Thursday, March 10, 2011

സമഗ്ര വികസനത്തിന്റെ അഞ്ച് വർഷങ്ങൾ


അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ്  അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ.എം.എസ്. മന്ത്രിസഭയാണ് ഇന്ത്യാരാജ്യത്ത് പുതിയൊരു വികസന മാതൃകയ്ക്ക് അടിത്തറ പാകിയത്. കൃഷിഭൂമി കൃഷിക്കാര്‍ക്ക്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, സൗജന്യ ആരോഗ്യപരിരക്ഷ, വികസനമെന്നാല്‍ മാനവവികസനം എന്ന അടിസ്ഥാനമുദ്രാവാക്യങ്ങളോടെയാണ് ആ ഗവണ്‍മെന്റ് മുന്നോട്ടു പോയത്.
ഒഴിപ്പിക്കല്‍ തടഞ്ഞതും ഭൂപരിഷ്‌ക്കരണനിയമം കൊണ്ടുവന്നതും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പരക്കെ ധര്‍മാശുപത്രികള്‍ ആരംഭിച്ചതുമെല്ലാം അതിന്റെ ഭാഗമാണ്. അതില്‍പ്പിന്നെ അധികാരത്തില്‍വന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ആദ്യഗവണ്‍മെന്റിന്റെ വികസന കാഴ്ചപ്പാടിലൂടെ മുന്നോട്ടു പോയി. സമ്പൂര്‍ണ്ണ സാക്ഷരതയും അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും കര്‍ഷകതൊഴിലാളി പെന്‍ഷനും ക്ഷേമനിധികളുമെല്ലാം അതിന്റെ ഭാഗമാണ്.
2006 മെയ് 18ന് അധികാരത്തില്‍വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് ഒന്നാം ഐക്യകേരള ഗവണ്‍മെന്റ് അടിത്തറയിട്ട ജനകീയവികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്.   അഞ്ച്‌ വര്‍ഷം മുമ്പ് 110-120 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുന്നൂറ് രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് കര്‍ഷകതൊഴിലാളി പെന്‍ഷനുള്‍പ്പെടെ ക്ഷേമപെന്‍ഷനുകള്‍ ഒന്നരക്കൊല്ലവും രണ്ട്‌കൊല്ലവുംവരെ കുടിശ്ശികയായിരുന്നു.
ആ കുടിശ്ശിക മുഴുവന്‍ ആദ്യമേതന്നെ കൊടുത്തുതീര്‍ത്തുവെന്നുമാത്രമല്ല, ഇപ്പോള്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. പത്ത് ലക്ഷംവരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ (ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്), രണ്ട് ലക്ഷംവരുന്ന ചെറുകിട തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പുതുതായി പെന്‍ഷന്‍ ഏര്‍പ്പെടുത്തി. രാജ്യത്താദ്യമായി കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും ഈ കാലയളവില്‍ കഴിഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞ കൃഷിക്കാര്‍ക്ക് പ്രതിമാസം മുന്നൂറ് രൂപ പെന്‍ഷന്‍ നല്‍കുന്നു. കേരളത്തിന്റെ പുരോഗതിക്ക് ഏറ്റവും വലിയ സംഭാവന ചെയ്യുന്നവരാണ് പ്രവാസി മലയാളികള്‍. പ്രവാസികള്‍ക്ക് വേണ്ടി രാജ്യത്താദ്യമായി ഒരു ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. മുപ്പത്‌ ലക്ഷത്തില്‍പ്പരം പ്രവാസി മലയാളികള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പ്രവാസി ക്ഷേമനിധി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പെന്‍ഷനും വിവാഹസഹായവും വിദ്യാഭ്യാസ സഹായവും ഉള്‍പ്പെടെ സമഗ്രമായ ക്ഷേമനിധിയാണ് പ്രാബല്യത്തിലായിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്ന ആരോഗ്യസുരക്ഷാ പദ്ധതിയെ  വാര്‍ഷിക പദ്ധതി സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ പ്ലാനിങ്ങ് കമ്മീഷന്‍ പ്രശംസിക്കുകയും മാതൃകാപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രണ്ട് ജില്ലയിലെ ബി.