കേവലം ഒരു സേവന വകുപ്പ് എന്നതിനപ്പുറം സംസ്ഥാനത്തിന്റെ നിലനില്‍പ്പിനും സുസ്ഥിര വികസനത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികളുമായാണ് റവന്യു വകുപ്പ് മുന്നേറുന്നത്. മുന്‍കാലങ്ങളില്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന പല മേഖലകളിലും കടന്നു ചെല്ലാനും നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പലതും നടപ്പാക്കുന്നതില്‍ വകുപ്പ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഭൂമി കണ്ടെത്തുക എന്ന ദൌത്യത്തിനു പുറമേ ഭൂവിതരണം, ഭൂസംരക്ഷണം, ദുരന്ത നിവാരണവും ലഘൂകരണവും, സുനാമി പുനരധിവാസം, നദീ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് റവന്യു വകുപ്പ് മുഖ്യമായും കര്‍മനിരതമായിരുന്നത്.
കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞു നിര്‍ത്തുന്നതിന് സഹായകര മായിത്തീര്‍ന്ന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമത്തിന് രൂപം കൊടുത്തത് റവന്യു വകുപ്പായിരുന്നു. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നെല്‍വയല്‍ തണ്ണീര്‍ ത്തട സംരക്ഷണ നിയമം വളരെയധികം ശ്രദ്ധായകര്‍ഷിച്ച നിയമമായിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ക്കും കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കഠിനശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യും വിധം ഭൂസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി.
സംസ്ഥനത്ത് അവശേഷിക്കുന്ന ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് മുഴുവന്‍ ഭൂമി എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കുകയാണ് റവന്യു വകുപ്പ് പ്രധാന ദൌത്യമായി കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിവിധ ഘട്ടങ്ങളിലായി നടന്ന 100 ഓളം പട്ടയമേളകളിലൂടെ ഒന്നരലക്ഷത്തിലധികം പേരാണ് ഭൂമിയുടെ നേരവകാശികളായത്. 14658 പേര്‍ക്ക് മിച്ച‘ഭൂമി പട്ടയവും 31500 പേര്‍ക്ക് കൈവശരേഖയും 63500 പേര്‍ക്ക് മറ്റു വിവിധ പട്ടയങ്ങളും നല്‍കി. 14048 ആദിവാസി സെറ്റില്‍ മെന്റ് കോളനി കൈവശരേഖകള്‍, ഇതിനുപുറമേ കണ്ണൂര്‍ ജില്ലയിലെ ആറളം, ആലക്കോട് എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി 6000 ആദിവാസികള്‍ക്കും ഭൂമിയുടെ അവകാശം നല്‍കി. ആദിവാസി വനാവകാശ നിയമത്തിന്റെ അടിസ്ഥാന ത്തില്‍ 21000ത്തോളം വനാവകാശരേഖകള്‍ വിതരണം ചെയ്തു. ഇടുക്കിയില്‍ കയ്യേറ്റ മൊഴിപ്പിച്ച ഭൂമി 3344 പേര്‍ക്കും നല്‍കി.
സംസ്ഥാനമെമ്പാടും 9965 അനധികൃത കയ്യേറ്റങ്ങള്‍ കണ്ടുപിടിക്കുകയും അവയില്‍ 4020 എണ്ണം ഒഴിപ്പിക്കുകയും ചെയ്തു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്തതിലൂടെ ലഭിച്ച ഭൂമിയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടിയെടുത്തു. ഇടുക്കി ജില്ലയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമി 1044 പേര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ഇതിന് തുടക്കം കുറിച്ചു. ഇതിനുപുറമേ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി ക്രിയാത്മകമായി ഉപയോഗി ക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചു. പുതിയ ആദിവാസി വനാവകാശനിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിന് റവന്യൂ, പിന്നാക്കക്ഷേമം, വനം വകുപ്പുകള്‍ സംയുക്തമായി രൂപം നല്‍കിയ കര്‍മപദ്ധതികള്‍ പൂര്‍ത്തിയായി വരികയാണ്. സംസ്ഥാനത്തെ 31000 ലധികം ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. കൊല്ലം ജില്ലയില്‍ ഇത് പൂര്‍ത്തിയാക്കുകയും രാജ്യത്ത് ഭൂരഹിത ആദിവാസികളില്ലാത്ത ആദ്യ ജില്ലയായി കൊല്ലം മാറുകയും ചെയ്തു.
സംസ്ഥാനത്തെ തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരുടെ 28,558 ഹെക്ടര്‍ ഭൂമിയ്ക്ക് പട്ടയം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ച് നടപടികള്‍ ആരംഭിച്ചുവെങ്കിലും ചില സംഘടനകള്‍ കോടതിയെ സമീപിച്ചതിനാല്‍ തടസ്സപ്പെടുകയായിരുന്നു. ഈ സര്‍ക്കാറിന് അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചു. ഇടുക്കി അടക്കമുളള അഞ്ച് ജില്ലകളിലെ കുടിയേറ്റ കര്‍ഷകരുടെ കൈവശമുളള 28,588 ഹെക്ടര്‍ കൃഷിഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ബഞ്ച് വിധി പ്രസ്താവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കി വരികയാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും റവന്യു വകുപ്പ് ജാഗ്രത കാട്ടി. പ്രധാനമായും പിന്നാക്ക ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി. ഒട്ടനവധി ശാസ്ത്ര സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ദീര്‍ഘകാലപാട്ടത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കി. സര്‍ക്കാരിന്റെ കയ്യിലുള്ള ഭൂമിയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമിയും സംരക്ഷിക്കുന്നതിന് ലാന്റ് ബാങ്ക് രൂപീകരിച്ചു. വിവിധ ജില്ലകളില്‍ നിന്ന് കയ്യേറ്റമൊഴിപ്പിച്ചെടുത്ത 13153.57 ഏക്കര്‍ ഉള്‍പ്പെടെ ഇതുവരെയായി 1,39,000 ഏക്കര്‍ ഭൂമിയാണ് ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കി.
