കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം സൃഷ്ടിച്ച കനത്ത ആഘാതത്താല്‍ വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ അഭിമുഖീകരിച്ചുക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീപുകയാത്ത അടുപ്പുകള്‍ ചോദ്യചിഹ്നമായി. അതിനാല്‍ ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത് കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാനും കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കാനുമാണ്. രാജ്യത്ത് ആദ്യമായി കടാശ്വാസം പാസാക്കിക്കൊണ്ട് സ്വീകരിച്ച നടപടികള്‍ വഴി കാര്‍ഷിക ആത്മഹത്യ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. 25,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളി. 42,113 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മുന്‍കാലങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍കഷക ആത്മഹത്യ പഴങ്കഥയായി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ സൌഗരവം പഠിക്കുകയും കര്‍ഷകരുടെ അഭിപ്രായങ്ങളറിയാന്‍ കാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിദ്ഗധരുടെ സഹായത്തോടെ പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.
നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് ഏഴു രൂപയുണ്ടായിരുന്നത് 12 രൂപയാക്കല്‍ തുടങ്ങി കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിരവധി പദ്ധതികള്‍. പ്രീമിയം 250ല്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരം 12,500 രൂപയാക്കി. നെല്‍കൃഷിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഭക്ഷ്യസുരക്ഷയ്ക്കായി മാത്രം 64 കോടിയുടെ പദ്ധതികള്‍. നെല്‍കൃഷിക്കുള്ള വകയിരുത്തല്‍ 2008-09ല്‍ 20 കോടിയായിരുന്നത് 2009-10ല്‍ 56 കോടിയായി ഉയര്‍ത്തി. ഇതിനു പുറമേ രാഷ്ട്രീയ കൃഷിവികാസ് യോജന മുഖേന 30 കോടി അധികമായി ലഭ്യമാക്കാന്‍ നടപടി. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ എല്ലാ ജില്ലകളിലും. നെല്ലു സംസ്കരണത്തിന് ആലത്തൂര്‍, തകഴി, വൈക്കം എന്നിവിടങ്ങളില്‍ ആധുനിക റൈസ്മില്‍. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയതൊഴിലുറപ്പ് പദ്ധതി. നെല്‍കൃഷിക്കും നെല്‍കര്‍ഷകര്‍ക്കുമായി കൊണ്ടുവന്ന പദ്ധതികളിലൂടെ സാധ്യമായത് നൂറുമേനി. കൃഷി ഉത്സവമാക്കിയ കഴിഞ്ഞ വര്‍ഷം മാത്രം പതിനയ്യായിരത്തിലേറെ ഹെക്ടര്‍ തരിശുനിലം പച്ചപ്പും സുവര്‍ണ ധാന്യങ്ങളും വിളയിച്ചു. ഇതിനായി ‘സുവര്‍ണകേരളം’ പദ്ധതി നടപ്പിലാക്കി.
കേരശ്രീ സമഗ്രനാളികേരവികസന പദ്ധതി നടപ്പിലാക്കി. അഞ്ചു ജില്ലകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങി. രാജ്യത്ത് ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി, 'കിസാന്‍ അഭിമാന്‍' ആരംഭിച്ചു. 15000ത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തിലെ പരമ്പരാഗത നെല്ലുത്പാദനമേഖലയായ കുട്ടനാട്ടിലെ നെല്ലുത്പാദനത്തിനായി 2.5 കോടി രൂപയുടെ പദ്ധതിയ്ക്കും യന്ത്രവത്ക്കരണത്തിനായി 1.8 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കി. കമ്പയിന്‍ ഹാര്‍വസ്റ്റര്‍, ട്രാക്ടര്‍, പവര്‍ ടില്ലര്‍, റീപ്പര്‍, പവര്‍ സ്പ്രേയര്‍ തുടങ്ങിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കി.