പി.എല്‍. പട്ടികയില്‍പ്പെട്ടവര്‍ക്ക് മാത്രമായി കേന്ദ്രം നിര്‍ദ്ദേശിച്ച പദ്ധതിയാണ് സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും പാവപ്പെട്ട കുടുംബങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്. കേന്ദ്രമാനദണ്ഡപ്രകാരം പത്ത്‌ലക്ഷത്തില്‍ ചില്ല്വാനം കുടുംബങ്ങള്‍ മാത്രമാണ് ബി.പി.എല്‍. ലിസ്റ്റില്‍ വരിക. എന്നാല്‍, അശാസ്‌ത്രീയമായ ആ മാനദണ്ഡമല്ല പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതല്‍ പരമ്പരാഗതമേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും ആശ്രയകുടുംബങ്ങളെയുമെല്ലാമുള്‍പ്പെടുത്തി മൊത്തം മുപ്പത്തഞ്ച് ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൗജന്യ ഇവര്‍ക്ക് നല്‍കുന്നു. മാത്രമല്ല, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേറെ എഴുപതിനായിരം രൂപയുടെകൂടി സൗജന്യം നല്‍കുകയാണ്. ബഹുജനാരോഗ്യരംഗത്ത് രാജ്യത്തിനാകെ മാതൃകയാണിതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്നു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സയും സൗജന്യമാക്കി. ചികിത്സക്ക് പണം കണ്ടെത്താനാകാത്തതാണ് സാധാരണക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. സംസ്ഥാനത്തെ എഴുപത് ലക്ഷംവരുന്ന കുടുംബങ്ങളില്‍ പകുതിയെയും അതായത് മുപ്പത്തഞ്ച് ലക്ഷം കുടുംബങ്ങളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആ പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരം കണ്ടിരിക്കുന്നു.
മൂന്നാം വാര്‍ഷികവേളയില്‍ നടപ്പാക്കിയ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷനരി രണ്ട് രൂപ നിരക്കില്‍ ലഭ്യമാക്കല്‍. 26 ലക്ഷം കുടുംബങ്ങള്‍ക്കാണിപ്പോള്‍ രണ്ട് രൂപ നിരക്കില്‍ റേഷനരിയും ഗോതമ്പും ലഭ്യമാക്കുന്നത്. ആ പദ്ധതി കുറേക്കൂടി വിപുലപ്പെടുത്തിക്കൊണ്ട് കര്‍ഷകതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ അമ്പത് ദിവസമെങ്കിലും ജോലി ചെയ്‌തവരുള്‍പ്പെട്ട കുടുംബം എന്നിവരെല്ലാമുള്‍പ്പെട്ട നാല്പതു ലക്ഷത്തോളം പേര്‍ക്കാണ് രണ്ട് രൂപ നിരക്കില്‍ അരി ലഭ്യമാക്കാന്‍ ഈ ഗവണ്മെന്റ് തീരുമാനമെടുത്തത്. ബി.പി.എല്‍. പട്ടികയില്‍പ്പെട്ടവര്‍ക്ക് പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യമാണ് രണ്ട് രൂപ നിരക്കില്‍ നല്‍കുക. മറ്റ് കുടുംബങ്ങള്‍ക്ക് 12 കിലോ വീതവും.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ കേരളം എല്ലാ മേഖലയിലും കടുത്ത തകര്‍ച്ചയിലായിരുന്നു. കാര്‍ഷികമേഖലയില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണം കര്‍ഷക ആത്മഹത്യ നിത്യസംഭവമായിരുന്നു. യു.ഡി.