"... Since the purpose of the enactment is to mitigate the hardships of the lottery – prone poorer sections of the society and thus to save their families, the rules now framed by the government, after nearly 12 years of the enactment, particularly under Rule 6 providing for any number of draws as stated their in, virtually defeats the purpose of the enactment. A Rule has necessarily to sub serve the Act and can never override the provisions of the Act.
[ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ 2010 ആഗസ്റ് 30ന് പുറപ്പെടുവിച്ച വിധിയുടെ പ്രസക്തഭാഗം]
ഇത്തരം ചട്ടങ്ങള്‍ രൂപപ്പെടുത്തിയത് എന്തിന് വേണ്ടിയാണ് എന്ന ചോദ്യത്തില്‍ എല്ലാ ഉത്തരങ്ങളുമുണ്ട്.
  • സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലേ...?
അന്യസംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രമോട്ടര്‍മാരില്‍ നിന്നും കേരള പേപ്പര്‍ ലോട്ടറി നികുതി നിയമപ്രകാരം നികുതി വാങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കണ്ടെത്തിയ കോടതി കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥ പ്രകാരം ആഴ്ചയ്ക്ക് ഒരു നറുക്കെടുപ്പിനുളള നികുതി വാങ്ങിയാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി തികച്ചും സ്വാഗതാര്‍ഹമാണ്.
  • പക്ഷേ, പ്രതിപക്ഷം പറയുന്നത് അങ്ങനെയല്ലല്ലോ...?
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോട്ടറി വിവാദം ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം സ്വീകരിച്ച നടപടിയെന്താണ്? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഈ ലോട്ടറികള്‍ നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
2004 ജനുവരി 12ന് അന്നത്തെ ടാക്സ് സെക്രട്ടറി സാജന്‍ പീറ്റര്‍ അയച്ച കത്തുണ്ട്. സിക്കിം, ഭൂട്ടാന്‍ തുടങ്ങി അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനം വിശദമായ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയ ശേഷം ആ കത്ത് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്...
In view of the facts explained above, I am to request you to temporarily suspend the operation of the above lotteries in the State of Kerala by exercising the powers vested with the Central Government as per Section 6 of the Lotteries (Regulation) Act 1998, so that they can be brought under the regulation envisaged in the Central Act.
അതിനേക്കാള്‍ വിശദമായ ഒരു റിപ്പോര്‍ട്ട് അക്കമിട്ടു നിരത്തിയ തെളിവുകള്‍ സഹിതം 23-8-2004ന് കേന്ദ്ര ആഭ്യന്തര വകുപ്പിന് അയച്ചുകൊടുത്തു. ആ റിപ്പോര്‍ട്ട് കേന്ദ്രത്തോട് ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു.
It can thus been seen that the continuing violation of the provisions of the Lotteries Regulation Act 1998, has resulted in an extreamely grave situation in the state where more and more of the public are getting lured into the destructive web of illegal lotteries.
എന്നിട്ട് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ഇങ്ങനെ ആവശ്യപ്പെട്ടു....
In the cirumstances, it is requested that the online and paper lotteries organised on behalf of various State Governments/ Royal Government of Bhutan described above, may be prohibited under Section 6 of the Lotteries Regulation Act, 1998. Appropriate notification as required under the Act, may be arranged to be issued as early as possible.
ഇതേതുടര്‍ന്ന് രണ്ടുകത്തുകള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് പ്രധാനമന്ത്രിക്ക് അയച്ചു. എന്നിട്ടെന്ത് നടപടിയുണ്ടായി? സംസ്ഥാന ഭരണത്തലവന്‍മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിശോധിച്ചതായി കാണുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജിയ്ക്ക് വിമര്‍ശിക്കേണ്ട സാഹചര്യം വന്നില്ലേ?
  • എന്നിട്ടെന്ത് നടപടി സ്വീകരിച്ചു?
