Thursday, March 10, 2011

സമ്പൂർണ്ണ ആരോഗ്യം, സമഗ്ര സംരക്ഷണം

ആരോഗ്യകേരളം

കേരളപ്പിറവിയ്ക്ക് ശേഷം അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന ചാരിതാര്‍ഥ്യവുമായാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്.  താളം തെറ്റിയ പൊതുജനാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ചിക്കുന്‍ഗുനിയ പോലുള്ള പകർച്ചപ്പനികളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. പന്നിപ്പനിയെപ്പോലെ ലോകമാസകലം ഭീതിവിതച്ച മഹാമാരികളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞതും നേട്ടമായി. രാജ്യത്തെ ഒട്ടുമുക്കാലും സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ മരണനിരക്കാണ് പന്നിപ്പനി സമയത്ത് കേരളം രേഖപ്പെടുത്തിയത് എന്നതും ആശ്വാസദായകമാണ്.

ആരോഗ്യ ഇൻഷ്വറൻസ് എല്ലാവർക്കും

കേരളത്തിൽ നടന്നിട്ടുള്ള സാമൂഹ്യ പഠനങ്ങൾ എല്ലാം തന്നെ ചൂണ്ടിക്കാണിക്കുന്നത് സാധാരണക്കാരായ മലയാളിയുടെ സാമ്പത്തികസ്ഥിതിയെ തകർക്കുന്ന ഏറ്റവും പ്രധാന ചെലവ് ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ്. ഈ മേഖലയിലാണ് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ശക്തമായി ഇടപെട്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ നടപ്പാക്കിയിരിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം 35 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൌജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ‘താലോലം’ പദ്ധതിയും കാന്‍സര്‍ സുരക്ഷാ പദ്ധതിയും നടപ്പാക്കി. 2011 മുതൽ വൃക്കരോഗം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ മാറാവ്യാധികളുടെ ചികിത്സയ്ക്കായി “ഹൃദയപൂർവ്വം” എന്ന പദ്ധതിയിലൂടെ 70,000 രൂപയ്ക്കുള്ള ചികിത്സയും സൌജന്യമാക്കിയിട്ടുണ്ട്. കാലക്രമേണ മുഴുവൻ ജനസംഖ്യയേയും ആരോഗ്യ ഇൻഷ്വറൻസ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരികയും എല്ലാവർക്കും സമഗ്രമായ ആരോഗ്യപരിരക്ഷ എന്ന സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്ക് കേരളത്തെ എത്തിക്കുകയും ചെയ്യാനാണ് ഇടതുമുന്നണി വിഭാവന ചെയ്യുന്നത്.

മരുന്നുക്ഷാമം ഇല്ലാതാക്കി

മരുന്ന് സംഭരണത്തേയും വിതരണത്തേയും കുറിച്ച് അനേക വര്‍ഷങ്ങളായി വ്യാപകമായ പരാതിയാണ് ഉയര്‍ന്നുവന്നിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വതപരിഹരം കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് ഉറപ്പു നല്‍കിയിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷം 495 ഇനം മരുന്നുകള്‍ വാങ്ങിയതില്‍ 252 ഇനങ്ങള്‍ക്കും മുന്‍വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞ വിലയായിരുന്നു. ഇതിനകം 142 കോടി രൂപയുടെ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതില്‍ 113 കോടിയുടെ മരുന്നുകള്‍ ആശുപത്രികളില്‍ എത്തിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 48 കോടിയുടെ ഉപകരണങ്ങള്‍ സംഭരിക്കുന്ന ചുമതലയും ഈ വര്‍ഷം കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. പൊതുമേഖലയിലെ മരുന്നുനിര്‍മാണ സ്ഥാപനമായ ആലപ്പുഴയിലെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

അടിസ്ഥാന സൌകര്യങ്ങളിൽ വൻ വർദ്ധനവ്

ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് വര്‍ഷം തോറും ഫണ്ട് അനുവദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 1500 കോടിയിലേറെ രൂപ ചെലവഴിച്ചു. സബ് സെന്ററുകള്‍ക്കും വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ക്കും 10,000 രൂപ വീതവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 25,000 രൂപ വീതവും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും ഉപാധിരഹിത ഫണ്ടായി വര്‍ഷം തോറും നല്‍കി വരുന്നു. അറ്റകുറ്റപണികള്‍ക്കായി സബ്സെന്ററുകള്‍ക്ക് 10,000 രൂപ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1,00,000 എന്നിങ്ങനെ നല്‍കുന്നു. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ ആശുപത്രി നിര്‍വഹണസമിതികള്‍ക്ക് 5,00,000 രൂപ വീതവും വര്‍ഷം തോറും നല്‍കുന്നു.
ജനകീയ പങ്കാളിത്തത്തോടെ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ സുസജ്ജ സംവിധാനങ്ങളായി. 300 ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്തു. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചു. ജനനീ സുരക്ഷായോജന വഴി അഞ്ചു ലക്ഷം സ്ത്രീകളുടെ പരിരക്ഷയ്ക്ക് 40 കോടിയോളം രൂപയുടെ സഹായം നല്‍കി. 1100 വിദ്യാലയങ്ങളില്‍ ആരോഗ്യ പരിപാടി നടപ്പാക്കി. എച്ച്ഐവി ബാധിതരുടെ പരിചരണത്തിന് “പുലരി” സെന്ററുകള്‍ സജീവമാക്കി. “ജ്യോതിസ്” കേന്ദ്രങ്ങള്‍ കൂടുതല്‍ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിച്ചു.