ഭൂമി ഇടപാടുകള്‍ സുതാര്യവും അഴിമതി രഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പിന്റെ ഐ.ടി സെല്‍ വെബ്സൈറ്റ്, ടോള്‍ഫ്രീ കാള്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാന്‍ 1800 425 5255 എന്ന ടോള്‍ഫ്രീ കാള്‍സെന്റര്‍ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ ഉപഭോഗ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വില്ലേജ് തല ജനകീയ സഭകള്‍ രൂപീകരിച്ചു. റവന്യൂ കംപ്യൂട്ടര്‍വത്കരണവും റീസര്‍വേയും രജിസ്ട്രേഷന്‍ വകുപ്പുമായുള്ള കംപ്യൂട്ടര്‍ ശൃംഖലയും യാഥാര്‍ഥ്യമാക്കാന്‍ കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ രൂപീകരിച്ചു.
വറുതിയുടേയും നിസ്സഹായതയുടേയും അനാഥത്വത്തിന്റെയും കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തീരദേശത്തിന്റെ മുഖഛായ മാറിക്കഴിഞ്ഞു. വിധവകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, കുടുംബ ശ്രീ യൂണിറ്റുകള്‍ക്കുള്ള ധനസഹായം, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 51,000 രൂപ സ്ഥിര നിക്ഷേപം, കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപ വീതം സ്കോളര്‍ഷിപ്പ്, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ, തീരദേശത്തെ 1,58,364 കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, തീരദേശ ജനതയുടെ ചിരകാല അഭിലാഷമായി മൂന്ന് വന്‍കിട പാലങ്ങള്‍, സ്ഥലമടക്കം സൌജന്യമായി 11,000 വീടുകള്‍, പുതിയ അംഗന്‍വാടികള്‍, 313 അംഗന്‍വാടികളുടെ നവീകരണം, ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, 714 സ്കൂളുകളില്‍ അടിസ്ഥാന സൌകര്യ വികസനം, തീരദേശ റോഡുകളുടെ പുനര്‍നിര്‍മാണം, തീരദേശത്തെ 2.5 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം, മല്‍സ്യ മേഖലയില്‍ കമ്മ്യൂണിറ്റി പ്രൊഡക്ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി റിസോര്‍സ് സെന്ററുകള്‍, 880 ലധികം ചെറുകിട സംരംഭങ്ങള്‍, തീര മൈത്രീ സൂപ്പര്‍ മാര്‍ക്കറ്റ്, തനിമ ചെറുകിട ഉത്പാദക യൂണിറ്റ്, വനിതാ പീലീങ്ങ് തൊഴിലാളികള്‍ക്ക് റിവോള്‍വിങ് ഫണ്ടും ആധുനിക സാങ്കേതിക വിദ്യയില്‍ വിദഗ്ദ്ധ പരിശീലനവും, ആഴക്കടല്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആധുനിക ഉപക രണങ്ങള്‍, ആറാട്ടുപുഴ, ആലപ്പാട്, അന്ധകാരനഴി, എടവനക്കാട് എന്നിവിടങ്ങളില്‍ 100 കോടിയുടെ പ്രത്യേക പാക്കേജ്, തീരദേശ സംരക്ഷണത്തിന് ജൈവക വചങ്ങള്‍, കടല്‍ഭിത്തികള്‍ തുടങ്ങിയവ സുനാമി പുനരധിവാസ പദ്ധതിയിലെ സുപ്രധാന നേട്ടങ്ങളാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ നയം പ്രഖ്യാപിക്കുകയും ജില്ലാതല പ്ളാനുകള്‍ തയ്യാറാക്കുകയും ചെയ്തു. കേന്ദ്രസഹായത്തിനു കാത്തു നില്‍ക്കാതെ കെടുതിക്കിരയായവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര സഹായമെത്തിച്ചു. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും സുരക്ഷാ ക്ളബ്ബുകള്‍ സ്ഥാപിക്കുകയും വില്ലേജ് തലത്തില്‍ യുവ കര്‍മസേന രൂപീകരിക്കുകയും ചെയ്തു. തീരദേശത്ത് 400 കോടി രൂപ മുതല്‍ മുടക്കി സ്ഥിരം സുരക്ഷാ ഷെല്‍ട്ടറുകള്‍ പണിയുന്ന പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തോണി അപകടങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ഥികള്‍ കൂടുതലായി ഉപയോഗിക്കുന്ന 31 കടവുകളില്‍ തൂക്കുപാലങ്ങള്‍ പണിയുന്നതിന് റവന്യു ദുരന്ത നിവാരണ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. 554 കടവുകളില്‍ തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കി.
സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനും അനധികൃത മണലെടുപ്പ് തടയുന്നതിനുമായി ജില്ലാതല വിദഗ്ദ്ധസമിതികള്‍ രൂപീകരിക്കുകയും അവയുടെപ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. നദികളുടെയും നദീതീരങ്ങളുടേയും സംരക്ഷണത്തിനായി പ്രത്യേക നദീസംരക്ഷണസേന രൂപീകരിച്ചു. ഭൂമിയുടെ ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനു കൂടി സഹായകരമാകുന്ന വിധത്തില്‍ 250 കോടി രൂപ വിനിയോഗിച്ച് ചെറുതും വലുതുമായ 600 ഓളം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി
No comments:
Post a Comment