കാര്‍ഷികരംഗത്തെ മുരടിപ്പ് മാറ്റി ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെയുണ്ടാക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാണ്. പല കാരണങ്ങളാല്‍ കാര്‍ഷികരംഗത്ത് ഒരു പിറകോട്ടുപോക്ക് സംഭവിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല എന്നാണ് അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ലോകവ്യാപകമായി ഭക്ഷ്യധാന്യങ്ങള്‍ക്ക് വന്‍കമ്മി അനുഭവപ്പെടകയും ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളും ഭക്ഷ്യകലാപത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുന്നതും കാര്‍ഷികമേഖലയില്‍ നിന്നും തൊഴിലാളികള്‍ ധാരാളമായി മറ്റു മേഖലകളിലേക്ക് മാറുന്നതും ഗവണ്‍മെന്റുകള്‍ കൃഷിക്ക് വേണ്ടത്ര സഹായം നല്‍കാത്തതും അതിലെല്ലാമുപരി കാലാവസ്ഥാവ്യതിയാനവുമാണ് ഭക്ഷ്യധാന്യോല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നത്. ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്‍, അതിന്റെ ഭാഗമായ ഇറക്കുമതി ഉദാരവല്‍ക്കരണം എന്നിവ നമ്മുടേതുപോലുള്ള രാജ്യങ്ങളിലെ കൃഷി നഷ്ടത്തിലാക്കുന്നു. നഷ്ടവും കടക്കെണിയും തുടരുന്നതിനാല്‍ കൃഷിക്കാര്‍ കാര്‍ഷികമേഖലയില്‍നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായ അവസ്ഥയുണ്ട്. ധാന്യങ്ങള്‍ കൃഷിചെയ്യുന്ന പാടങ്ങളില്‍ എണ്ണക്കുരുക്കള്‍ കൃഷിചെയ്യുന്ന പ്രവണതയുണ്ട്.
ഇന്ത്യയിലാണെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപതിറ്റാണ്ടിന്റെ തുടക്കം മുതല്‍ വിവിധ ഗവണ്‍മെന്റുകള്‍ ആവേശപൂര്‍വ്വം നടപ്പാക്കിയ ആഗോളവല്‍ക്കരണനയങ്ങള്‍ കടുത്ത വിലക്കയറ്റത്തിലേക്കും ഭക്ഷ്യപ്രതിസന്ധിയിലേക്കുമെത്തിച്ചിരിക്കുന്നു. രാജ്യത്ത് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന ഭക്ഷ്യധാന്യ ബഫര്‍സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രമാണിപ്പോഴുള്ളത്. ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് എഫ്.സി.ഐ. ഗോഡൗണുകളില്‍ സൂക്ഷിച്ച് പൊതുവിതരണശൃംഖലയിലൂടെ ന്യായവിലയ്ക്ക് വിതരണം ചെയ്യുകയായിരുന്നു മുമ്പ്. എന്നാല്‍ അത് നിര്‍ത്തി എഫ്.സി.ഐ. ഗോഡൗണുകള്‍ റിലയന്‍സ് പോലുള്ള വന്‍ കമ്പനികള്‍ക്ക് പാട്ടത്തിനുകൊടുക്കുകയാണിപ്പോള്‍. പൊതുവിതരണം തകര്‍ത്ത് ഭക്ഷ്യധാന്യരംഗം കുത്തകവല്‍ക്കരിക്കുകയും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുകയുമാണ് കേന്ദ്രഗവണ്‍മെന്റ്. കേരളത്തിന്റെ റേഷനരിവിഹിതത്തില്‍ 82 ശതമാനത്തിന്റെ കുറവ് വരുത്തിയതും ഇതിന്റെ ഭാഗമാണ്.
