Saturday, March 12, 2011

ഐസ്ക്രീം: ഛർദ്ദിച്ചതെല്ലാം വിഴുങ്ങുന്ന വീരന്‍


കല്‍പറ്റ: ഐസ്‌ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വീകരിച്ച നിലപാട് മാറ്റിയതിന്റെ കാരണം വ്യക്തമാക്കാന്‍ രാഷ്ട്രീയ നേതാവ് എന്നതിനെക്കാള്‍ സാംസ്‌ക്കാരിക നായകനായി അറിയപ്പെടുന്ന എം പി വീരേന്ദ്രകുമാര്‍ തയാറാകണമെന്ന് പി കൃഷ്ണപ്രസാദ് എം എല്‍ എ ആവശ്യപ്പെട്ടു.
2004ല്‍ ഐസ്‌ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടയാളാണ് വീരേന്ദ്രകുമാർ‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  വീരേന്ദ്രകുമാര്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയ കാഴ്ചയാണ്. നാല് സീറ്റ് ലഭിക്കാന്‍ ഇത്രത്തോളം അധഃപതിക്കണോ എന്ന് വീരേന്ദ്രകുമാര്‍ ചിന്തിക്കണം.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കോഴ വാങ്ങിയാണ് കോടതിയില്‍ കേസ്സ് തള്ളിയതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച റൗഫിനെതിരെ ഹൈക്കോടതി ജഡ്ജിമാരായ നാരായണക്കുറുപ്പും തങ്കപ്പനും ഇതേവരെ നിയമനടപടി സ്വീകരിച്ചിട്ടില്ല എന്നത് ആരോപണം ശരിയാണെന്നതിന്റെ തെളിവായാണ് പൊതുജനങ്ങള്‍ കാണുന്നത്. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന വീരേന്ദ്രകുമാര്‍ പൊതുസമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കണം.
രാഷ്ട്രീയ കാരണങ്ങളാല്‍ എല്‍ ഡി എഫ് വിട്ടു  എന്നവകാശപ്പെടുന്ന വീരേന്ദ്രകുമാര്‍ പെണ്‍വാണിഭക്കാരുടെയും ബാലകൃഷ്ണപിള്ളയെ പോലുള്ള അഴിമതിക്കാരുടെയും സംരക്ഷകനായി കേരളമാകെ നിറഞ്ഞാടുന്നത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിപ്പിക്കുകയാണ്. തന്റെ നിലപാട് മാറ്റത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സാധ്യമല്ലെങ്കില്‍ സംസ്‌കാരത്തെയും ധാര്‍മികതയെയും സംബന്ധിച്ച  ഗിരിപ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഔചിത്യമെങ്കിലും അദ്ദേഹം കാട്ടണം-കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.
വാർത്ത : ജനയുഗം ഓൺലൈൻ

No comments:

Post a Comment