Thursday, March 10, 2011

വ്യവസായം വീണ്ടെടുപ്പിന്റെ തന്റേടം


രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന് പുതിയ നിക്ഷേപ സാഹചര്യ സൂചിക. കേരളത്തിന്റെ സമീപകാല വികസനത്തിന് അടിവരയിടുന്ന പരാമര്‍ശമാണിത്. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വ്വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യവസായങ്ങളില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നതിന് പകരം ‘എന്തെങ്കിലും തുടങ്ങണം’ എന്നു ചിന്തിക്കുന്നവരുടെ എണ്ണം മലയാളികള്‍ക്കിടയില്‍ കൂടിവരുന്നു. അതിനു പ്രധാനകാരണം, മുമ്പില്ലാത്ത വിധം വ്യവസായങ്ങളുടെ വളര്‍ച്ചയാണ്.  വ്യവസായ വകുപ്പ് 245.17 കോടി രൂപ മുതല്‍മുടക്കുള്ള 13 വന്‍കിട വ്യവസായവും 48.44 കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. സംസ്ഥാനത്ത് പത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു. ആകെ 170 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. കൂടാതെ 275 കോടി മുതല്‍മുടക്കി ഈ വര്‍ഷം പ്രധാന നവീകരണപദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
കെ.എസ്.ഐ.ഡി.സി. സഹകരണത്തോടെ 39 ഇടത്തരം വ്യവസായങ്ങളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി. 66 വന്‍കിട, ഇടത്തരം പദ്ധതികള്‍ക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. 2008-09-ല്‍ പുതുതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്: 1819 കമ്പനികള്‍. 2009-10 ല്‍ 1763 കമ്പനികള്‍ പുതുതായി ഉണ്ടായി.
കഴിഞ്ഞ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃക സൃഷ്ടിച്ച് പൊതുമേഖലയുടെ വിജയകരമായ പുനഃസംഘടനയാണ് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് വ്യവസായ സംരഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. ജനങ്ങളുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ പൊതുമേഖലയുടെയും പാരമ്പര്യ വ്യവസായങ്ങളുടെയും അവശ്വസനീയമായ പുത്തനര്‍ണവ് വ്യവസായ രംഗത്ത് സൃഷ്ടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാതെ, അവയെ പുനരുദ്ധരിച്ചും ആധുനികവത്ക്കരിച്ചും ലാഭകരമാക്കാമെന്ന്  തെളിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വ്യവസായവകുപ്പിനു കീഴിലുള്ള 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ലാഭം ഉണ്ടാക്കിയിരുന്നത്. എന്നാലിപ്പോള്‍ എല്ലാ പൊതുമേഖാസ്ഥാപനങ്ങളെയും ലാഭത്തിലെത്തിക്കാന്‍ സാധിച്ചു.

പൊതുമേഖലയുടെ  വിപുലീകരണത്തിനായി 883 കോടിയുടെ ഊര്‍ജ്ജിതപരിപാടിയാണ് നടപ്പിലാക്കിയത്. വ്യവസായമേഖല 70 കോടിയുടെ നഷ്ടത്തില്‍നിന്ന് 239 കോടിയുടെ ലാഭത്തിലേക്കാണ് പരിവര്‍ത്തിപ്പിക്കപ്പെട്ടത്. ചെറുകിട വ്യവസായമേഖലയില്‍ മാത്രം 1.64 ലക്ഷം പേര്‍ക്ക് തൊഴില്‍. വന്‍കിടവ്യവസായമേഖലയില്‍ 2601 പേര്‍ക്ക് നേരിട്ടും 1540പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ വ്യവസായങ്ങള്‍ക്കും ചെറുകിട മേഖലയ്ക്കും ഉണ്ടായ ഉണര്‍വ് കേരളത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പാതയിലാണ്.