പണ്ടു മുതല്‍ക്കേ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ കേരളം തികച്ചും കമ്മി സംസ്ഥാനമാണ്. ഈ സാഹചര്യത്തിലാണ് 1966 ല്‍ കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് ആരംഭിച്ചതും അതിനാവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ചതും. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും കേരളത്തിലാണ് അധികം ഉല്പാദിപ്പിക്കുന്നത്. ഭൂമിയുടെ കിടപ്പും കാലാവസ്ഥയുമൊക്കെയാണിതിന് കാരണം. ഇതെല്ലാം പരിഗണിച്ചാണ് ആവശ്യമായത്ര ഭക്ഷ്യധാന്യം സംസ്ഥാനത്തിന് അനുവദിക്കാമെന്ന് കേന്ദ്രഗവണ്‍മെന്റ് സമ്മതിച്ചത്. ആ കരാറില്‍ നിന്നാണ് അടുത്തകാലത്ത് കേന്ദ്രം പിറകോട്ടു പോയത്. അതോടൊപ്പം പൊതുവിപണിയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം അരികിട്ടുമായിരുന്ന സ്ഥിതിക്കും മാറ്റം വന്നു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടായേക്കുമെന്ന ആശങ്ക ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. സംസ്ഥാന ഗവണ്‍മെന്റ് നിരന്തരമായ ഇടപെടല്‍ നടത്തി ആന്ധ്രയില്‍നിന്നും പശ്ചിമബംഗാളില്‍ നിന്നും മറ്റും അരികൊണ്ടു വന്നതുകൊണ്ടാണ് തല്‍ക്കാലം പ്രതിസന്ധി ഒഴിവായത്. സംസ്ഥാനത്താകെ അരിക്കടകള്‍ തുടങ്ങി പുഴുങ്ങലരി കിലോവിന് 14 രൂപയ്ക്കും പച്ചരി 13.50 നും ലഭ്യമാക്കി. റേഷന്‍ കടകളിലൂടെ എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് പ്രതിമാസം പത്ത് കിലോ അരി 14 രൂപയ്ക്ക് ലഭ്യമാക്കി. ബി.പി.എല്‍.കുടുംബങ്ങള്‍ക്കാകട്ടെ പ്രതിമാസം 20 കിലോ അരി മൂന്ന് രൂപ വീതം മാത്രം ഈടാക്കി നല്‍കുന്നു. ഇങ്ങനെ പുറത്തുനിന്ന് അരി ലഭ്യമാക്കിയും അഭൂതപൂര്‍വ്വമായ സബ്‌സിഡി അനുവദിച്ചുമാണ് കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് ഭക്ഷ്യധാന്യപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടത്.
എന്നാല്‍ ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറി, പഴം, മുട്ട, പാല്‍ എന്നിവയുടെയും വമ്പിച്ച കമ്മി വലിയ ആശങ്കയായി നിലനില്‍ക്കുകയാണ്. ഈ ന്യൂനത പരിഹരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. നമുക്കാവശ്യമായ അരിയുടെ അഞ്ചിലൊന്നുപോലും ഇവിടെ ഉല്പാദിപ്പിക്കുന്നില്ലെന്ന് വരുന്നത് ഭയാനകമാണെന്ന് തന്നെ പറയാം. അപമാനകരവും. പാടം നികത്തലും തരം മാറ്റലും തരിശിടലുമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അരനൂറ്റാണ്ട് മുമ്പ് ഒമ്പത്‌ലക്ഷത്തില്‍പരം ഹെക്ടറുണ്ടായിരുന്ന നെല്‍പ്പാടങ്ങളുടെ അളവ് ഇപ്പോള്‍ രണ്ട് ലക്ഷത്തി അറുപതിനായിരത്തില്‍പ്പരം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. ആ ചുരുക്കത്തിന്റെ കഥ നോക്കുക - 2000 - 2001 ല്‍ മൂന്ന് ലക്ഷത്തിനാല്‍പ്പത്തേഴായിരം ഹെക്ടര്‍ നെല്‍പാടം. ഉല്പാദനം ഏഴ് ലക്ഷത്തി അമ്പത്തി ഒന്നായിരം ടണ്‍. ഒരു കൊല്ലം കൊണ്ട് ഇരുപത്തയ്യായിരം ഹെക്ടര്‍ നികത്തപ്പെടുകയോ തരംമാറ്റപ്പെടുകയോ ചെയ്തപ്പോള്‍ ഉല്പാദനത്തില്‍ അമ്പതിനായിരത്തോളം ടണ്ണിന്റെ കുറവ്. അടുത്ത വര്‍ഷം, അതായത് 2002-2003 ആയപ്പോഴേക്കും പാടം വിസ്‌തൃതി മൂന്ന് ലക്ഷത്തിപതിനോരായിരത്തിലും ഉല്പാദനം ആറ് ലക്ഷത്തിഎണ്‍പത്തൊമ്പതിനായിരം ടണ്ണിലും എത്തി. അടുത്തകൊല്ലം കുറഞ്ഞത് ഇരുപത്തിനാലായിരം ഹെക്ടര്‍. അങ്ങനെ കുറഞ്ഞു കുറഞ്ഞ് രണ്ട് ലക്ഷത്തി അറുപത്തിനാലായിരം ഹെക്ടറിലെത്തിയിരിക്കുന്നു നെല്‍പാടം വിസ്‌തൃതി. ഉല്പാദനമാകട്ടെ ആറ് ലക്ഷത്തി നാല്പത്തീരായിരം ടണ്ണിലും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് കാര്‍ഷികമേഖലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ നെല്‍കൃഷിമേഖലയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. ഈ ഒരു കൊല്ലംകൊണ്ട് പാടം വിസ്‌തൃതി പന്തീരായിരം ഹെക്ടര്‍ കുറഞ്ഞുവെങ്കിലും ഉല്പാദനത്തില്‍ വമ്പിച്ച വര്‍ദ്ധനയുണ്ടായി. 2005 - 06 ല്‍ ആറ് ലക്ഷത്തി മുപ്പതിനായിരം ടണ്ണായിരുന്നു ഉല്പാദനം. എന്നാല്‍ ഭൂവിസ്‌തൃതി ഗണ്യമായി കുറഞ്ഞിട്ടും ഉല്പാദനത്തില്‍ പന്തീരായിരം ടണ്ണിന്റെ വര്‍ദ്ധനയുണ്ടായി. ഉല്പാദനക്ഷമത ഹെക്ടറിന് 2285 ടണ്ണില്‍നിന്ന് 2435 ടണ്ണായി വര്‍ദ്ധിച്ചു. കാര്‍ഷികകടാശ്വാസ നടപടികള്‍, സംഭരണം കാര്യക്ഷമമാക്കിയത്, സംഭരണവില ഗണ്യമായി വര്‍ദ്ധിപ്പിച്ചത്, പലിശ കുറച്ചത് തുടങ്ങിയ നടപടികള്‍ കൃഷിക്കാരില്‍ ഉണ്ടാക്കിയ ആത്മവിശ്വാസവും ആവേശവുമാണ് ഉല്പാദനവര്‍ദ്ധനയിലേക്ക് നയിച്ചത്.
എന്നാല്‍ അപ്പോഴും, പ്രശ്‌നം പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. നിലംനികത്തലും തരിശിടലും തരംമാറ്റലും തുടരുന്നു.
പാലിന്റെ കാര്യത്തിലും പിറകോട്ട് പോക്ക് പ്രകടമാണ്. 2002 ല്‍ നമുക്ക് 23.65 ലക്ഷം ടണ്‍ പാല്‍ മാത്രം ആവശ്യമായിരുന്നപ്പോള്‍ ഉല്പാദനം 24.20 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ ആവശ്യം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഉല്പാദനം ഗണ്യമായി കുറഞ്ഞുവെന്നതാണ് അഞ്ചുകൊല്ലത്തിനുശേഷമുള്ള അനുഭവം. 2006-2007 ല്‍ 24.53 ലക്ഷം ടണ്‍ പാല്‍ ആവശ്യമായിരുന്നു. കിട്ടിയത് 21.18 ലക്ഷം ടണ്‍ മാത്രം. ഇപ്പോള്‍ ഏതാണ്ട് നാല് ലക്ഷത്തോളം ടണ്‍ പാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടി വരുന്നു. പാലുല്പാദനത്തില്‍ അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. മുട്ടയുടെ കാര്യത്തില്‍ അഞ്ച് വര്‍ഷംകൊണ്ട് പത്ത് ശതമാനം ഉല്പാദനക്കുറവുണ്ടായി. അതേസമയം ഇറച്ചിയുടെ കാര്യത്തില്‍ അല്പം പുരോഗതിയുണ്ടായിട്ടുണ്ട്. അഞ്ച് വര്‍ഷംകൊണ്ട് ഒരുലക്ഷത്തി എഴുപത്തെട്ടായിരം ടണ്ണില്‍നിന്നും ഒരുലക്ഷത്തിതൊണ്ണൂറായിരത്തില്‍പ്പരം ടണ്ണായി ഇറച്ചി ഉല്പാദം വര്‍ദ്ധിച്ചു. അപ്പോഴും എഴുപതിനായിരം ടണ്ണോളം ഇറച്ചി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടി വരുന്നു. പച്ചക്കറിയുടെ കാര്യത്തില്‍ ആവശ്യമായതിന്റെ അറുപത് ശതമാനത്തോളവും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്.
കാര്‍ഷികമേഖലയുടെ മൊത്തം ഉല്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. എന്നാല്‍ റബ്ബറിന്റെ ഉല്പാദനത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 2001 ല്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തില്‍ 17.30 ശതമാനം കൃഷിയില്‍നിന്നായിരുന്നു. അഞ്ച്‌കൊല്ലം കൊണ്ട് അത് 12.66 ശതമാനത്തിലേക്ക് കുത്തനെ താണു.
ഈ ദുരവസ്ഥയുടെ കാരണങ്ങളെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നില്ല. ഈ അവസ്ഥയെ എങ്ങനെ മാറ്റിയെടുക്കാമെന്ന ആലോചനയ്‌ക്കാണിപ്പോള്‍ പ്രസക്തി. കാര്‍ഷികമേഖലയില്‍ അതിശക്തമായ ഒരു മുന്നേറ്റം അനിവാര്യമാണ്. അതിനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. രണ്ട് വര്‍ഷംമുമ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന സ്ഥിതി എത്രമാത്രം ശോചനീയമായിരുന്നു. കടക്കെണിയില്‍പ്പെട്ട് ആയിരത്തഞ്ഞൂറില്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. ലക്ഷക്കണക്കിന് കൃഷിക്കാര്‍ നൈരാശ്യത്തിന്റെ പടുകുഴിയിലകപ്പെട്ട സ്ഥിതിയിലായിരുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമായി മുക്കാല്‍ കോടിയിലേറെ പേരുള്ള നാടാണ് നമ്മുടേത്. കൃഷി നഷ്ടമാവുകയും കടം പെരുകുകയും ചെയ്തതിനെ തുടര്‍ന്ന് കൃഷിക്കാര്‍ കൃഷിയിറക്കാന്‍തന്നെ മടിച്ചു. ഇറക്കുമതി ഉദാരവല്‍ക്കരണം കാരണം കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില ഇടിഞ്ഞതാണ് കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയത്. ഏഴായിരത്തോളം കോടിരൂപയുടെ നഷ്ടമാണ് ഓരോ വര്‍ഷവും കേരളത്തിലെ കാര്‍ഷികമേഖലയ്ക്കു മാത്രം ഇറക്കുമതി ഉദാരവല്‍ക്കരണംകൊണ്ടുണ്ടായത്. കൃഷിക്കാര്‍ പ്രതിസന്ധിയിലായത് കര്‍ഷകതൊഴിലാളികള്‍ക്ക് പണി ഇല്ലാതാക്കി. കര്‍ഷകതൊഴിലാളികള്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ടു.
ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദ്യം ചെയ്തത്. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം, മൊറട്ടോറിയത്തിന്റെ കാലാവധി കഴിയുമ്പോഴേക്കും കടാശ്വാസനടപടികള്‍, കടാശ്വാസനടപടികള്‍ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന്‍ എന്ന സ്ഥിരം സംവിധാനം, അതിനായി ഒരു നിയമം, കാര്‍ഷികവായ്പയുടെ പലിശ കുറക്കല്‍, മൂന്നു ജില്ലകള്‍ക്ക് വിദര്‍ഭാ പാക്കേജ്, തോട്ടങ്ങള്‍ തുറക്കാനും പുനരുദ്ധരിക്കാനും നടപടി, വിള ഇന്‍ഷുറന്‍സ്, ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടം എഴുതിത്തള്ളല്‍, അവരുടെ ആശ്രിതര്‍ക്ക് അരലക്ഷം രൂപ വീതം സഹായധനം, നെല്‍കൃഷിക്ക് പലിശരഹിതവായ്പ, കര്‍ഷകപെന്‍ഷന്‍ പദ്ധതി, ഉയര്‍ന്ന വില നല്‍കി നെല്ല് സംഭരണം, കാലാവസ്ഥാപ്രശ്‌നം കാരണം വിള നഷ്ടപ്പെട്ടാല്‍ വന്‍തോതില്‍ സത്വരസഹായം - ഇങ്ങനെ നിരവധി നിരവധി നടപടികളിലൂടെ കൃഷിക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് തുണയായി സര്‍ക്കാരുണ്ട്, കേരള സമൂഹമുണ്ട് എന്ന തോന്നല്‍ കൃഷിക്കാരനുണ്ടായി. അതുകൊണ്ട് സംസ്ഥാനത്ത് കാര്‍ഷികമേഖലയിലെ ആത്മഹത്യാപ്രവണത ഇല്ലാതായി. മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. എന്നാല്‍ കേരളം അതില്‍നിന്നും മുക്തമായി.
അതായത്, ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് രണ്ട് വര്‍ഷംകൊണ്ട് കേരളത്തിലെ കാര്‍ഷികമേഖലയില്‍നിന്നും നൈരാശ്യമകറ്റി, നവോന്മേഷം പകര്‍ന്നു. ഉല്പാദനമുന്നേറ്റത്തിനുള്ള പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം.
ഈ സാഹചര്യത്തിലാണ് ഒരു ജനകീയ ഭക്ഷ്യോല്പാദന കര്‍മ്മപരിപാടിക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് രൂപം നല്‍കിയിരിക്കുന്നത്. ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ജനകീയബോധവല്‍ക്കരണമാണ്. സാക്ഷരതാപ്രസ്ഥാനവും ജനകീയാസൂത്രണവുംപോലെ വിപുലമായ ജനപങ്കാളിത്തത്തോടെ ഭക്ഷ്യസുരക്ഷാ ക്യാംപയിന്‍ നടത്താനാകണം. സംസ്ഥാന - ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ വിപുലമായ സംഘടനാസംവിധാനം ഇതിനായി ഉണ്ടാക്കേണ്ടതുണ്ട്.
തരിശിടല്‍ പൂര്‍ണ്ണമായും തടയുക, തരിശിട്ട സ്ഥലങ്ങളില്‍ കൃഷി ചെയ്യുക, കൂട്ടുകൃഷി വ്യാപകമാക്കുക, ഭക്ഷ്യോല്പാദനം കൃഷിക്കാര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും ലാഭകരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുക എന്നിവ ആവശ്യമാണ്. ഗുണമേന്മയുള്ള വിത്ത് യഥാസമയം ലഭ്യമാക്കുക, ജലസേചന-ജലപരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പലിശരഹിതവായ്പ ലഭ്യമാക്കുക, തൊഴിലാളികള്‍ക്കുകൂടി സ്വീകാര്യമായ തരത്തില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുക, കൃഷിക്കാര്‍ക്ക് അനുപൂരക വരുമാനം ലഭ്യമാക്കുന്നതിന് പയറുവര്‍ഗ്ഗങ്ങളുടെ കൃഷി, മത്സ്യകൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നിവയെല്ലാം കര്‍മ്മപരിപാടിയുടെ ഭാഗമാണ്.
അടുത്ത മൂന്നുവര്‍ഷംകൊണ്ട് നെല്ലുല്പാദനം ആറ്‌ലക്ഷത്തി ചില്വാനം ടണ്ണില്‍ നിന്നും ഒമ്പതേമുക്കാല്‍ ലക്ഷം ടണ്ണായി ഉയര്‍ത്തുക, പാലുല്പാദനം 21 ലക്ഷം ടണ്ണില്‍ നിന്നും 35 ലക്ഷം ടണ്ണാക്കുക, മുട്ടയുടെ ഉല്പാദനം 1196 ദശലക്ഷത്തില്‍നിന്ന് 2395 ദശലക്ഷം എണ്ണമാക്കുക-ഇതൊക്കെയാണ് വിഭാവനം ചെയ്യുന്നത്.