എഫിന്റെ അഞ്ച് വര്‍ഷ ഭരണകാലത്ത് ആയിരത്തഞ്ഞൂറോളം കൃഷിക്കാര്‍ കടക്കെണി കാരണം ആത്മഹത്യ ചെയ്തു. എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ സത്വരശ്രദ്ധ പതിപ്പിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും അതിന്റെ കാലപരിധി കഴിയുംമുമ്പ് കാര്‍ഷിക കടാശ്വാസനിയമം കൊണ്ടുവന്ന് കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ച്, കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടിയെടുത്തു. പലിശയിളവ് ചെയ്തു. നെല്‍കൃഷിക്ക് പലിശരഹിത വായ്പ നടപ്പാക്കി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നെല്ലിന്റെ സംഭരണവില കിലോവിന് 7 രൂപ മാത്രമായിരുന്നു. ഇത് ഘട്ടംഘട്ടമായി 12 രൂപയായി ഉയര്‍ത്തി. നെല്‍ ഉല്പാദന വര്‍ധനയ്ക്ക് ഈ നടപടി ഏറെ പ്രചോദനം നല്‍കി. ആത്മഹത്യചെയ്ത കൃഷിക്കാരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളി. അവരുടെ കുടുംബത്തിന് അരലക്ഷം രൂപാവീതം ധനസഹായം നല്‍കി.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദംചെലുത്തി വയനാട്, കാസർഗോഡ്, പാലക്കാട് ജില്ലകള്‍ക്ക് പ്രത്യേക പാക്കേജ് അംഗീകരിപ്പിച്ചു. ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ അനുവദിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തി. കാര്‍ഷികമേഖലയിലെ ആത്മഹത്യ ഇല്ലായ്‌മ ചെയ്യാന്‍ കഴിഞ്ഞു. പൂട്ടിയിട്ടിരുന്ന തോട്ടങ്ങള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കി. യു.ഡി.എഫ്. ഭരണകാലത്ത് കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായി പരിണമിച്ചിരുന്നു. എന്നാല്‍ വിവിധ നടപടികള്‍ സ്വീകരിച്ച് വ്യവസായ വളര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ ഈ കാലയളവില്‍ സാധ്യമായി. പൂട്ടിയിട്ടിരുന്ന വ്യവസായശാലകള്‍ തുറന്നു. നഷ്‌ടത്തിലായിരുന്ന വ്യവസായങ്ങള്‍ പുനഃസംഘടിപ്പിച്ചു. നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭത്തിലാക്കി. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് നിരവധി സംയുക്ത സംരംഭങ്ങള്‍ തുടങ്ങി.
കാര്‍ഷിക-വ്യവസായിക മേഖലകളിലെ ഉല്പാദനം വര്‍ധിപ്പിക്കാതെ കേരളത്തിന് മുന്നോട്ടു പോകാനാവില്ല. അതുകൊണ്ട് ഈ രണ്ട് മേഖലയിലെയും മുരടിപ്പ് മാറ്റാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. വയല്‍ നികത്തല്‍ തടയുന്നതിനായി നിയമം കൊണ്ടുവന്നു. നമുക്കാവശ്യമായതിന്റെ അഞ്ചിലൊന്ന് അരി മാത്രമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. പച്ചക്കറിക്കും മുട്ടക്കുമെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഈ പ്രശ്‌നത്തിന് ഒരളവോളമെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കാര്‍ഷികോല്പാദന വര്‍ധനക്കായി സമഗ്രമായ പദ്ധതി ആവിഷ്‌ക്കരിച്ചു. അതിന്റെ ഭാഗമായി അറുപതിനായിരത്തില്‍പ്പരം ഏക്കര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി ആരംഭിച്ചു. നെല്ലുല്പാദനത്തില്‍ അമ്പത് ശതമാനത്തിന്റെയെങ്കിലും വര്‍ധനയുണ്ടാക്കുക, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോവുകയാണ്. കാര്‍ഷികരംഗത്ത് നവോന്മേഷം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമാണ്.
