Wednesday, March 09, 2011

സുവര്‍ണനേട്ടങ്ങളുമായി ഐ ടി മേഖല


കൊച്ചി: കേരളത്തിന്റെ ഐ ടിരംഗം മുന്‍പെങ്ങുമില്ലാത്ത വികസനകുതിപ്പിലേക്കുയര്‍ന്ന അഞ്ചുവര്‍ഷങ്ങള്‍. ആഗോള സാമ്പത്തികമാന്ദ്യത്തിലും തളരാതെ ഐടിമേഖലയെ പിടിച്ചുനിര്‍ത്താനായത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സുവര്‍ണനേട്ടങ്ങളിലൊന്നാണ്. യു ഡി എഫ്‌സര്‍ക്കാരിന്റെ കാലത്ത് വില്‍ക്കാന്‍ തീരുമാനിച്ച ഇന്‍ഫോപാര്‍ക്കിന്റെ വികസനമാണ് ശ്രദ്ധേയം. സ്മാര്‍ട്ട്‌സിറ്റിക്കായി ടീകോമിന് ഇന്‍ഫോപാര്‍ക്കിനെ അടിയറവയ്ക്കാനാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്‍ഫോപാര്‍ക്കെന്ന പേരുപോലും ഇവര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതിനെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി മാതൃകാസ്ഥാപനമാക്കി മാറ്റിയത്. രണ്ടാംഘട്ടവികസനം പൂര്‍ത്തിയാകുന്നതോടെ 1.10 ലക്ഷം പേര്‍ക്ക് ഇവിടെ തൊഴില്‍  ലഭിക്കും. 2009 നവംബര്‍ 28ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന് തറക്കല്ലിട്ടത്. അഞ്ചുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും.
രണ്ടാംഘട്ടത്തിനായി കുന്നത്തുനാട്  പുത്തന്‍കുരിശ് പഞ്ചായത്തുകളിലായി 160 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 2500 കോടി മുതല്‍മുടക്കില്‍ 80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഒന്നാംഘട്ടത്തില്‍ 5.35 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമായി മാറി. ഇതിനുപുറമെ മറ്റൊരു 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. 5.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതുല്യയിലൂടെ 10000 പേര്‍ക്കാണ് ഐടി മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയത്. 2006-ല്‍ 31 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 81 കമ്പനികള്‍ ഉണ്ട്. 2006-ല്‍ രണ്ടായിരത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 10000 പേര്‍ക്കായി മാറി.
ഇന്‍ഫോപാര്‍ക്കിനെ വിറ്റ് സ്മാര്‍ട്ട്‌സിറ്റി നടപ്പിലാക്കാന്‍ ശ്രമിച്ച യുഡിഎഫിനുള്ള മറുപടിയായി ഇന്‍ഫോ പാര്‍ക്കിനെ വികസിപ്പിക്കുന്നതിനൊപ്പംതന്നെ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന നേട്ടമാണ്.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ അന്തിമകരാറില്‍ സംസ്ഥാനസര്‍ക്കാരും ടീകോമും ഒപ്പിട്ടപ്പോള്‍ സാര്‍ത്ഥകമായത് കൊച്ചിയുടെയും കേരളത്തിന്റെയും സ്വപ്‌നപദ്ധതിയാണ്. 2003-2004-ല്‍ യുഡിഎഫ് ഭരണകാലത്ത് ടീകോമുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഏറെ തടസങ്ങള്‍ക്കുശേഷം ഒരുമാസം മുന്‍പ് പദ്ധതിപ്രദേശം ടീകോമിന് പാട്ടത്തിന് നല്‍കിയുള്ള കരാറില്‍ ഒപ്പുവെയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതാണ് പ്രത്യേകത. 246 ഏക്കര്‍ ഭൂമിയെ 131്41 ഏക്കര്‍, 114.59 ഏക്കര്‍ എന്നിങ്ങനെ തിരിച്ച് രണ്ട് പാട്ടക്കരാറാണ് തയ്യാറാക്കിയിരുന്നത്. കേന്ദ്രത്തിന്റെ സെസ് അംഗീകാരംകൂടി ലഭിച്ചതോടെ ഇലക്ഷനുശേഷം സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരുലക്ഷത്തോളംപേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍നല്‍കാന്‍ സ്മാര്‍ട്ട്‌സിറ്റിക്കു കഴിയും. സ്മാര്‍ട്ട്‌സിറ്റി നടപ്പിലാവില്ലെന്ന് മോഹിച്ച യു ഡി എഫിന് വന്‍തിരിച്ചടി കൂടിയായി മാറി പദ്ധതിയുടെ വിജയം.
ടെക്‌നോപാര്‍ക്കിന്റെ വികസനവും വാക്കുകള്‍ക്കപ്പുറത്തേക്ക് യാഥാര്‍ഥ്യമായത് എല്‍ഡിഎഫിന്റെ കാലത്താണ്. 2006-ല്‍ 242 ഏക്കര്‍ മാത്രമുണ്ടായിരുന്ന ടെക്‌നോപാര്‍ക്ക് ഇപ്പോള്‍ 837 ഏക്കറിലേക്ക് വ്യാപിച്ചു. 13.50 ലക്ഷം ചതുരശ്ര അടി മാത്രമുണ്ടായിരുന്ന കെട്ടിടം ഇപ്പോള്‍ 45 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു. 12 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാറായി.  അഞ്ചുവര്‍ഷത്തിനിടെ 63 പുതിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി, കുണ്ടറ എന്നിവിടങ്ങളില്‍ ഐടി പാര്‍ക്ക് സ്ഥാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇവിടെയെല്ലാം തന്നെ രണ്ടാംഘട്ടവികസനവും നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കോഴിക്കോട് സൈബര്‍പാര്‍ക്ക് രൂപീകരണത്തിനും പദ്ധതിയിട്ടത് ഈ സര്‍ക്കാരാണ്. കോഴിക്കോട്ടും കണ്ണൂരിലും കാസര്‍കോഡും സൈബര്‍പാര്‍ക്കിന്റെ കീഴില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയാവിഷ്‌കരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
ഗ്രാമപ്രദേശങ്ങളിലേക്കും ഐടി സംരംഭങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ ലോഡ്ജ് പദ്ധതിക്കും തുടക്കംകുറിച്ചു.
ഐടി കയറ്റുമതി 2006ലെ 680 കോടിയില്‍നിന്ന് അഞ്ച്‌വര്‍ഷംകൊണ്ട് വര്‍ധിച്ചത് മൂവായിരം  കോടിയിലധികമായി. ഐടി കയറ്റുമതിയില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്. ദേശീയതലത്തിലെക്കാള്‍ മൂന്നിരട്ടിയാണ് ഇതെന്നും ശ്രദ്ധേയമാണ്. സംസ്ഥാന ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കുകയും സര്‍ക്കാര്‍ നേരിട്ട് 2000 കോടി രൂപ മുതല്‍മുടക്കുകയും ചെയ്തു ഐടി മേഖലയില്‍ വരുംവര്‍ഷങ്ങളിലെ വികസനത്തിനുള്ള വഴികള്‍ തുറന്നിടാനും സര്‍ക്കാരിന് കഴിഞ്ഞു.

No comments:

Post a Comment