നെല്‍വയലുകളുടെ വിസ്തീര്‍ണ്ണം, അതായത് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം ഒരിഞ്ച് പോലും കുറയാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജനകീയ ഭക്ഷ്യോല്പാദന ക്യാംപയിന്‍ അതിന് സഹായകമാകും. ആണ്ടില്‍ പന്തീരായിരം ഹെക്ടര്‍ പാടം ഇല്ലാതാകുന്ന അവസ്ഥ പൂര്‍ണ്ണമായി ഇല്ലാതാക്കുക മാത്രമല്ല, അടുത്ത മൂന്നുവര്‍ഷത്തില്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് പതിനായിരം ഹെക്ടറില്‍ അധികമായി നെല്‍കൃഷി ഇറക്കണം. നെല്‍പാടങ്ങളും ജലാശയങ്ങളും നികത്തുന്നത് തടയാന്‍ ഒരു നിയമം കൊണ്ടുവരുന്നതും ഇതിന്റെ ഭാഗമാണ്.
പണത്തിന്റെ ദൗര്‍ലഭ്യം ഭക്ഷ്യോല്പാദനപരിപാടി നടപ്പിലാക്കുന്നതിന് തടസ്സമാവില്ല. നടപ്പ് സാമ്പത്തികവര്‍ഷം ഈ പരിപാടിക്കായി 1313.60 കോടി രൂപ ചെലവഴിക്കും. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതി-പദ്ധതിയേതര കണക്കിലും നിലവില്‍ വകയിരുത്തിയതും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തില്‍ നിന്നുമായി 1200 കോടിരൂപ ഭക്ഷ്യോല്പാദന കര്‍മ്മപദ്ധതിക്കായി ചെലവഴിക്കും. ഈ തുക കൂടാതെ 113.5 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വിവിധവകുപ്പുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും 2008-2009 ലേക്ക് പദ്ധതിയിനത്തിലും പദ്ധതിയേതര ഇനത്തിലും അനുവദിച്ചിട്ടുള്ള തുക അതത് വകുപ്പുകളുടെ അഥവാ തദ്ദേശസ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ചെലവഴിക്കുക. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാനായി നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനവും ജനകീയവല്‍ക്കരണവുമാണ് ജനകീയ ഭക്ഷ്യോല്പാദന കര്‍മ്മപരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനും കൃഷിമന്ത്രി കണ്‍വീനറുമായി മന്ത്രിസഭാ ഉപസമിതിയും കാര്‍ഷികോല്പാദന കമ്മീഷണര്‍ ചെയര്‍മാനായി ഉന്നതല ഏകോപന കമ്മിറ്റിയും നിലവില്‍വന്നു കഴിഞ്ഞു. ജില്ലാ- ബ്ലോക്ക്-ഗ്രാമതലത്തിലും സംഘടനാ നിര്‍വഹണ സംവിധാനങ്ങളുണ്ടാക്കും.
പച്ചക്കറി ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വമ്പിച്ച ഒരു പദ്ധതി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് അയ്യായിരം ഹെക്ടര്‍ സ്ഥലത്ത് ആണ്ടില്‍ മൂന്നു തവണ സമഗ്ര പച്ചക്കറി കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം.
അരിയുടെ കാര്യത്തില്‍ നമുക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ അടുത്തൊന്നും സാധ്യമല്ല. ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി എന്നിവക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ, സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇങ്ങനെ കേരളത്തിന്റെ വികസനമുന്നേറ്റത്തിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. ഈ പദ്ധതി വമ്പിച്ച വിജയമാക്കാന്‍ ജനങ്ങളാകെ സഹകരിക്കേണ്ടതുണ്ട്. കാര്‍ഷികോല്പാദനത്തില്‍ മുന്നേറ്റത്തിന്റെ കാലമാണിനി...
No comments:
Post a Comment