വയനാടന്‍ സുഗന്ധ നെല്ലിനങ്ങളുടെ പരിരക്ഷയ്ക്കായി ചില കര്‍മപരിപാടികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തുകഴിഞ്ഞു. വയനാടന്‍ സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കയമ എന്നിവയുടെയും ബസുമതി, ഞവര എന്നീ നെല്ലിനങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഈ പാടശേഖരങ്ങള്‍ക്ക് പവര്‍ടില്ലര്‍, ലവലര്‍, കൊയ്ത്ത് യന്ത്രം തുടങ്ങിയവ യഥാസമയത്തു ലഭ്യമാക്കും. കൂടാതെ ആലപ്പുഴ ജില്ലയിലെ കരിനിലവികസനത്തിനായി 48 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നെല്‍കൃഷിയില്‍ റെക്കാര്‍ഡ് വിളവ് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് വേനല്‍മഴ കനത്ത ആഘാതമാണ് സമ്മാനിച്ചത്. കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി നഷ്ടപരിഹാരത്തിനുള്ള സത്വര നടപടികള്‍ കൈക്കൊണ്ടു. 50 ശതമാനംത്തിലേറെ കൃഷി നാശമുണ്ടായവര്‍ക്ക് ഹെക്ടറിന് 1000 രൂപ വരെ ധനസഹായം നല്‍കി. 25 കോടി രൂപ ദുരിതാശ്വാസ സഹായമായി ഗവണ്‍മെന്റ് അനുവദിച്ചു. കൊയ്യാതെ കിടന്ന് കിളിര്‍ത്ത നെല്ല് സപ്ളൈകോ വഴി കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതോടൊപ്പം കൂടുതല്‍ കൊയ്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനും നെല്ല് സംഭരിക്കുന്നതിനുമുള്ള ഫെയര്‍ ഹൌസുകള്‍ ഉണ്ടാക്കുന്നതിനും പദ്ധതി തയ്യാറാക്കി.
പച്ചക്കറിയുത്പാദനമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ചില കര്‍മപരിപാടികളും നയസമീപനങ്ങളും സംസഥാന കൃഷി വകുപ്പ് രൂപം കൊടുത്തുകഴിഞ്ഞു. ജൈവ പച്ചക്കറികൃഷി, തരിശ് ഭൂമിയിലെ പച്ചക്കറികൃഷി, തേനുത്പാദനം തുടങ്ങിയ അനുബന്ധ മേഖലകളും ഇതില്‍പ്പെടുന്നു. ജനപങ്കാളിത്തത്തോടെ 5000 ഹെക്ടറില്‍ പദ്ധതി നടപ്പിലാക്കി ഒരു ലക്ഷം ടണ്‍ പച്ചക്കറി അധികം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെല്ലാം പുറമെ 25 ലക്ഷം പച്ചക്കറി തൈകള്‍ സൌജന്യമായി വിതരണം ചെയ്യാനും വീട്ടമ്മമാരുടെ ടെറസ് കൃഷി, വിദ്യാലയങ്ങളില്‍ കൃഷി എന്നിവ വിപുലമാക്കാനും വരും വര്‍ഷ പദ്ധതി ലക്ഷ്യമിടുന്നു. കിസാന്‍ ശ്രീ അഞ്ചുലക്ഷം പേര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയും ആദ്യമായി നടപ്പിലാക്കുകയാണ്. നമ്മുടെ വൃക്ഷസമ്പത്ത് വിപുലപ്പെടുത്തുക, ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഫലശ്രീ. ഇതുവഴി അഞ്ചുലക്ഷം ഫലവൃക്ഷതൈകള്‍ നട്ടുപിപ്പിക്കും. തലസ്ഥാനത്തെ കര്‍ഷകര്‍ക്ക് താമസ സൌകര്യം ഒരുക്കുവാന്‍ ഉദ്ദേശിച്ച് നിര്‍മിക്കുന്ന കര്‍ഷക
ഭവനം വരുന്ന തിരുവോണനാളില്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 ശതമാനം സബ്സിഡിയോടെ 5800 ലക്ഷം രൂപ ചെലവുവരുന്ന പെരിഷബിള്‍ കാര്‍ഗോ കോംപ്ളക്സ് നിര്‍മാണത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ പുഷ്പഫല സസ്യങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണിയും കയറ്റുമതികേന്ദ്രവും ഇവിടെ തയ്യാറാകും. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനും ശാസ്ത്രീയ ജൈവകൃഷിക്കും 2380ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളകള്‍ പ്രോത്സാഹിപ്പിക്കാനായി 13.7 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പുഷ്പകൃഷിക്കും സംരക്ഷിതകൃഷിക്കും വേണ്ടി ഒരു വിപണന വിതരണ ശൃംഖല തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കാര്‍ഷിക സാങ്കേതികവിദ്യാ മാനേജ്മെന്റ് ഏജന്‍സി (എ.ടി.എം.എ)യുടെ പ്രവര്‍ത്തനത്തിലൂടെ ആധുനികവും കാലികവുമായ കൃഷി അറിവ് കര്‍ഷകരിലെത്തിക്കുന്നത് കാര്‍ഷികോത്പാദന പ്രക്രിയക്ക് കരുത്തേകി.