അന്യസംസ്ഥാന ലോട്ടറിയുടെ നിയമലംഘനം സംബന്ധിച്ച് തന്റെ ആവശ്യങ്ങളോട് നിന്ദാപൂര്‍വമായ അവഗണന തുടരുന്നത് കണ്ടുനില്‍ക്കുകയല്ലാതെ ഉമ്മന്‍ചാണ്ടിയ്ക്ക് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ കത്തയച്ച് വെറുതെയിരിക്കുകയല്ല ഈ സര്‍ക്കാര്‍ ചെയ്തത്. വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചു. അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. ആ റിപ്പോര്‍ട്ടും തെളിവുകളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ലോട്ടറികളുടെ നികുതി വര്‍ദ്ധിപ്പിച്ചു. പരിശോധന ശക്തിപ്പെടുത്തി. സാധ്യമായ എല്ലാ രീതിയിലും ലോട്ടറി മാഫിയയുമായി നിരന്തരമായ ഏറ്റുമുട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍. അവരെ തളയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് സുപ്രിംകോടതിയുടെ മുന്നില്‍ ഉയര്‍ത്തിയ ആവശ്യം തീരുമാനമാകാതെ കിടക്കുന്നു. ഈ പോരാട്ടങ്ങളിലൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഒരു പിന്തുണയും സംസ്ഥാനത്തിനില്ലെന്ന് മാത്രമല്ല, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തുകയും ചെയ്യുന്നു.
  • നമ്മുടെ ഭരണാധികാരികള്‍, മാദ്ധ്യമങ്ങള്‍, അന്വേഷണ ഏജന്‍സികള്‍, എന്തിന് കോടതിയ്ക്കു പോലും അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ പകല്‍ക്കൊള്ള ബോധ്യപ്പെട്ടു കഴിഞ്ഞു. എന്നിട്ടും ഒരു നടപടിയുമെടുക്കാന്‍ നമുക്ക് അവകാശമില്ല. നടപടിയെടുക്കണമെന്ന നിരന്തരമായ ആവശ്യം വനരോദനമായി കലാശിക്കുന്നു. പ്രതിദിനം നൂറുകണക്കിന് കോടികളുടെ കൊള്ള കൈയും കെട്ടി നോക്കിനില്‍ക്കേണ്ടി വരുന്നു. എത്ര ദയനീയമാണ് ഈ അവസ്ഥ?
ഈ അവസ്ഥയ്ക്കെതിരെയാണ് കേരളത്തില്‍ പൊതുജനരോഷം ഉയരേണ്ടത്. ഇതിന് കളമൊരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് മാദ്ധ്യമങ്ങളുടെ ശബ്ദമുയരേണ്ടത്. സംസ്ഥാനം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ട സമീപനമാണിത്. ഇന്ത്യ അംഗീകരിച്ച ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത ചോര്‍ത്തുന്ന നിലപാടാണിത്. എല്ലാ നിയമങ്ങളും അനുസരിച്ച് പരിപൂര്‍ണ സുതാര്യതയോടു കൂടി കേരള സംസ്ഥാനം ലോട്ടറി നടത്തുന്നു എന്ന ഒറ്റപ്പഴുതിന്മേലാണ് അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ അഴിഞ്ഞാട്ടം നാം നിശബ്ദമായി നോക്കി നില്‍ക്കേണ്ടി വരുന്നത്.
നിയമം പാലിച്ചും സുതാര്യത ഉറപ്പുവരുത്തിയും ചൂതാട്ടത്തിന്റെ പഴുതുകളത്രയും അടച്ചുമാണ് ഏതാണ്ട് അരനൂറ്റാണ്ടായി കേരള സംസ്ഥാന ലോട്ടറി നടത്തുന്നത്. ഒരുലക്ഷത്തോളം പേരുടെ ഉപജീവനമാര്‍ഗമാണത്. ഇത് നിലനിര്‍ത്തണമെങ്കില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തിന് നേരെ കണ്ണടച്ചേ പറ്റൂവെന്ന ധാര്‍ഷ്ട്യം കേരള ജനതയോടുളള പരസ്യമായ വെല്ലുവിളി തന്നെയാണ്.
