Thursday, March 10, 2011

സഹകരണ കയര്‍ മേഖല കൂടുതല്‍ കരുത്തോടെ


കേരളീയ സമ്പദ്­ഘടനയുടെ നട്ടെല്ലായ സഹകരണ­മേഖലക്ക് പുതിയ ദിശാബോധം നല്‍കാനാണ് ഇടതുപക്ഷ­ജനാധിപത്യ­മുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. സഹകരണാശുപത്രികള്‍, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണവും നെല്ല് സംഭരണവും തുടങ്ങി നിരവധി പുതിയ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം മുന്നേറി. സംസ്ഥാനത്തെ 25,000ത്തോളം സംഘങ്ങളില്‍ 15,000ത്തോളം സഹകരണവകുപ്പിനു കീഴിലാണ്. സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒന്‍പതിന കര്‍മപരിപാടിയായ ‘സഹകരണനവരത്നം കേരളീയം’ സഹകരണമേഖലക്ക് കരുത്തു പകരുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിലെ സഹകരണനിക്ഷേപ വായ്പാമേഖല കരുത്താര്‍ജിച്ചു. ‘സഹകരണനിക്ഷേപം കേരളീയം’ എന്ന സംരംഭത്തിലൂടെ 14200.00 കോടിയുടെ അധികനിക്ഷേപം സമാഹരിച്ചു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നിക്ഷേപം 20287.23 കോടിയായിരുന്നു. ഇപ്പോള്‍ 65600.00 കോടിയായി. ഹ്രസ്വകാല വായ്പകളെ മധ്യകാല വായ്പകളാക്കി മാറ്റി. നബാര്‍ഡില്‍നിന്ന് റീഫൈനാന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ സ്വന്തം ഫണ്ടില്‍നിന്ന് കാര്‍ഷിക വായ്പ നല്‍കാന്‍ നടപടി സ്വീകരിച്ചു. സഹകരണമേഖലയില്‍നിന്ന് പിരിച്ചെടുക്കുന്ന നിക്ഷേപത്തിന്റെ 90 ശതമാനവും വായ്പയായി സംസ്ഥാനത്തുതന്നെ നല്കുന്നു എന്നത് പ്രത്യേകതയാണ്.
ഒരുവര്‍ഷം 5,000 കോടിയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകള്‍ സജ്ജമാണ്. നെല്‍കൃഷിക്കും പച്ചക്കറിക്കൃഷിക്കും നാല് ശതമാനം പലിശ നിരക്കില്‍ സഹകരണ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി  നടപ്പിലാക്കി. രാജ്യത്ത് തന്നെ ആദ്യമായി നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കി. ശരാശരി നൂറുകോടി രൂപ നെല്‍കൃഷിക്കായി ഒരു വര്‍ഷം വായ്പ നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നെല്ലുത്പാദകസമിതികള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് വായ്പ നല്‍കി. നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് “കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം” ആരംഭിച്ചു. 4554.25 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ നല്‍കി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഇ.എം.എസ്. ഭവനവായ്പാ പദ്ധതിയിലൂടെ 4000 കോടി രൂപ വിതരണം ചെയ്യാനുള്ള പദ്ധതി നിലവില്‍ വന്നു. പട്ടിക വിഭാഗക്കാര്‍ക്കുള്ള 25000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ ഈടാക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ‘സഹകരണ വിപണനം കേരളീയം’ പരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍, വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ വേളകളില്‍ വിപണിയില്‍ സജീവമായി ഇടപെട്ടു. പൊതുമാര്‍ക്കറ്റിനെക്കാളും 80 ശതമാനം വരെ വിലകുറച്ച് സാധനങ്ങള്‍ നല്‍കി. ഇതുവഴി 300 ഓളം കോടി രൂപയുടെ സാമ്പത്തിക നേട്ടം ജനങ്ങള്‍ക്കുണ്ടായി. സംസ്ഥാനത്താകെ 800 ഓളം നീതി സ്റ്റോറുകളുണ്ട്. 222 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇവയുടെ എണ്ണം 500 ആക്കാനുള്ള കര്‍മപദ്ധതി നടപ്പിലാക്കിവരുന്നു.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറു നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും ആരംഭിച്ച് പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വില കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു. കുട്ടനാട്ടില്‍ ‘ഒഴുകുന്ന ത്രിവേണി’’ ആരംഭിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്.
സഹകരണമേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  തുടക്കമിട്ടു. ‘കേപ്പ്’ എന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എജ്യൂക്കേഷന്‍ ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്.ഡി.സി.എം കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (‘കിക്‍മ’) എന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ആരംഭിച്ചു.
പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍140 സഹകരണാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. സഹകരണമേഖലയിലെ അഴിമതി സംബന്ധിച്ച് 200 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ ചെയ്തു. കേസുകള്‍ അന്വേഷിക്കുന്നതിന് സഹകരണ വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. വായ്പക്കാരന്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണമടയുകയാണെങ്കില്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യതയില്‍നിന്ന് വിടുതല്‍ ചെയ്യാന്‍ പദ്ധതി ഏര്‍പ്പെടുത്തി. സഹകരണ രംഗത്ത് വിവിധ മേഖലകളിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, കേപ്പ്, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, ഹോള്‍സെയില്‍ സ്റ്റോര്‍ ജീവനക്കാര്‍, റെയ്‌ഡ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ വേതന ഘടന പരിഷ്കരിച്ചു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ രക്ഷപ്പെടുത്താനുള്ള ‘സഹകരണ സാമൂഹികം കേരളീയം’ പദ്ധതി പ്രകാരം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കുടിശ്ശിക വിതരണം ചെയ്തു. ഒരൊറ്റ ദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപയാണ് നല്‍കി യത്. തുടര്‍ന്ന് കൊടുക്കാനുണ്ടായിരുന്ന 2.17 കോടി രൂപയും നല്‍കി. 2010 ഡിസംബറിനകം 500 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. 2010 ഡിസംബറോടെ 1000 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ശബ്ദതാരാവലി പോലുള്ള ബൃഹദ് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധം ചെയ്തു. എസ്.പി.സി.എസില്‍ ശമ്പളകുടിശ്ശിക തീര്‍ത്തു. 23 വര്‍ഷത്തിനുശേഷം എസ്.പി.സി.എസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിച്ചു. എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറി ആരംഭിക്കാന്‍ തീരുമാനിച്ചു. 2206 സഹകരണസംഘങ്ങളില്‍ ലൈബ്രറിയായി. കോട്ടയത്ത് എസ്.പി.സി.എസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് ഒരുകോടി  നല്‍കി, പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
കയര്‍മേഖല
‘ദേശീയ പരമ്പരാഗത വ്യവസായം’ എന്ന അവകാശം ഉന്നയിക്കാന്‍ കഴിയുന്നത് കേരളത്തില്‍ കയറിനു മാത്രമാണ്. നാലുലക്ഷത്തോളംപേര്‍ പണിയെടുക്കുന്ന ഈ മേഖലക്ക് സമ്പദ്ഘടനയില്‍ വലിയ പ്രാധാന്യമുണ്ട്. കയര്‍മേഖലയുടെ പുന:സംഘടനയ്ക്കും ആധുനികവത്കരണത്തിനും നിരവധി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കയര്‍സഹകരണ സംഘങ്ങളുടെ സര്‍ക്കാരിലേക്കുള്ള വായ്പയും പലിശയും എന്‍.സി.ഡി.സി. വായ്പയും പൂര്‍ണമായും ഷെയറാക്കി മാറ്റിയതുവഴി 53 കോടി യുടെ സഹായം അവയ്ക്ക് നല്‍കി. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി 23 കോടി രൂപ വര്‍ക്കിങ് ക്യാപിറ്റല്‍ ഗ്രാന്റായി അനുവദിച്ചു. എം.ഡി.എ, പി.എം.ഐ, മറ്റ് വിവിധ പദ്ധതികള്‍ എന്നിവ വഴി എട്ടുകോടി രൂപയുടെ മറ്റ് സഹായങ്ങളും സഹകരണസംഘങ്ങള്‍ക്ക് നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ കയര്‍മേഖലയില്‍ ആകെ ചെലവഴിച്ചത് 105 കോടി മാത്രമാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നിരട്ടിയോളം തുക വിനിയോഗിച്ചു.