വികസനത്തിന്റെ നെറുകയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ്

പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനപ്രകാരം രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട 13 സ്ഥാപനങ്ങളിൽ സമയബന്ധിതമായി 120കോടി രൂപയുടെ വികസന പദ്ധതി പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍കോളജ് ഒന്നാമതെത്തി. നേരത്തേ 140 കിടക്കകൾ മാത്രമുണ്ടായിരുന്ന സൂപ്പർ സ്പെഷ്യാൽറ്റി വിഭാഗങ്ങൾക്കാണ് ഇപ്പോൾ 40 തീവ്രപരിചരണ കിടക്കകളടക്കം 283 കിടക്കകളും, 2 ലക്ഷം ചതുരശ്രയടി സ്ഥലവുമായി 7 നിലകളുള്ള പുതിയ ബ്ലോക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.  

ആരോഗ്യ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തൽ

ആരോഗ്യ വകുപ്പില്‍ പതിനായിരത്തിലധികം പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. രണ്ടായിരത്തിനടുത്ത് പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജീവനക്കാരുടെ പ്രൊമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കി. ഡോക്ടര്‍മാരെയും നഴ്സുമാരെയും ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ വഴി അധികം നിയമിച്ചു.
മെഡിക്കല്‍കോളജ് അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കുകവഴി മെഡിക്കൽ സർവ്വീസ് ആകർഷകമാക്കി. സ്വകാര്യപ്രാക്ടീസ് നിരോധനത്തിലൂടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്ക് പൂർണമായും ലഭിക്കുന്നുവെന്ന് ഉറപ്പിവരുത്തി.
ആശുപത്രികളിലെ ഭരണപരമായ ജോലികൾക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സമയം ചെലവഴിക്കേണ്ടി വരുന്നു എന്ന അവസ്ഥ ഇല്ലാതാക്കിക്കൊണ്ട് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ വിഭജനമെന്ന ആവശ്യം പൂർണമായും നടപ്പിലാക്കി. ഡോക്ടര്‍മാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് ആകര്‍ഷകമാക്കി. തീരദേശ മേഖലകളിലും ഗിരിവര്‍ഗ മേഖലകളിലും മൊബൈല്‍ ഡിസ്പെന്‍സറി സംവിധാനം ഏര്‍പ്പെടുത്തി.

റഫറൽ സംവിധാനം : പുതിയ പരീക്ഷണത്തിന്റെ വിജയം

ആരോഗ്യമേഖലയെക്കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതികളുടെയും നിയമസഭാ സമിതികളുടെയും ശുപാര്‍ശകള്‍ അനുസരിച്ച് കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉന്നത ചികിത്സ ലഭ്യമാക്കാനുള്ള റഫറല്‍ യൂണിറ്റുകളായി മാറിക്കഴിഞ്ഞു. പെരിഫറല്‍ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ മതിയാവുന്ന ഏതാണ്ട് 40 ശതമാനം രോഗികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിത്യവും എത്തുന്നത്. ഇതുകാരണം തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് തറയില്‍ കിടക്കേണ്ടി വരുന്നു. മതിയായ ചികിത്സയും ലഭ്യമല്ലാതെ വരുന്നു. പെരിഫറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തി റഫറല്‍ സംവിധാനം കര്‍ശനവും ഊര്‍ജിതവുമാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 40-ഓളം ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്നത് 140-ലേറെയായി. മെഡിക്കല്‍ കോളേജുകളില്‍ ഇപ്പോള്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍  സൌകര്യം ലഭിക്കുന്നു.

പുതിയ സ്ഥാപനങ്ങളും കോഴ്സുകളും

ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ അക്കാദമിക് നിലാവാരം ഉയര്‍ത്താന്‍ കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തില്‍ കൂടുതല്‍ ഉത്തേജനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്നോളജി (സിമെറ്റ്) എന്ന  സ്വയംഭരണസ്ഥാപനം ആരംഭിച്ചു. സീമെറ്റിന്റെ പ്രഥമ സംരംഭമായി മലമ്പുഴ (പാലക്കാട്), ഉദുമ (കാസര്‍കോട്), പള്ളുരുത്തി (എറണാകുളം) എന്നിവിടങ്ങളില്‍ നഴ്സിങ് കോളേജ് സ്ഥാപിച്ചു. പയ്യന്നൂരിലും കുഴല്‍ മന്ദത്തും ഓരോ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. മുണ്ടൂരും തൃപ്പൂണിത്തുറയിലും പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സും ആരംഭിച്ചു.
മെഡിക്കല്‍ കോളേജുകളില്‍ പുതിയ പി.ജി. കോഴ്സുകള്‍ ആരംഭിച്ചു. 200 ഓളം മെഡിക്കല്‍ പി.ജി. സീറ്റ് വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജീവൻ രക്ഷാ സർവ്വീസ് : ആംബുലൻസുകൾ 24 മണിക്കൂറും