കേരളത്തിലെ കര്‍ഷകരില്‍ നിന്നുതന്നെ പരമാവധി ഉത്പന്നങ്ങള്‍ വാങ്ങി ന്യായവിലയ്ക്ക് ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുക എന്നതാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രഥമ പരിഗണന. ഇതിനായി പഞ്ചായത്ത് താലൂക്ക് ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍ വഴിയാണ് പച്ചക്കറി സംഭരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 110 ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ളത്. പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റം ഉണ്ടാകുന്ന വേളയില്‍ കോര്‍പ്പറേഷന്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. 2007-ല്‍ ഈ സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ കോര്‍പ്പറേഷന്‍ 10 മുതല്‍ 20 ശതമാനം വിലക്കുറച്ച് വില്‍പ്പനശാലകളിലൂടെ പച്ചക്കറികള്‍ വില്‍പ്പന നടത്തി. 276378 പച്ചക്കറികിറ്റുകള്‍ (15 രൂപയുടേത് 9 രൂപ നിരക്കില്‍) വിതരണം നടത്തുകയും ചെയ്തു.
പച്ചക്കറിക്കൊപ്പം തേനീച്ച വളര്‍ത്തല്‍ പ്രത്സാഹിപ്പിക്കുന്നതിനും ഹോര്‍ട്ട്കോര്‍പ്പ് ഊന്നല്‍ നല്‍കുകയാണ്. ഇതിനകം 40000 കര്‍ഷകര്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പകുതി വിലയ്ക്ക് ഉത്പാദനോപാദികള്‍ നല്‍കി. ഈ കര്‍ഷകരില്‍നിന്ന് 30000 ലിറ്റര്‍ തേന്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചു. 2008-09 വര്‍ഷത്തില്‍ ഓയില്‍ പാം ഇന്ത്യ 13.35 കോടി രൂപ പ്രവര്‍ത്തനലാഭം നേടി. ഏഴൂര്‍, ചാക്ക, കുളത്തൂപ്പുഴ തോട്ടങ്ങളിലുള്ള 3646 ഹെക്ടറിലെ എണ്ണപ്പനകൃഷിയ്ക്ക് പുറമെ ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളില്‍ 1200 ഹെക്ടറിലും എണ്ണപ്പന കൃഷി നടപ്പിലാക്കിയിട്ടുണ്ട്. എണ്ണപ്പന തൈകളുടെ ഉത്പാദനത്തിന് തൊടുപൂഴയില്‍ 35 ലക്ഷം രൂപ ചെലവിട്ട് വിത്തുത്പാദനകേന്ദ്രം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം കമ്പനി ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസും 7 ശതമാനം പ്രൊഡക്ഷന്‍ ഇന്‍സന്റീവും കമ്പനി നല്‍കി. കൂടാതെ 500 രൂപ ധനസഹായവും 500 രൂപ ഉപഹാരവും നല്‍കി. സ്മാള്‍ഫാര്‍മേഴ്സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം - കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യമാകും. ഊര്‍ജിത നെല്‍കൃഷി വികസനം, മണ്ണുസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, ഉപ്പുവെള്ള ഭീഷണി തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 55 കോടി രൂപയുടെ കര്‍മപരിപാടി കോര്‍പ്പറേഷന്‍ നടപ്പാക്കുന്നു. കാര്‍ഷികരംഗത്ത് ഏറെ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടായിട്ടുള്ളത് എന്നത് സര്‍ക്കാരിന് അഭിമാനകരമാണെന്നു മാത്രമല്ല കര്‍ഷകര്‍ക്കും ഗുണകരമായിട്ടുണ്ട്
No comments:
Post a Comment