  • ലോട്ടറിക്കേസില്‍ ലോട്ടറിക്കാര്‍ക്കുവേണ്ടി ഹാജരായ ആള്‍ പിന്നീട് ഗവ. പ്ളീഡറായി എന്ന് ആക്ഷേപിക്കുന്നു. എന്താണ് മറുപടി?
ഖേദകരമായ ആക്ഷേപമാണിത്. ഈ സര്‍ക്കാരിന്റെ കാലത്ത് അശോകന്‍ ഗവണ്മെന്റ് പ്ളീഡറായിരുന്നു. ഏറ്റവും നന്നായി നികുതിക്കേസുകള്‍ നടത്തിയ ആളായിരുന്നു അദ്ദേഹം. ലോട്ടറിക്കാര്യത്തില്‍ ഇദ്ദേഹം വാദിച്ച ഒരേയൊരു കേസിലാണ് കേരളം വിജയിച്ചതെന്ന് ഓര്‍ക്കണം. ഭൂട്ടാന്‍ ലോട്ടറിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ്. എന്നാല്‍ ഈ ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഗവണ്മെന്റ് പ്ളീഡര്‍ സ്ഥാനത്തു നിന്നുതന്നെ മാറിനില്‍ക്കാനുളള മാന്യത അദ്ദേഹം കാണിച്ചു.
ഇവിടെ പറയേണ്ട മറ്റൊരു വസ്തുതയുണ്ട്. കേരള നിയമസഭ പാസാക്കിയ ഓണ്‍ലൈന്‍ ലോട്ടറി നിരോധന നിയമത്തിനെതിരെ കേരള ഹൈക്കോടതിയില്‍ സാക്ഷാല്‍ ചിദംബരം വാദിക്കാന്‍ എത്തിയിട്ടുണ്ട്. ആ കേസില്‍ അദ്ദേഹം വാദിച്ചു തോല്‍ക്കുകയായിരുന്നു. ലോട്ടറി മാഫിയയ്ക്കു വേണ്ടി വാദിച്ച ചരിത്രമുളള ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായി ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ഉണ്ടാക്കുന്ന വൈചിത്ര്യത്തിന് നാം സാക്ഷികളാണ്. ആക്ഷേപം ഉയര്‍ന്നപ്പോള്‍ മാറിനില്‍ക്കാനുളള മാന്യത സര്‍ക്കാര്‍ വക്കീല്‍ കാണിച്ചില്ലേ? ഈ മാതൃക എന്തുകൊണ്ട് ചിദംബരം കാണിക്കുന്നില്ല?
മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരം പന്ത്രണ്ടോളം കേസുകളില്‍ ലോട്ടറി മാഫിയയ്ക്കു വേണ്ടി ഹാജരായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയോട് കേരളം ലോട്ടറി നിയമലംഘനങ്ങളെക്കുറിച്ച് നിരന്തരമായി പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലോട്ടറി മാഫിയയ്ക്ക് ഇന്ത്യയിലങ്ങോളമിങ്ങോളമുളള കോടതികളില്‍ നിയമത്തിന്റെ സംരക്ഷണ വലയം തീര്‍ക്കുന്നു. പൊതുസമൂഹത്തിന് നേരെ പ്രകടിപ്പിക്കുന്ന ഈ ധിക്കാരം കണ്ടില്ലെന്ന് നടിച്ചിട്ടാണ് കേരളസര്‍ക്കാരിന് നേരെ അപവാദം പ്രചരിപ്പിക്കുന്നത്.
കേന്ദ്രത്തിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയയ്ക്ക് നിയമോപദേശം നല്‍കിയതും അവര്‍ക്ക് അനുകൂലമായ വിധത്തില്‍ കോടതിയില്‍ നടത്തിയ പ്രകടനവും നാം കണ്ടു.