മുന്‍സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷന്‍ പ്രക്രിയയിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ചു. ഇവിടെ വീണ്ടും ഉത്പാദനം ആരംഭിച്ചു. കോഴിക്കോട്ടെ സോപ്സ് ആന്റ് ഓയില്‍, കേരള സോപ്സ് എന്ന പുതിയ കമ്പനിയാക്കി കേരള സാന്‍ഡല്‍ എന്ന ജനപ്രിയ സോപ്പ് വിപണിയിലിറക്കി. വേപ്പ്, ത്രില്‍, കൈരളി എന്നീ ബ്രാന്റുകള്‍ വീണ്ടും വിപണിയിലിറക്കി. പദ്ധതി നടത്തിപ്പിനായി 704.95 ലക്ഷം രൂപ നീക്കിവെച്ചു.
ഓരോ നിയോജക മണ്ഡലത്തിലും ഓരോ വ്യവസായ പാര്‍ക്ക് എന്ന ലക്ഷ്യമാണ് മുന്നില്‍. എല്ലാ സ്ഥാപനങ്ങളും ശമ്പളവര്‍ധനവും ആനുകൂല്യവര്‍ധനവും നല്‍കി. കുടിശ്ശികകള്‍ തീര്‍ത്തു. ഐ എസ് ആര്‍ ഒ യുമായി ചേര്‍ന്ന് ചവറയില്‍ 140 കോടിയുടെ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയാണ് മറ്റൊരു പുതിയ സംരംഭം. ഇതോടെ ഈ സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.
ട്രാന്‍സ്‌ഫോര്‍മര്‍ ഉല്‍പാദന കമ്പനിയായ അങ്കമാലിയിലെ 'ടെല്‍ക്ക്' കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി.യുമായി സംയുക്ത സംരംഭം ആരംഭിച്ചു. കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുമായി സംയുക്ത പ്രവര്‍ത്തനം തുടങ്ങി. ചേര്‍ത്തല ഓട്ടോകാസ്റ്റ് - സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വെയുമായി ചേര്‍ന്ന് റെയില്‍വെ ബോഗി നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. തിരുവനന്തപുരത്തെ കേരള കെല്‍ടെക് ഇന്റസ്ട്രീസ് പ്രതിരോധ വകുപ്പിനു കീഴിലുള്ള 'ബ്രഹ്മോസ് എയ്റോ സ്പേസ്' ഏറ്റെടുത്തു 'ബ്രഹ്മോസ്' മിസ്സൈല്‍ നിര്‍മാണ യൂണിറ്റാക്കി മാറ്റി. വന്‍ മൂലധന നിക്ഷേപമാണ് 'ബ്രഹ്മോസ്' നടത്തുന്നത്. കേരളത്തിലെ ആദ്യത്തെ പ്രതിരോധ ഉല്‍പാദന യൂണിറ്റാണിത്.  പ്രതിരോധ വകുപ്പിന്റെ മിനി രത്ന കമ്പനിയായ ഭാരത് എര്‍ത് മൂവേഴ്സ് (ബി.ഇ.എം.എല്‍) യൂണിറ്റ് പാലക്കാട്ട് കഞ്ചിക്കോട്ടുള്ള കിന്‍ഫ്രയുടെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റെക്കോര്‍ഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കാസറഗോഡ് എച്ച്എഎല്‍-ന്റെ പുതിയ സ്ട്രാറ്റജിക് ഇലക്ട്രോണിക് യൂണിറ്റ് ആരംഭിച്ചു. കളമശ്ശേരിയില്‍ ബിഇഎല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് സെന്ററിന് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ബാംബുകോര്‍പ്പറേഷന്‍ നവീകരിച്ചു. കരകൌശല രംഗത്ത് വന്‍മുന്നേറ്റത്തിന് വഴിയൊരുക്കി. കൂടാതെ വ്യവസായ സംരഭങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കാനും കേരളത്തിലേയ്ക്ക് കൂടുതല്‍വ്യവസായം ആകര്‍ഷിക്കാനുമായി വ്യാപാരമേളകള്‍, ബിസിനസ് മീറ്റുകള്‍,  ശില്പശാലകള്‍ എന്നിവ നടത്തി. പശ്ചാത്തലസൌകര്യ പദ്ധതികളായ വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍, മെട്രോ റെയില്‍, വ്യവസായവികസന പദ്ധതികളായ കോച്ച് ഫാക്ടറി, ബോഗി ഫാക്ടറി, ബ്രഹ്മോസ് എയ്റോ സ്പേസ്, എഛ്എഎല്‍, ബിഇഎല്‍, ബിഇഎംഎല്‍ യൂണിറ്റുകള്‍, ഭെല്‍, എന്‍ടിപിസി, സെയില്‍, ഐഎസ്ആര്‍ഒ തുടങ്ങിയവയുമായുള്ള സംയുക്ത സംരംഭങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന അനുബന്ധ വ്യവസായ - തൊഴില്‍ സാദ്ധ്യതകളെപ്പറ്റി സര്‍ക്കാര്‍ സമഗ്രപഠനം നടത്തിയിട്ടുണ്ട്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റേത്. പുതിയ യൂണിറ്റുകള്‍ തുടങ്ങിയതില്‍ 1240 എണ്ണത്തിന്റെയും പുതിയ മൂലധനനിക്ഷേപത്തില്‍ 1517 കോടി രൂപയുടെയും പുതിയ തൊഴിലവസരത്തില്‍ 49,649 ന്റെയും വര്‍ദ്ധനയും കാണാനാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സംരംഭകരെ സഹായിക്കുന്നതിനായി മാര്‍ജിന്‍ മണി വായ്പ നല്‍കിവരുന്നു. മൂലധന സബ്സിഡിയിനത്തില്‍ 1643 ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കായി 3420 ലക്ഷം രൂപയിലേറെ ഇതുവരെ അനുവദിച്ചിട്ടുണ്ട്.
വനിതാ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി ഒരു പുതിയ വനിതാ വ്യവസായ പദ്ധതി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കിത്തുടങ്ങി. ഈ വര്‍ഷം  രണ്ടു കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിപണനം പ്രോത്സാഹിപ്പിക്കാനും ഒരു ഷോപ്പിങ് ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ വിജയകരമായ കര്‍മപദ്ധതിയാണ്.
കെത്തറി-ഖാദി മേഖലയെ തകര്‍ച്ചയുടെ വക്കില്‍നിന്ന് കരകയറ്റാന്‍ ‘കേരള തനിമയ്ക്ക് കൈത്തറി’ എന്ന പേരില്‍ കാമ്പെയിന്‍ സംഘടിപ്പിച്ചു. ആഴ്ചയില്‍ ഒരു ദിവസം കൈത്തറി എന്ന ആഹ്വാനം വസ്ത്രങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ പനങ്ങാട്ട് ഗ്രാമം ഖാദി കൈത്തറി ഗ്രാമമായി പ്രഖ്യാപിച്ചു. കെട്ടികിടന്ന കൈത്തറി-ഖാദി വസ്ത്രങ്ങള്‍ വിറ്റഴിക്കാനും ഗണ്യമായ തോതില്‍ പുതിയ ഡിമാന്റുണ്ടാക്കാനും ഇത് വഴിയൊരുക്കി. രാജ്യത്തെ പ്രധാന ഫാഷന്‍ സാങ്കേതിക വിദ്യാസ്ഥാപനമായ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (നിഫ്റ്റ്)-ന്റെ കേന്ദ്രം കണ്ണൂരില്‍ സ്ഥാപിച്ചു. സംസ്ഥാനസര്‍ക്കാര്‍ 58 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
കൈത്തറി സംഘങ്ങളിലെ തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും വിദഗ്ദ്ധ പരിശീലനം ലഭിക്കുന്നതിനായി പരിശീലനകളരികള്‍ സംഘടിപ്പിച്ചു.  ഉത്പാദനം വര്‍ധിപ്പിക്കാനും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി 10 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പരീക്ഷണ പ്രോജക്ട് ബാലരാമപുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കൈത്തറി വസ്ത്ര വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഏര്‍പ്പെടുത്തിയ ഹാന്റ്ലൂം മാര്‍ക്ക് കേരളത്തിലെ മുഴുവന്‍ കൈത്തറി ഉത്പന്നങ്ങള്‍ക്കും നേടിയെടുക്കാന്‍ രജിസ്ട്രേഷന്‍ വഴി സാധിച്ചു. കൈത്തറി മേഖലയ്ക്ക് ആവശ്യമായ നൂല്‍ സംസ്കരണം നടത്തുന്നതിന് 243 ലക്ഷം രൂപ ചെലവ് വരുന്ന പ്രോജക്ട് കോഴിക്കോട്ട് ജില്ലയില്‍ ആരംഭിച്ചു.  പ്രീലൂം സംസ്കരണ പ്രവര്‍ത്തനങ്ങളായ ഡൈയിങ്, സൈസിങ്, വാര്‍പിങ്, വൈന്‍ഡിങ് എന്നിവയെല്ലാം നിര്‍വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്.