ഐടി, ടൂറിസം മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലും ഈ രണ്ട് മേഖലയിലും നല്ല മുന്നേറ്റമുണ്ടായി. ഐടി അടിസ്ഥാന സൗകര്യം നാല് മടങ്ങായി വര്‍ധിച്ചു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു. ടെക്‌നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പുറമെ കോഴിക്കോട് കേന്ദ്രീകരിച്ച് സൈബര്‍പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടിയെടുത്തു. സൈബര്‍ പാര്‍ക്കിന്റെ കീഴില്‍ കോഴിക്കോട്ടും കണ്ണൂരിലും (എരമം) കാസർഗോഡും (ചീമേനി) ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുന്നു.  ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും ചേര്‍ത്തലയിലും തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ഐടി പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗ്രാമപ്രദേശങ്ങളിലേക്കും ഐടി സംരംഭങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെക്‌നോലോഡ്‌ജ് പദ്ധതിക്കും തുടക്കം കുറിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ടെക്നോപാര്‍ക്ക് ക്യാമ്പസ് തുറന്നു.
2006 മെയ് മാസം കേവലം 242 ഏക്കര്‍ മാത്രമുണ്ടായിരുന്ന ടെക്‌നോപാര്‍ക്ക് ഇപ്പോള്‍ 837 ഏക്കറിലേക്ക് വളരുകയാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. 1991ല്‍ തുടക്കംകുറിച്ച ടെക്‌നോപാര്‍ക്ക് ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. എല്ലാവരും വികസനം വികസനം എന്നു പറഞ്ഞുകൊണ്ടിരുന്നതല്ലാതെ ഒന്നും ചെയ്തില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ നാം ഇതിനോട് 580 ഏക്കര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ്, ടെക്‌നോപാര്‍ക്കിന്റെ ആദ്യ പതിനഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പതിമൂന്നര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണുണ്ടാക്കാനായതെങ്കില്‍ ഇപ്പോളവിടെ 45 ലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. 12 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നൂറോളം പുതിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫോപാര്‍ക്ക് വില്‍ക്കാന്‍ കരാറായതാണ്. ഇന്‍ഫോപാര്‍ക്ക് എന്ന പേരുപോലും ഒരു സ്വകാര്യകമ്പനിക്ക് അടിയറവെക്കാനാണ് തുനിഞ്ഞത്. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് നിലനിര്‍ത്തി എന്നുമാത്രമല്ല, പുതുതായി 163 ഏക്കര്‍ സ്ഥലംകൂടി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ത്ത് വിപുലപ്പെടുത്തുകയാണ്. 2006 മെയ്‌മാസത്തില്‍ കേവലം 5.35 ലക്ഷം ചതുരശ്രഅടി കെട്ടിടം മാത്രമുണ്ടായിരുന്ന ഇന്‍ഫോപാര്‍ക്കില്‍ ഇന്ന് 25 ലക്ഷം നിര്‍മ്മിത കെട്ടിടങ്ങളുണ്ട്. ഇതിനു പുറമെ മറ്റൊരു 22 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2006ലെ 31 കമ്പനികളുടെ സ്ഥാനത്ത് ഇന്ന് 63 കമ്പനികള്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. ദുബായ് ഇന്‍ഫോപാര്‍ക്കുമായുണ്ടായിരുന്ന കരാര്‍ പ്രശ്‌നങ്ങളെല്ലാമവസാനിപ്പിച്ച് സംസ്ഥാന താല്‍‌പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായി. കൊച്ചിയുടെ വികസന ഭൂപടം തന്നെ മാറ്റി മറിച്ചുകൊണ്ട് പത്തു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ തന്നെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കും.