  • സാന്റിയാഗോ മാര്‍ട്ടിനെ സിക്കിം ലോട്ടറിയുടെ പ്രമോട്ടറായി അംഗീകരിച്ചത് ഉമ്മന്‍ചാണ്ടിയുടെ കാലത്തല്ലേ? വിവാദം ചൂടുപിടിച്ചിട്ടും ഇക്കാര്യം ആരും മിണ്ടുന്നില്ലല്ലോ?
തികച്ചും രസകരമാണത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രമോട്ടറല്ല എന്ന് വാദിച്ചാണ് ആരോപണത്തിന്റെ ഒന്നാമങ്കം നിയമസഭയില്‍ അരങ്ങേറിയത്. ഇവര്‍ തന്നെയാണ് ഔദ്യോഗിക പ്രമോട്ടര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചപ്പോള്‍ ആ ആരോപണത്തിന്റെ കാറ്റുപോയി. സാന്റിയാഗോ മാര്‍ട്ടിനെ ലോട്ടറി പ്രമോട്ടറായി അംഗീകരിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എന്ന് വി ഡി സതീശന്‍ പത്രക്കുറിപ്പില്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉമ്മന്‍ചാണ്ടിയും ഇക്കാര്യം സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയും യുഡിഎഫുകാരും സമ്മതിക്കുന്ന കാര്യം മാദ്ധ്യമങ്ങള്‍ എന്തിന് മറച്ചുവയ്ക്കുന്നുവെന്ന് വായനക്കാര്‍ ചിന്തിക്കട്ടെ.
  • മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ഒരു രേഖയുമില്ലാതെയാണ് കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി ഈടാക്കി വരുന്നതെന്ന ആക്ഷേപത്തോട് എങ്ങനെ പ്രതികരിക്കുന്നു?
അസംബന്ധം. ഒരു രേഖയുമില്ലാതെയാണോ മേഘയെ പ്രമോട്ടറായി നിശ്ചയിച്ചതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കട്ടെ. തങ്ങളുടെ പ്രമോട്ടര്‍ ഇവരാണെന്ന് സിക്കിം സര്‍ക്കാര്‍ എത്രയോ തവണ കോടതിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മേഘ തന്നെയാണ് തങ്ങളുടെ പ്രമോട്ടര്‍ എന്ന് സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ പറയുന്നു, കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പിന്നെയും മനോരമയ്ക്ക് സംശയം. അതങ്ങനെ തീരുന്ന സംശയമല്ല.
  • അന്യസംസ്ഥാന ലോട്ടറി അച്ചടിക്കുന്ന പ്രസുകളെ സംബന്ധിച്ച് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ശിവകാശിയിലൊക്കെ സാഹസികമായി ചെന്നെത്തി പ്രസ് കണ്ടുപിടിച്ചെന്നാണ് അവകാശവാദം. എന്തു പറയുന്നു...?
ഈ ആക്ഷേപം ഞങ്ങള്‍ക്കുമുണ്ട്. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നല്‍കിയ നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ കാരണവും ഇതാണ്. പക്ഷേ, തങ്ങള്‍ മാനദണ്ഡപ്രകാരമുളള പ്രസുകളില്‍ തന്നെയാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നതെന്ന് സിക്കിം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കുകയും ആ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
സിക്കിം സര്‍ക്കാരിന്റെ ഈ വാദം ശരിയാണോ എന്ന് പരിശോധിക്കാനുളള ചുമതല കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം തങ്ങള്‍ ലോട്ടറി അച്ചടിക്കുന്നത് ആര്‍ബിഐ അംഗീകരിച്ച ഏത് പ്രസിലാണ് എന്ന് നോട്ടിഫൈ ചെയ്യേണ്ടതുണ്ട്. സിക്കിം സര്‍ക്കാര്‍ അവരുടെ ഗസറ്റില്‍ പ്രസിന്റെ പേര് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലുളള ഈ പ്രസ് അംഗീകൃതമാണോ അവിടെത്തന്നെയാണോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇന്നേവരെ അവര്‍ ഇക്കാര്യം ചെയ്തിട്ടില്ല. സിക്കിമിന് സഹായകരമായ നിലപാട് കോടതികളില്‍ സ്വീകരിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലൊക്കെ നിസഹായമാണ്. ലോട്ടറികള്‍ അച്ചടിക്കുന്ന പ്രസ് ഏതെന്നൊക്കെ പത്രക്കാര്‍ കണ്ടുപിടിക്കുന്നതിന് മുന്നേ വിജിലന്‍സ് കണ്ടുപിടിച്ചിരുന്നു. കോടതിയില്‍ പറയുകയും ചെയ്തിരുന്നു.