 ‘ഗ്രൂപ്പ് സമീപനം’ എന്ന പദ്ധതിയുടെ ഭാഗമായി 196 പ്രോജക്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ 21 എണ്ണത്തിന് 2008-09-ല്‍ അംഗീകാരം ലഭിച്ചു. 2007-08-ല്‍ അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ക്കായി 4.30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2008-09-ല്‍ അംഗീകാരം ലഭിച്ച ക്ളസ്റ്റര്‍ വികസന പദ്ധതികള്‍ക്കായി 1.25 കോടിയും ഗ്രൂപ്പ് സമീപന പദ്ധതികള്‍ക്കായി 1,24,37,000 രൂപയും വിതരണം ചെയ്തു. സംസ്ഥാനതല സംഘങ്ങളെയും കോര്‍പ്പറേഷനേയും ശക്തിപ്പെടുത്താനായി ഹാന്‍വീവിന് 21 കോടി രൂപയും ഹാന്റെക്സിന് 1,86,58,000 രൂപയും അനുവദിച്ചു. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കൈത്തറി നെയ്ത്തുകാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തൂ.
പൊതുമേഖലാ സ്ഥാപനമായ ബാംബൂ കോര്‍പ്പറേഷന്റെ കാര്യത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കിക്കൊണ്ട് കെട്ടിടനിര്‍മാണം, ഫര്‍ണീച്ചര്‍ വ്യവസായം എന്നീ രംഗങ്ങളില്‍ നല്ല വില്‍പ്പന സാധ്യതയുള്ള ഉത്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വില്‍ക്കാനും കയറ്റുമതി ചെയ്യാനും സാധിച്ചു. ഈറ്റ-മുള-തഴ വ്യവസായ രംഗത്തെ തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. 2006-07-ല്‍ 425.5ലക്ഷവും 2007-08-ല്‍ 549.09 ലക്ഷവും രൂപ കൂലി ഇനത്തില്‍ നല്‍കി. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് വെറും 402.10ലക്ഷം രൂപ മാത്രമായിരുന്നു. ആയിരത്തോളം ഈറ്റ-പനമ്പ് തൊഴിലാളികള്‍ക്ക് 2008 ഓണത്തോടനുബന്ധിച്ച് 74 ലക്ഷം രൂപയും 2009 ഓണത്തിന് 94 ലക്ഷം രൂപയും ഇന്‍സെന്റീവ് നല്‍കി.
കേരള കരകൌശല വികസന കോര്‍പ്പറേഷന്‍ ലാഭത്തിലേക്ക് എത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. 2006-07-ല്‍ 28.22ലക്ഷം രൂപയും 2007-08-ല്‍ 38.91 ലക്ഷം രൂപയും 2008-09-ല്‍ 59.51 ലക്ഷം രൂപയും ലാഭമുണ്ടാക്കി. 2009-10-ല്‍ നിലവിലുള്ള വില്‍പ്പനശാലകള്‍ക്കുപുറമേ പുതിയ ചില ശാലകള്‍ കൂടി തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. ലോകപ്രശസ്തമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആധുനീകരണത്തിനും വിപുലീകരണത്തിനു കേരള സര്‍ക്കാര്‍ 1.50 കോടി രൂപ അനുവദിച്ചു.