അത്യാധുനിക സൌകര്യങ്ങളോടുകൂടിയ 25 ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ തിരുവനന്തപുരം ജില്ലയില്‍ ഏര്‍പപ്പെടുത്തി. 108 എന്ന നമ്പരിലേക്കു വിളിച്ചാല്‍ അടിയന്തര സേവനം ലഭ്യമാകും. ഈ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

സമാന്തരവൈദ്യ ശാഖകൾക്കും ഉണർവ്വ്

പൂജപ്പുരയിലെ പഞ്ചകര്‍മ ആശുപത്രിയില്‍ ആറുകോടിയുടെ വികസനം നടപ്പാക്കി. മൂന്ന് ആയുര്‍വേദ ആശുപത്രികള്‍ക്ക് ഒന്‍പത് കോടി രൂപയുടെ ധനസഹായം. മലപ്പുറത്ത് ജില്ലാ ആശുപത്രി. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ജില്ലാ ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെയും നവീകരണം ഏറ്റെടുത്തു.  600-ലധികം താത്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചു.

സാമൂഹ്യക്ഷേമം ലക്ഷ്യബോധത്തോടെ

സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളില്‍ നല്ലൊരു പങ്കിനെ പ്രതിനിധീകരിക്കുന്നതാണ്  സാമൂഹികക്ഷേമ വകുപ്പ്. അവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ട ക്രിയാത്മക പരിപാടികള്‍ക്കാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം കൊടുത്തത്. 7722 പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുകയും, 15000ല്‍ പരം പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. അങ്കന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായുള്ള പുതിയ 95 ഐ.സി.ഡി.എസ്. പ്രോജക്ടുകള്‍ക്ക് തുടക്കംകുറിച്ചു.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2000 രൂപ വീതം പെന്‍ഷന്‍ അനുവദിച്ചു.  വയോജന നയം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുകയും വിവിധ ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വികലാംഗ സംവരണ നിയമനം പി.എസ്.സി. മുഖേനയാക്കുകയും ക്ളാസ് 2,3,4 വിഭാഗങ്ങളിലായി 232 തസ്തികകളില്‍ക്കൂടി സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ശാരീരിക/മാനസിക വൈകല്യം അനുഭവിക്കുന്നവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ആശ്വാസകിരണം പദ്ധതി നടപ്പിലാക്കി.
വിധവകളുടെ പുനര്‍വിവാഹത്തിന് കാല്‍ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു. സ്ത്രീശാക്തീകരണവും വികസനവും ലക്ഷ്യമിട്ട് 'ജെന്‍ഡര്‍ അഡ്വൈസറി ബോര്‍ഡ്' രൂപീകരിച്ചു. എല്ലാ വനിതാ വികസന പദ്ധതികളെയും ഒരു കുടക്കീഴിലാക്കുന്നതിനായി പുതിയ ബജറ്റിൽ വനിതാ വികസന വകുപ്പ് തന്നെ രൂപീകരിക്കാനും നടപടിയെടുത്തു. തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാന്‍ ഫിനിഷിംഗ് സ്കൂള്‍ പ്രോഗ്രാം ആരംഭിച്ചു. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് എല്‍ബിഎസിലും വനിതാവികസന കോര്‍പ്പറേഷന്‍ റീച്ച് അക്കാദമിയിലും പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ സാധിച്ചു. സ്ത്രീശാക്തീകരണം വര്‍ധിപ്പിക്കുന്നതിനായി വെബ് പോര്‍ട്ടല്‍ (http://www.keralawomen.gov.in/)ആരംഭിച്ചു.  ചരിത്രത്തില്‍ ഇടം നേടിയ മലയാളി വനിതകള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍, വിവിധമേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സൈറ്റ്. സ്ത്രീകള്‍ക്ക് സര്‍ഗശേഷി വര്‍ധിപ്പിക്കാനുള്ള അവസരം കൂടി ഇതിലുണ്ട്. സ്ത്രീസമൂഹത്തിന് നേരെയുണ്ടാവുന്ന അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാനാണ് ഈ പദ്ധതി.  ഗാര്‍ഹിക പീഡനങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാനായി ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളില്‍ സൈക്കോ-സോഷ്യല്‍ കൌണ്‍സിലിങ്  പദ്ധതി ആരംഭിച്ചു. പെണ്‍കുട്ടികളുടെ മാനസികവും ശാരീരികവുമായ സമഗ്ര വികസനം ഇത് ലക്ഷ്യം വെയ്ക്കുന്നു. ശിശുക്ഷേമസമിതി മുഖേന അനാഥ ശിശുക്കളുടെ സംരക്ഷണത്തിനും ശിശുവികസനത്തിനും പദ്ധതികള്‍ നടപ്പിലാക്കി

No comments:

Post a Comment