നമ്മുടെ ഐ.ടി. കയറ്റുമതി 2006 ലെ 680 കോടിയില്‍നിന്ന് അഞ്ചു വര്‍ഷംകൊണ്ട് വര്‍ധിച്ച് 3500 കോടിയിലെത്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നാല് മടങ്ങായി വര്‍ധിച്ചു. ഐടി പാര്‍ക്കുകള്‍ രണ്ടില്‍നിന്ന് പത്തായി വര്‍ധിച്ചു. ഇതിനെല്ലാം ഭൂമി അനുവദിച്ചു, സെസ് പദവി ലഭിച്ചു, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. പണി ടെണ്ടര്‍ ചെയ്‌തു, ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം രണ്ടു മടങ്ങായി. തൊഴിലാളികളുടെ എണ്ണം മൂന്നു മടങ്ങായി. ഐടി കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച നേടി. ഇത് ദേശീയതലത്തിലേതിന്റെ മൂന്നിരട്ടിയാണ്. സംസ്ഥാന ഐടി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി രൂപീകരിച്ചു. സര്‍ക്കാര്‍ നേരിട്ട് 2000 കോടി രൂപ മുതല്‍ മുടക്കുന്നു. സ്വകാര്യമേഖല ഉള്‍പ്പെടെ ഐടി മേഖലയില്‍ 10,000 കോടി രൂപയുടെ മുതല്‍മുടക്കാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടലും സമ്മര്‍ദ്ദവും നടത്താനും അതില്‍ മുമ്പത്തേക്കാളും അനുകൂലനടപടികളുണ്ടാക്കാനും കഴിഞ്ഞതും ഈ കാലയളവിലാണ്. കേന്ദ്രപദ്ധതികള്‍ക്ക്‌വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്‌തതുകൊണ്ടാണ് കേന്ദ്രപദ്ധതികള്‍ പലതും നമുക്ക് ലഭിച്ചത്. കേന്ദ്രസര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജൂക്കേഷന്‍ & റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി എന്നിവ നേടിയെടുക്കാന്‍ കഴിഞ്ഞു. അതിനെല്ലാം ആവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ ശക്തമായ സമര്‍ദ്ദത്തെ തുടര്‍ന്ന് പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുകയാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്  നിരന്തരശ്രമം നടത്തിവരികയാണ്. അതിന്റെ ഫലമായി പദ്ധതിക്ക് കേന്ദ്രഗവണ്‍മെന്റിന്റെ അനുകൂല നിലപാടുണ്ടാക്കാന്‍ കഴിഞ്ഞു.
എന്നാല്‍ കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമായി മെട്രോ പദ്ധതി നടപ്പാക്കണമെന്ന നമ്മുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. ഏതായാലും മെട്രോ പദ്ധതിയുടെ നിര്‍മാണ നടപടികള്‍ക്ക് ഈ വര്‍ഷംതന്നെ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ടുപോവുകയാണ്. അതുമായി ബന്ധപ്പെട്ട് റോഡ് വീതികൂട്ടല്‍, മേല്‍പ്പാലം നിര്‍മാണം എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ദക്ഷിണേന്ത്യയുടെ വികസനത്തില്‍ത്തന്നെ വലിയ ചുവടുവെപ്പായ വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അനിശ്ചിതത്വത്തിലായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം പരിസ്ഥിതി അനുമതി ഉള്‍പ്പെടെ നേടിയെടുക്കുകയും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചും, രാജ്യത്തിനാകെ മാതൃകയായ പുനരധിവാസ പാക്കേജ് നടപ്പാക്കി സ്ഥലം ഏറ്റെടുത്ത് നല്‍കിയും വല്ലാര്‍പാടം പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി ത്വരിതഗതിയില്‍ കമ്മീഷന്‍ ചെയ്തു.
 സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാകുന്ന എല്‍.എന്‍.ജി. ടെര്‍മിനല്‍ പദ്ധതി ത്വരിതപ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നമ്മുടെ താല്പര്യം സംരക്ഷിക്കാന്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. അണക്കെട്ട് ദുര്‍ബലമായിരിക്കുന്നു, അതിനാല്‍ ജലനിരപ്പ് വര്‍ധിപ്പിക്കരുത് എന്ന നമ്മുടെ വാദം അംഗീകരിക്കപ്പെടുകയാണ്.