സംഘടിത അസംഘടിതമേഖലകളിലായി ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലെ ബീഡി വ്യവസായത്തില്‍, തൊഴിലുറപ്പിനും പുനരധിവാസ പദ്ധതികള്‍ക്കുമായി നല്ലൊരു തുകയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക പദ്ധതി ഈ സര്‍ക്കാരിന്റെ പ്രധാന സംഭാവനയാണ്. 2008 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച ദിനേശ് ഗാര്‍മെന്റ് യൂണിറ്റ് 2008-09-ല്‍ 8.66 ലക്ഷം രൂപ ലാഭമുണ്ടാക്കി. ഇപ്പോള്‍ ഈ യൂണിറ്റില്‍ 140 പേര്‍ ജോലി ചെയ്യുന്നു. വൈവിധ്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് 4 കോടി അനുവദിച്ചതോടെയാണ് ദിനേശിന് പുതുജീവന്‍ വീണത്.
സംസ്ഥാനത്ത് ആരംഭിക്കാന്‍ സാധ്യതയുള്ള 13,250 വ്യവസായ യൂണിറ്റുകളുടെ ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കി കഴിഞ്ഞു. 1060 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 53,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. രാജ്യാന്തര ബിസിനസ്സുകള്‍, കയറ്റുമതിക്കാര്‍ സാങ്കേതിക വിദ്യാദാതാക്കള്‍, അസംസ്കൃത വസ്തു ഇടപാടുകാര്‍ തുടങ്ങിയവരെ നമ്മുടെ സംരംഭകരുമായി ബന്ധിപ്പിക്കാന്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റും വന്‍ വിജയമായിരിക്കുകയാണ്. ഇതിലൂടെ ഉത്പന്നങ്ങള്‍ക്ക് വിദേശവിപണി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്.
ഈ മന്ത്രിസഭ വന്നതിന് ശേഷം പി.എം.ആര്‍.വൈ പദ്ധതിയിന്‍ കീഴില്‍ 61337 പേര്‍ക്ക് 32,645 ലക്ഷം രൂപ വായ്പ അനുവദിക്കുകയും 42864 പേര്‍ക്ക് 21.28 ലക്ഷം രൂപ വിതരണം നടത്തുകയും ചെയ്തു. മാര്‍ജിന്‍ മണി വായ്പ പദ്ധതി പ്രകാരം 639 സംരംഭകര്‍ക്ക് 1076.09 ലക്ഷം രൂപ വായ്പ അനുവദിച്ചു. മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 1135.23 ലക്ഷം രൂപ പിരിച്ചെടുക്കുകയും 1025.69 ലക്ഷം രൂപ എഴുതിത്തള്ളുകയും ചെയ്തു. അതുവഴി 2081 ചെറുകിട വ്യവസായസംരംഭകര്‍ക്ക് പ്രയോജനം ലഭിച്ചു. 2008-09 ല്‍ തുടങ്ങിയ പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിപദ്ധതി പ്രകാരം 328 പേര്‍ക്ക് മാര്‍ജിന്‍ മണി വായ്പയായി 421.85 ലക്ഷം അനുവദിച്ചു.
ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്നത് ഇടതുപക്ഷസര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പദ്ധതിയാണ്. ഇപ്പോള്‍ അങ്കമാലി, അത്താണി, ചേലക്കര തിരുവാര്‍പ്പ്, ഷൊര്‍ണ്ണൂര്‍, മൂടാടി, കുന്നംകുളം-എന്നീ സ്ഥലങ്ങളിലുള്ള വ്യവസായ പാര്‍ക്കുകളില്‍ 35.95 ഏക്കര്‍ സ്ഥലം ചെറുകിട വ്യവസായം നടത്താന്‍ സജ്ജമായികഴിഞ്ഞു. ഇതില്‍ 20.36 ഏക്കര്‍ വിവിധ സംരംഭങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു.

No comments:

Post a Comment