  • മാദ്ധ്യമങ്ങളുടെ കാര്യം പറയുമ്പോള്‍ സ്വാഭാവികമായും കൈരളി, ദേശാഭിമാനി പ്രശ്നങ്ങള്‍ ഒഴിവാക്കാനാവില്ല. നറുക്കെടുപ്പ് കൈരളിയില്‍ ലൈവ് കാണിക്കുന്നത്, സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി വാങ്ങിയത്... എതിര്‍പക്ഷം രൂക്ഷമായി ഉയര്‍ത്തുന്ന രണ്ടുവിഷയങ്ങളാണിവ. എന്തുപറയുന്നു?
മാദ്ധ്യമങ്ങള്‍ക്ക് പരസ്യമില്ലാതെ ഇക്കാലത്ത് നിലനില്‍ക്കാനാവില്ല. നമ്മുടെ ആദര്‍ശങ്ങള്‍ക്ക് ചേരുന്ന പരസ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അതിജീവിക്കാനുമാവില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരസ്യം ദേശാഭിമാനി നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരസ്യം പോലും കൈരളി നല്‍കി. പ്രസക്തമായ ചോദ്യം ഈ പരസ്യങ്ങള്‍ എഡിറ്റോറിയല്‍ നയത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നതാണ്. ദേശാഭിമാനിയുടെയും കൈരളിയുടെയും എഡിറ്റോറിയല്‍ നയത്തെ ഇത് സ്വാധീനിക്കുന്നില്ല. കാരണം രാഷ്ട്രീയതലത്തിലാണ് അവിടെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.
അതേസമയം ചില അതിര്‍വരമ്പുകള്‍ വേണ്ടിവരും. ഇത് പ്രായോഗിക അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതാണ്. ദേശാഭിമാനി ലോട്ടറി പരസ്യങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല. എന്നാല്‍ പരസ്യത്തിന്റെ അഡ്വാന്‍സായി വലിയൊരു തുക സാന്റിയാഗോ മാര്‍ട്ടിന്‍ പോലെ ഒരാളില്‍ നിന്ന് വാങ്ങാന്‍ പാടില്ലായിരുന്നു. അത് തെറ്റായിരുന്നു. ഇതിനെതിരെ ജാഗ്രത വേണ്ടിയിരുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ല എന്നും പാര്‍ട്ടി ഉറപ്പുവരുത്തിയിട്ടുണ്ട്.
മറ്റൊന്നു കൂടിയുണ്ട്. ഏത് മാദ്ധ്യമമാണ് ലോട്ടറി പരസ്യം വാങ്ങാത്തത്? സ്വര്‍ണവും തുണിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനം ലോട്ടറിയില്‍ നിന്നാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിച്ചിട്ടുളളത് മലയാള മനോരമയ്ക്കാണ് എന്നാണ് എന്റെ കണക്കുകൂട്ടല്‍. പരസ്യഏജന്‍സികളുടെ കണക്കുകൂട്ടലില്‍ ഇത് ചുരുങ്ങിയത് 25 കോടിയെങ്കിലും വരും. ഏതായാലും ഇതിലെത്രയോ കുറവാണ് ദേശാഭിമാനിയ്ക്ക് കിട്ടിയിട്ടുളള പരസ്യവരുമാനം.

No comments:

Post a Comment