Monday, March 07, 2011

സാന്ത്വനമേകി ധര്‍മാശുപത്രികള്‍

മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളാക്കി മാറ്റിയത് വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് അനുഗ്രഹമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 120 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് എന്ന അഭിമാനാര്‍ഹമായ പദവി ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സ്വന്തം.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ബ്ളഡ് ബാങ്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മരുന്നുവിതരണം കാര്യക്ഷമമാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇന്ന് ഏതു ആശുപത്രിയില്‍ പോയാലും എത്ര വിലയുള്ള മരുന്നും സൌജന്യമായി ലഭിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മരുന്ന് ലോബിയെ സഹായിക്കാനായി സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുവിതരണം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിയിരുന്നു.

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കാനുള്ള തീരുമാനം പാവപ്പെട്ടവരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഉത്തമോദാഹരണമാണ്. രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് ഇതുസഹായിച്ചു. ഡോക്ടര്‍മാരുടെ വേതനം കൂട്ടിക്കൊണ്ട് ആ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു.

ജനകീയ പങ്കാളിത്തത്തോടെയുള്ള ഗ്രാമീണ ആരോഗ്യപദ്ധതിയും വിജയകരമായി മുന്നോട്ടുപോകുകയാണ്. അഞ്ചുവര്‍ഷം മുമ്പ് ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ നോക്കുകുത്തികളായിരുന്നു. എന്നാല്‍, ഇന്ന് കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഡോക്ടറില്ലാതെ മടങ്ങിപ്പോകേണ്ട ഗതികേട് ഇന്ന് കേരളത്തിലെ ഒരുഗ്രാമത്തില്‍ പോലുമില്ല. ദേശീയ നിലവാരത്തിലാണ് ഇപ്പോള്‍ നമ്മുടെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ 150 കുടുംബങ്ങള്‍ക്ക് ഒരു ഡോക്ടര്‍, നേഴ്സ് എന്ന പദ്ധതി ക്യൂബയെ മാതൃകയാക്കി പ്രാവര്‍ത്തികമാക്കി.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സംസ്ഥാനത്തെ ആശുപത്രികളിലുണ്ട്. മഞ്ചേരിയിലെയും കാസര്‍ക്കോട്ടെയും ജില്ലാ ആശുപത്രികള്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ സഹായിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ ആരോഗ്യരംഗത്തുണ്ടായ പുരോഗതി അമ്പതുവര്‍ഷം കൈവരിച്ചതിലുമേറെ. യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നരകമായിരുന്നു. അടിസ്ഥാ സൌകര്യങ്ങള്‍ ഒട്ടുമില്ല, ഡോക്ടര്‍മാരും ജീവനക്കാരുമില്ല, മരുന്നില്ല- ചികിത്സ തേടിയെത്തുന്നവരെ കാത്തിരുന്നത് യാതനകള്‍ മാത്രം. അല്‍പ്പം നിവൃത്തിയുള്ളവരാരും അങ്ങോട്ടുതിരിഞ്ഞുനോക്കിയില്ല. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരിക്കൊഴിയുന്നില്ല.

ആരോഗ്യസര്‍വകലാശാല, മരുന്ന് സംഭരണത്തിനും വിതരണത്തിനും കോര്‍പറേഷന്‍, ഗ്രാമീണ ആരോഗ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് ആരോഗ്യവകുപ്പു കൈവരിച്ചത്. ആരോഗ്യരംഗത്ത് സമഗ്രമായ അഴിച്ചുപണിയാണ് പി കെ ശ്രീമതിയുടെ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് ഗവര്‍മെണ്ട് കേരളത്തില്‍ സാധ്യമാക്കിയത്. ആരോഗ്യമേഖലയിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളിലൂടെയാണ്.

മരുന്നും ചികിത്സാ സംവിധാനങ്ങളുമില്ലാത്ത പരിതാപകരമായ അവസ്ഥയ്ക്ക് മെല്ലെ മാറ്റമായി. ഇന്ത്യയിലെതന്നെ മികച്ച നിലവാരമുള്ള ചുരുക്കം സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പമാണ് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച ആശുപത്രിയെന്ന പെരുമയും ഈ ആതുരാലയത്തിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനം. ഈ വളര്‍ച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്.

തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററുകളുടെ കുറവ് പൂര്‍ണമായി പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കി. എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍ എന്നീ രോഗനിര്‍ണയ ഉപകരണങ്ങളുടെ കുറവ് പരിഹരിച്ചു. ചികിത്സാ സൌകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ രോഗികളുടെ എണ്ണംകൂടി. റഫറല്‍ സംവിധാനം ശക്തമാക്കി തിരക്ക് നിയന്ത്രിച്ചു. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി. പുതിയ സംവിധാനങ്ങളുടെ ഗുണഫലം അനുഭവിച്ചവര്‍ ആശുപത്രിയെ അഭിമാനത്തോടെ സമീപിക്കുന്നു. 

No comments:

Post a Comment