‘കേരളാ കയര്‍, ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാര്’ എന്ന ബ്രാന്റ് നെയിമിന് അംഗീകാരം നേടുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തു. ‘ഒരു വീട്ടില്‍ ഒരു കയറുല്പന്നം’ ക്യാമ്പയിന്‍ വഴി വലിയതോതില്‍ വില്‍പന വര്‍ധിച്ചു. കയര്‍ഫെഡിന്റെ ചുമതലയില്‍ 10 കോടി രൂപ മുതല്‍മുടക്കുള്ള പി.വി.സി. ടഫ്റ്റഡ് ഫാക്ടറി, ഫോംമാറ്റിംഗ്സിന്റെ ചുമതലയില്‍ 11 കോടി രൂപ മുതല്‍മുടക്കുള്ള കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറി, കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4.5 കോടി രൂപ മുതല്‍മുടക്കുള്ള ബ്ളണ്ടഡ് യാണ്‍ ഫാക്ടറി, ഓട്ടോമാറ്റിക് ലൂം ഫാക്ടറി എന്നിവ  പ്രവത്തനമാരംഭിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിന് വൃദ്ധസദനം നിര്‍മിക്കാന്‍ ഒരു കോടി രൂപ ലഭ്യമാക്കി. കയര്‍രംഗത്തെ ഗവേഷണ പ്രവര്‍തത്തനങ്ങള്‍ക്ക് നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിച്ചു.
മുന്‍ഗവണ്‍മെന്റ് കുടിശ്ശികയാക്കിയ 32 മാസത്തെ പെന്‍ഷന്‍ അടക്കം മുഴുവന്‍ കയര്‍തൊഴിലാളികളുടെ പെന്‍ഷനും കൊടുത്തുതീര്‍ത്തു. 100 രൂപയായിരുന്ന പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡ് വഴിയുള്ള എല്ലാ ആനുകൂല്യങ്ങളും മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിച്ചു. ക്ഷേമനിധിബോര്‍ഡ് വഴി 50 കോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ കയര്‍തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. മുഴുവന്‍ കയര്‍തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. കയര്‍ കടാശ്വാസപദ്ധതിയില്‍ 166 ചെറുകിട ഉത്പാദകര്‍ക്കും 69 സഹകരണസംഘങ്ങള്‍ക്കുമായി 169 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി. വിരമിച്ച കയര്‍തൊഴിലാളികളുടെ ത്രിഫ്റ്റും ഷെയറും തിരികെ നല്‍കാനുള്ള നടപടികളുടെ ഭാഗമായി 1002 ലക്ഷം രൂപ നല്‍കി.
പ്രാഥമിക കയര്‍സംഘങ്ങളുടെ അപക്സ് സംഘമായിരുന്ന കയര്‍ഫെഡിന്റെ പുനരുദ്ധാരണ പദ്ധതി അംഗീകരിച്ചു. സംസ്ഥാന സഹകരണബാങ്കിന്റെ ബാധ്യത ഒറ്റത്തവണയായി തീര്‍പ്പാക്കാനുള്ള പ്രത്യേക പദ്ധതി അംഗീകരിച്ചു. പ്രവര്‍ത്തനമൂലധനമായി 15 കോടി രൂപ നല്‍കുന്നു. കയര്‍ ഉത്പന്ന മേഖലയിലെ ഇടനിലക്കാരുടെ ചൂഷണത്തിന് അറുതിവരുത്താനായി ആരംഭിച്ച കയര്‍ ക്രയവില സ്ഥിരതാപദ്ധതി വഴി 150 കോടിയുടെ ഓര്‍ഡറുകള്‍ ചെറുകിട ഉത്പാദകര്‍ക്ക് വിതരണം ചെയ്യാനായി. ചകിരിക്ഷാമം രൂക്ഷമായ വേളയില്‍ 8000 ടണ്‍ ചകിരി തമിഴ്‌നാട്ടില്‍നിന്ന് 23 രൂപ വരെ കിലോഗ്രാമിന് നല്‍കി സംഭരിച്ച് 10 രൂപയ്ക്ക് സഹകരണസംഘങ്ങള്‍ക്ക് വിതരണം ചെയ്തു.
കേരളത്തില്‍ പാഴാകുന്ന മുഴുവന്‍ തൊണ്ടും കയര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്താനായി 35 തൊണ്ട് സംഭരണ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ച് അഞ്ച് ലക്ഷം രൂപ വീതം പ്രവര്‍ത്തനമൂലധനം ലഭ്യമാക്കി. എല്ലാ ഡീഫൈബറിങ് മില്ലുകളും പ്രവര്‍ത്തനസജ്ജമാക്കാനും നവീകരിക്കാനുമുള്ള നടപടികള്‍ക്കായി മൂന്ന് കോടിയിലേറെ രൂപ നല്‍കി. പുതിയ ഡീഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ നല്‍കി.
കയര്‍രംഗത്തെ സ്നേഹിക്കുന്ന മുഴുവന്‍ പേരുടെയും ഉടമസ്ഥത അവകാശപ്പെടാന്‍ കഴിയുന്ന കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യം ഉടനെ പ്രവര്‍ത്തനം ആരംഭിക്കും.  

No comments:

Post a Comment