പുതിയ അണക്കെട്ട് പണിയണമെന്ന തീരുമാനമെടുത്ത് സര്‍വേ നടപടികളുമായി മുന്നോട്ടു പോവുകയാണ് നാം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നമ്മുടെ നിലപാട് ഏറെക്കുറെ ശരിവെക്കുകയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ചംഗ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമാണ്. ജലനിരപ്പ് വര്‍ധിപ്പിക്കണമെന്ന മുന്‍തീര്‍പ്പില്‍ നിന്ന് മാറിയെന്നത് ശ്രദ്ധേയമാണ്. ഗവണ്‍മെന്റിന്റെ അതീവ ജാഗ്രതയോടുള്ള ശ്രമംകൊണ്ടാണ് നമ്മുടെ ഭാഗം ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത്.
പാവപ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുക, എല്ലാ കുടുംബത്തിനും വെള്ളവും വെളിച്ചവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതി ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവനപദ്ധതിയും എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതിയും രാജ്യത്തിനാകെ മാതൃകയാവുകയാണ്. അഞ്ച് ലക്ഷത്തില്‍പ്പരം വരുന്ന ഭവനരഹിത കുടുംബങ്ങള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനകം വീട് ലഭ്യമാക്കുന്നതാണ് പദ്ധതി. വീട് വെക്കാന്‍ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നു. രണ്ട് പദ്ധതിയുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുടുംബത്തിനും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.
ഭൂരഹിതര്‍ക്ക് ഭൂമിലഭ്യമാക്കുന്നതില്‍ വമ്പിച്ച മുന്നേറ്റമാണ് ഈ കാലയളവിലുണ്ടായത്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി. ഒരുലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് പട്ടയമോ കൈവശാവകാശരേഖയോ നല്‍കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കുന്ന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി  വീണ്ടെടുക്കുന്നതില്‍ ഐതിഹാസികമായ മുന്നേറ്റമാണ് ഈ കാലയളവില്‍ ഉണ്ടായത്. മൂന്നാറില്‍മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി വീണ്ടെടുത്തു. അന്യാധീനപ്പെട്ട ഭൂമിയില്‍നിന്നും കയ്യേറ്റക്കാരെ ഒഴിപ്പിച്ച് കഴിയാവുന്നത്ര ഭൂമി ഭൂരഹിതര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോവുകയാണ്.
എല്ലാ ഗ്രാമത്തിലും മാത്രമല്ല, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്. അതിന്റെ മുന്നോടിയായി പാലക്കാട് ജില്ലയെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.  
കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി രാജ്യമെങ്ങും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. തികച്ചും ഉപഭോക്‌തൃസംസ്ഥാനമായിട്ടും കേരളത്തില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത കുറക്കാന്‍ കഴിഞ്ഞു. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേയും അപേക്ഷിച്ച് വിലക്കയറ്റത്തിന്റെ തോത് കുറവാണ് കേരളത്തില്‍. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഉദാരമായ സബ്‌സിഡി നല്‍കി വിപണി ഇടപെടല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ് വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. വിലക്കയറ്റം തടയാന്‍ സപ്ലൈകോവും കണ്‍സ്യൂമര്‍ഫെഡും അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സബ്‌സിഡികള്‍ നല്‍കിയും പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയും വിലക്കയറ്റം തടയാന്‍ സംസ്ഥാന ഗവണ്‍മെന്റ് പരിശ്രമിക്കുമ്പോള്‍ നേരെമറിച്ചുള്ള സമീപനമാണ് കേന്ദ്രത്തിന്റേത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇടുക്കി, കുട്ടനാട്, കാര്‍ഷിക പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. രണ്ട് പാക്കേജുകളും നടപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് സത്വരനടപടികള്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്‌തു. എന്നാല്‍ രണ്ട് പാക്കേജും നടപ്പാക്കുന്നതിനാവശ്യമായ കേന്ദ്ര ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അലംഭാവമുണ്ടായി. ചട്ടങ്ങള്‍ സംബന്ധിച്ച സങ്കീര്‍ണതകള്‍ വേറെയും. സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്‌തു. പാക്കേജില്‍ നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട പണം നല്‍കി. പാക്കേജില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ത്വരിതഗതിയില്‍ മുന്നോട്ടു പോകുന്നു.
ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് പിന്നിടുന്നത്.

No comments:

Post a Comment